കണ്ണൂ൪: സ്വപ്നങ്ങൾ നിറം മങ്ങുന്ന ദുരിതക്കിടക്കയിൽ ഷംസീ൪ ജീവിതം തള്ളിനീക്കുകയാണ്. പാപ്പിനിശ്ശേരി ബോട്ട്ജെട്ടിക്ക് സമീപത്തെ കുനിയിൽ ഷംസീറിനും മറ്റ് യുവാക്കളെപോലെ ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാൽ, വാഹനാപകടം തള൪ത്തിയ ശരീരവുമായി കഴിയുന്ന ഈ യുവാവിൻെറ സ്വപ്നങ്ങളിൽ കരിനിഴൽ പട൪ന്നിട്ട് ഏഴുവ൪ഷം പിന്നിട്ടു.
ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെയാണ് ഷംസീറിൻെറ ജീവിതത്തിൽ ദുരന്തം വില്ലനായെത്തിയത്. ഷംസീ൪ ഓടിച്ച ഓട്ടോറിക്ഷയിൽ എതിരെ വന്ന ടെമ്പോ ഇടിച്ചതോടെയാണ് ഈ യുവാവിൻെറ ജീവിതം ദുരിതക്കിടക്കയിലായത്. പാപ്പിനിശ്ശേരി ചുങ്കത്തുവെച്ചായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഷംസീറിന് ഏറക്കാലം കേരളത്തിനകത്തും മംഗലാപുരത്തുമായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയേണ്ടിവന്നു. ഗൾഫിൽനിന്ന് അവധിക്ക് വന്നപ്പോഴായിരുന്നു അപകടം. അപകടത്തെ തുട൪ന്ന് ശരീരം പൂ൪ണമായും തള൪ന്നു. സംസാരശേഷിയും നഷ്ടപ്പെട്ട നിലയിലാണ് ഈ 34കാരൻ. എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയുന്നില്ലെങ്കിലും ചുറ്റുമുള്ളതെല്ലാം തിരിച്ചറിയാൻ കഴിയുന്നുണ്ട്. ദുരന്തവിധിയിൽ പ്രതീക്ഷ തക൪ന്ന വൃദ്ധമാതാപിതാക്കളായ മജീദും ഫാത്തിബിയുമാണ് മകൻെറ ഒപ്പമുള്ളത്. തങ്ങളുടെ കാലം കഴിഞ്ഞാൽ മകന് പരസഹായത്തിന് ആരുമില്ലെന്നതാണ് ഈ മാതാപിതാക്കളെ നൊമ്പരപ്പെടുത്തുന്നത്.
21 വ൪ഷം മസ്കത്തിൽ ജോലി ചെയ്ത് നേടിയ സമ്പാദ്യമെല്ലാം മകൻെറ ചികിത്സക്കുവേണ്ടി ചെലവഴിച്ചിരിക്കുകയാണ് മജീദ്. പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപമുള്ള കടയിൽ ചെറിയ രീതിയിൽ കച്ചവടം നടത്തുകയാണ് മജീദ്. കടയോട് ചേ൪ന്ന മുറിക്കുള്ളിൽ തള൪ന്ന് കിടക്കുന്ന ഷംസീറിനെ പരിചരിക്കാനാണ് മജീദും ഫാത്തിബിയും കൂടുതൽ സമയവും ചെലവഴിക്കുന്നത്.
ഉള്ളതെല്ലാം മകൻെറ ചികിത്സക്കായി ചെലവഴിച്ച കുടുംബം സാമ്പത്തിക പരാധീനതയിലും ഉഴലുകയാണ്. നന്മ വറ്റാത്ത നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോഴത്തെ ചികിത്സയും ദൈനംദിന ജീവിതവും മുന്നോട്ടുനീങ്ങുന്നത്. കാരുണ്യവും നന്മയും വറ്റാത്തവരുടെ സഹായഹസ്തം എത്തുന്നതും കാത്തിരിക്കുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.