ജലചൂഷണം പരിശോധിക്കാനെത്തിയവരെ പൂട്ടിയിട്ടു

തിരുവല്ല: ഫ്ളാറ്റ് നി൪മാണത്തിൻെറ മറവിൽ ജലചൂഷണം നടക്കുന്നത് പരിശോധിക്കാനെത്തിയ പിഞ്ചുകുട്ടികളെയടക്കം പൂട്ടിയിട്ടു.  മൂന്നുമണിക്കൂറിന് ശേഷം പൊലീസ് എത്തി മോചിപ്പിച്ചപ്പോൾ നാട്ടുകാ൪ സംഭവസ്ഥലത്ത് തടിച്ചുകൂടിയതിനെ തുട൪ന്ന് സംഘ൪ഷാവസ്ഥയായി. ജീവനക്കാരെ സ്ഥലത്തുനിന്ന് മാറ്റി പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
തിരുമൂലപുരത്തെ പഴയ ഗോതമ്പ്ഫാക്ടറി വളപ്പിൽ പുതുതായി നി൪മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന് വേണ്ടി മണ്ണെടുത്ത് മാറ്റിയതിനെ തുട൪ന്ന് സമീപ പ്രദേശത്തെ കിണറുകളിൽ രണ്ടുദിവസം കൊണ്ട് ജലം തീരെയില്ലാതായി. ഫ്ളാറ്റ് നി൪മാണത്തിന് ഇവിടെ കുഴൽ ക്കിണ൪ നി൪മിച്ചതാണ് ജലക്ഷാമത്തിന് കാരണമെന്ന് അഭ്യൂഹവും പരന്നു.
ഇതേപ്പറ്റി അന്വേഷിക്കുന്നതിന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് സമീപവാസികളായ വാര്യന്തറ ശാന്ത, രമേശ്, ഭാര്യ നിഷ, രണ്ടുപിഞ്ചുകുട്ടികൾ, ജയ പ്രസന്നൻ, മന്നത്ത് സുരേഷ്, അ൪ജുൻ എന്നിവ൪ നി൪മാണം നടക്കുന്ന സ്ഥലത്തെത്തി. കുഴൽക്കിണറിനെപ്പറ്റി ചോദിച്ചു കൊണ്ടുനിൽക്കുന്നതിനിടെ വളപ്പിൻെറ ഗേറ്റ് അവിടെയുണ്ടായിരുന്ന ജീവനക്കാ൪ പൂട്ടുകയായിരുന്നെന്ന് പറയുന്നു.
മൂന്നുമണിക്കൂറിന് ശേഷമാണ് ഇവരെ പൂട്ടിയിട്ട വിവരം പുറംലോകം അറിഞ്ഞതത്രേ. തുട൪ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്. മാനസിക പിരിമുറുക്കവും ഭയവും കാരണം അവശനിലയിലായ നിഷ, ജയ എന്നിവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.