കൈക്കുടന്ന നിറയെ പാട്ടിന്‍െറ ചെമ്പരത്തിപ്പൂക്കള്‍

കോഴിക്കോട്: പലവട്ടം മൂളിനടക്കാൻ കൊതിക്കുന്നൊരു പാട്ടായിട്ടും സിനിമക്കുവേണ്ടി ചിട്ടപ്പെടുത്തിയതായിട്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാതെ പോയി ആ പാട്ട്. എഫ്.എം റേഡിയോകൾ തലയും വാലും മുറിച്ച് രാവിരുളുകളിൽ കാതോരം പെയ്യുമ്പോഴും കേൾവിക്കാ൪ വിസ്മയിച്ചിട്ടുണ്ട് ആരാണിത് ചിട്ടപ്പെടുത്തിയതെന്ന്...? ആരാണ് വരികൾ മെനഞ്ഞതെന്ന്..? അതായിരുന്നു ‘ആമ്പല്ലൂരമ്പലത്തിൽ ആറാട്ട്, ആതിരപ്പൊന്നൂഞ്ഞാലുണ൪ത്തുപാട്ട്....’ എന്ന ‘മായാമയൂര’ത്തിൽ യേശുദാസ് പാടിയ പാട്ടിൻെറ വിധി. ആ പാട്ടൊരുക്കിയ രണ്ടുപേരും ഇന്ന് ഓ൪മയായിരിക്കുന്നു. ഗാനം രചിച്ച ഗിരീഷ് പുത്തഞ്ചേരി നേരത്തേ പോയി. മലയാളിത്തം തുളുമ്പിനിന്ന ഈണത്തിലൂടെ ആ പാട്ടിനെ അനശ്വരമാക്കിയ സംഗീത സംവിധായകൻ കെ. രഘുകുമാ൪ വ്യാഴാഴ്ച പുല൪ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യനിദ്രയിലായി.
കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി കുടുംബത്തിൽ ജനിച്ച രഘുകുമാ൪ പാരമ്പര്യമനുസരിച്ച് ബിസിനസുകാരൻ ആകേണ്ടതായിരുന്നു. പക്ഷേ, നിയോഗം പാട്ടിൻെറ വഴിയായി.
ആറാം വയസ്സിൽ തബലയിൽ മനസ്സുടക്കി. ദാസൻ മാസ്റ്റ൪ അങ്ങനെ ആദ്യ ഗുരുവായി. ആകാശവാണിയിലെ സുബ്രഹ്മണ്യനെ പിന്നീട് ഗുരുവായി സ്വീകരിച്ചു. കെ.ആ൪. ബാലകൃഷ്ണനിൽനിന്ന് ലളിത സംഗീതവും വിൻസൻറിൽനിന്ന് സിത്താറും പഠിച്ചു. കോഴിക്കോട് ആ൪.ഇ.സിയിൽ നടന്ന ഗായകൻ ജയചന്ദ്രൻെറ ഗാനമേളയിൽ തബലിസ്റ്റായി അരങ്ങേറ്റവും കുറിച്ചു. സംഗീത സംവിധായക൪ക്ക് ആ൪ട്ടിസ്റ്റുകളെ ഏ൪പ്പാടാക്കിക്കൊടുക്കുന്ന അറേഞ്ചറായിരുന്നു എ.ആ൪. റഹ്മാൻെറ പിതാവായ ആ൪.കെ. ശേഖ൪. ഒരു ബന്ധുവിൻെറ സഹായത്താൽ ശേഖറിനെ പരിചയപ്പെട്ടതാണ് രഘുകുമാറിൻെറ ജീവിതം വഴിതിരിച്ചുവിട്ടത്. അങ്ങനെ ‘കണ്ണേ പാപ്പാ’ എന്ന കന്നഡ ചിത്രത്തിൻെറ സംഗീതത്തിന് തബലിസ്റ്റായി. ദക്ഷിണാമൂ൪ത്തിയുടെയും ദേവരാജൻെറയും പിന്നണി സംഘത്തിൽ രഘുകുമാറും അണിനിരന്നു.
ദക്ഷിണാമൂ൪ത്തിക്കൊപ്പമാണ് ഏറ്റവും കൂടുതൽ പ്രവ൪ത്തിച്ചത്. ‘മനോഹരീ നിൻ മനോരഥത്തിൽ...’, ‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ...’ തുടങ്ങിയ ഗാനങ്ങൾക്ക് തബല വായിച്ചത് രഘുകുമാ൪ ആയിരുന്നു. 1981ൽ റിലീസായ ‘വിഷം’ എന്ന ചിത്രത്തിലെ പാട്ടുകൾ ശ്രദ്ധേയമായി.
1977ൽ ‘ശംഖുപുഷ്പം’ എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറ൪ സിനിമയായ ‘ലിസ’യുടെ നി൪മാതാവും രഘുകുമാ൪ ആയിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ച ആന്ധ്രക്കാരി ഭവാനി പിന്നീട് രഘുകുമാറിൻെറ ജീവിത പങ്കാളിയായി. അനുപല്ലവി, ശക്തി, ധീര, പപ്പു എന്നീ ചിത്രങ്ങളും അദ്ദേഹം നി൪മിച്ചു. പ്രിയദ൪ശൻെറ ആദ്യകാല സൂപ്പ൪ഹിറ്റ് ഗാനങ്ങളുടെ സംവിധായകനാവാനുള്ള അവസരവും  രഘുകുമാറിനുണ്ടായി. ‘താളവട്ടം’ എന്ന സിനിമയിലെ ‘കളഭം ചാ൪ത്തും കനകക്കുന്നിൽ...’ ‘പൊൻവീണേ...’, ‘മൈ ഡിയ൪ റോങ് നമ്പറി’ലെ ‘നീയെൻ കിനാവോ, പൂവോ നിലാവോ..’ ‘ആര്യൻ’ എന്ന ചിത്രത്തിലെ ‘പൊൻമുരളിയൂതും കാറ്റിൽ...’ തുടങ്ങിയവ ഈ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകളായിരുന്നു.
‘ശ്യാമ’ എന്ന ചിത്രത്തിന് ഷിബു ചക്രവ൪ത്തിയുടെ വരികളിൽ ചിട്ടപ്പെടുത്തിയ ‘പൂങ്കാറ്റേ.. പോയി ചൊല്ലാമോ..’, ‘ചെമ്പരത്തി പൂവേ ചൊല്ലൂ..’ എന്നീ ഗാനങ്ങൾ മലയാളി മനസ്സിൽ അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. 2011 ൽ അനിൽ സി. മേനോൻ സംവിധാനം ചെയ്ത ‘കളക്ട൪’ ആണ് അവസാനമായി സംഗീതം ചെയ്ത ചിത്രം.
ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിൻെറ സഹായത്തിന് കോഴിക്കോട്ട് സംഘടിപ്പിച്ച സംഗീത പരിപാടിയിൽ പാട്ട് അവതരിപ്പിച്ചതാണ് രഘുകുമാ൪ പങ്കെടുത്ത ഒടുവിലത്തെ പൊതുപരിപാടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.