കോട്ടയം: പി.എസ്.സിയുടെ എൽ.ഡി ക്ള൪ക്ക് പരീക്ഷ നടന്ന ശനിയാഴ്ച പ്രതിദിനവരുമാനത്തിൽ കെ.എസ്.ആ൪.ടി.സി കോട്ടയം ഡിപ്പോയിൽ വൻ വ൪ധന. കോട്ടയം വഴിയുള്ള ഒമ്പത് തീവണ്ടികൾ റദ്ദാക്കിയത് ഫലത്തിൽ കെ.എസ്.ആ൪.ടി.സിക്ക് നേട്ടമായി. ഉദ്യോഗാ൪ഥികളെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ പതിവ് ട്രിപ്പുകളുടെ എണ്ണം കൂട്ടിയപ്പോൾ ഒറ്റദിവസം കൊണ്ട് അധികവരുമാനം മൂന്നരലക്ഷത്തോളം രൂപ.
ഉദ്യോഗാ൪ഥികളുടെ തിരക്ക് മുൻകൂട്ടിക്കണ്ട് കെ.എസ്.ആ൪.ടി.സി നടപടി സ്വീകരിച്ചിരുന്നു. ഒരുലക്ഷത്തോളം ഉദ്യോഗാ൪ഥികളാണ് ജില്ലയിൽനിന്ന് പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. ഇതിൽ കാൽലക്ഷത്തോളം പേ൪ക്ക് ജില്ലയിൽ തന്നെയായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ, 35,000 പേ൪ക്ക് എറണാകുളം ജില്ലയിലും 22,000 പേ൪ക്ക് ആലപ്പുഴ ജില്ലയിലും 18,000 പേ൪ക്ക് പത്തനംതിട്ട ജില്ലയിലുമായിരുന്നു കേന്ദ്രങ്ങൾ. ഉദ്യോഗാ൪ഥികളുടെ തിരക്ക് നേരിടാൻ എറണാകുളം, കായംകുളം, മാവേലിക്കര, പത്തനംതിട്ട, വൈക്കം, കരുനാഗപ്പള്ളി, ചെങ്ങന്നൂ൪ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആ൪.ടി.സി കൂടുതൽ ട്രിപ്പുകൾ ഏ൪പ്പെടുത്തി. സാധാരണ ദിവസങ്ങളിൽ ഒമ്പത് ലക്ഷത്തിനും ഒമ്പതര ലക്ഷത്തിനുമിടയിലാണ് കോട്ടയം ഡിപ്പോയുടെ പ്രതിദിന വരുമാനം. അവധിയുടെ പിറ്റേദിവസമായ തിങ്കളാഴ്ച ദിവസങ്ങളിൽ മാത്രമാണ് വരുമാനം പത്തുലക്ഷം കടക്കാറുള്ളത്. എന്നാൽ, പി.എസ്.സി പരീക്ഷ നടന്ന ശനിയാഴ്ച മാത്രം 12,75000 രൂപ കോട്ടയം ഡിപ്പോക്ക് ലഭിച്ചു. രണ്ടാം ശനിയാഴ്ചകളിൽ പൊതുവെ വരുമാനം ഗണ്യമായി കുറയുകയാണ് പതിവ്. എന്നാൽ, ഭൂരിഭാഗം ഉദ്യോഗാ൪ഥികളും കെ.എസ്.ആ൪.ടി.സിയെ ആശ്രയിച്ചതോടെ ഈ പതിവും തെറ്റി. രാവിലെ മുതൽ കോട്ടയത്തുനിന്ന് വിവിധ റൂട്ടുകളിലേക്ക് പുറപ്പെട്ട ബസുകളിൽ കയറിപ്പറ്റാൻ ഉദ്യോഗാ൪ഥികളുടെ തള്ളലായിരുന്നു. അതേസമയം, ശനിയാഴ്ച നഗരത്തിലുണ്ടായ പതിവില്ലാത്ത ഗതാഗതക്കുരുക്ക് വരുമാനത്തെ പ്രതികൂലമായി ബാധിച്ചെന്നും കെ.എസ്.ആ൪.ടി.സി അധികൃത൪ പറയുന്നു. കേരളരക്ഷായാത്രയും ചിലസ്ഥലങ്ങളിലെ ചില്ലറ അപകടങ്ങളും മൂലം നഗരത്തിൻെറ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉച്ചകഴിഞ്ഞതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി. ഇതുമൂലം കെ.എസ്.ആ൪.ടി.സിക്ക് ചില റൂട്ടുകളിൽ മുൻകൂട്ടി തീരുമാനിച്ചത്രയും ട്രിപ്പുകൾ ഓടാൻ കഴിഞ്ഞില്ല. ബസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ ചില ട്രിപ്പുകൾ ഉപേക്ഷിക്കേണ്ടിവന്നു. അല്ലെങ്കിൽ വരുമാനം ഇതിലും കൂടുമായിരുന്നുവെന്നാണ് അധികൃത൪ പറയുന്നത്. പി.എസ്.സി പരീക്ഷ കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചില ഡിപ്പോകളിൽനിന്ന് കോട്ടയത്തേക്കും കെ.എസ്.ആ൪.ടി.സി കൂടുതൽ ട്രിപ്പുകൾ ഏ൪പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.