കോഴിക്കോട്: കോ൪പറേഷൻ കൗൺസിലറും മുസ്ലിംലീഗിൻെറ നഗരസഭാ കൗൺസിൽ പാ൪ട്ടി ലീഡറുമായ കെ. മുഹമ്മദലിയുടെ രാജിവിവാദത്തിൽ ലീഗിന് മൗനം.
മുഹമ്മദലിയുടെ ഔദ്യാഗിക ലെറ്റ൪പാഡിൽ അദ്ദേഹം കൗൺസില൪ സ്ഥാനം രാജിവെച്ചതായ വിവരം പുറത്തുവന്നിട്ടും ഇതുസംബന്ധിച്ച് പാ൪ട്ടി ഔദ്യാഗികമായ ഒരു വിശദീകരണവും നൽകിയില്ല. കത്ത് വ്യാജമെങ്കിൽ അതിനെതിരെ നടപടിയെടുക്കാനോ അന്വേഷണം നടത്താനോ കാര്യമായ നീക്കങ്ങളുണ്ടായിട്ടില്ല. പാ൪ട്ടിക്കകത്തെ വിമതശബ്ദമായ മുഹമ്മദലിക്കെതിരെയുള്ള ചിലരുടെ നീക്കമാണ് രാജിവിവാദത്തിനു പിന്നിലെന്ന് പ്രചാരണമുണ്ടായിരുന്നു. നാലുദിവസം മുമ്പാണ് മുഹമ്മദലി രാജിവെച്ചവിവരമുള്ള കത്ത് പുറത്തുവന്നത്. എന്നാൽ, കോ൪പറേഷൻ സെക്രട്ടറി രാജിക്കത്ത് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെ മുഹമ്മദലിയുടെ രാജിക്കത്ത് കോ൪പറേഷൻ ഓഫിസിൽ ലഭിച്ചതായി വിവരമുണ്ട്. മുനിസിപ്പൽ നിയമമനുസരിച്ച് കൗൺസില൪ നേരിട്ട് രാജിക്കത്ത് നൽകുകയോ സ്ഥലത്തില്ലെങ്കിൽ രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥ൪ സാക്ഷ്യപ്പെടുത്തിയ രാജിക്കത്ത് സമ൪പ്പിക്കുകയോ ആണ് വേണ്ടത്. ഒരാഴ്ചയായി മുഹമ്മദലി ദുബൈയിലാണുള്ളത്. നടക്കാവ് സ്വദേശിയോടൊപ്പം അവിടെ പച്ചക്കറി ബിസിനസ് തുടങ്ങിയതായാണ് വിവരം. ബിസിനസ് ശരിയാവുകയാണെങ്കിൽ കൗൺസില൪ സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം നേരത്തേ സൂചന നൽകിയിരുന്നു. പാ൪ട്ടിയിൽ മണ്ഡലം ഭാരവാഹി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ തോറ്റതിനെ തുട൪ന്ന് മുഹമ്മദലി ലീഗിനകത്ത് പ്രശ്നക്കാരനായി മാറിയിരുന്നു.
കോ൪പറേഷൻ കൗൺസിലിൽ പാ൪ട്ടിനേതൃത്വം പറയുന്നതിനപ്പുറം വിവാദങ്ങളും ബഹളവുമുണ്ടാക്കിയ ഇദ്ദേഹം വാ൪ഡിലെ വികസന കാര്യങ്ങളിൽ പരാജിതനാണെന്ന വിമ൪ശമുണ്ടായിരുന്നു. വെള്ളയിൽ 66ാം വാ൪ഡിൽനിന്നാണ് മുഹമ്മദലി ജയിച്ചത്. പാ൪ട്ടിയുടെ ബോധനയാത്ര ഉൾപ്പെടെയുള്ള പരിപാടികളിൽനിന്ന് അദ്ദേഹം വിട്ടുനിന്നതും ഏറെ പരാതിക്കിടയാക്കിയിരുന്നു. രാജിവാ൪ത്ത പത്രങ്ങളിൽ വന്നിട്ടും മുഹമ്മദലിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ഒരു ലീഗ് മണ്ഡലം ഭാരവാഹി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.