മദ്യത്തില്‍ വിഷം കലര്‍ത്തി സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ച പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും

കോഴിക്കോട്: മദ്യത്തിൽ കീടനാശിനി  കല൪ത്തി സുഹൃത്തിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവ൪ഷം കഠിന തടവും 9,000 രൂപ പിഴയും.
കോടഞ്ചേരി ചിറക്കച്ചാലിൽ ജോൺസനെയാണ് (52) കോഴിക്കോട് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി  പി. നന്ദനകൃഷ്ണൻ ശിക്ഷിച്ചത്. 2011 മാ൪ച്ച് 13ന് രാത്രി സുഹൃത്തായ ജോസിനെ ജോൺസൺ മദ്യപിക്കാനായി പുലിക്കയത്തെ പഴയപാലത്തിനു സമീപത്തേക്ക് ക്ഷണിക്കുകയും കീടനാശിനി കല൪ത്തിയ മദ്യം നൽകിയെന്നുമാണ് കേസ്.
മദ്യം കഴിച്ച് ബോധരഹിതനായ ജോസിനെ പുഴയിൽ മീൻപിടിക്കാൻ വന്നവരാണ്  ആശുപത്രിയിൽ എത്തിച്ചത്. ജോസും ഭാര്യയും ജാമ്യം നിന്ന് ജോൺസണ് സഹകരണ ബാങ്കിൽനിന്ന് 30,000 രൂപ ലോൺ ശരിയാക്കി കൊടുത്തിരുന്നു. ലോൺ സംഖ്യ ജോൺസൺ തിരിച്ചടക്കാത്തത്  സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞതിനുള്ള വിരോധമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.  പിഴസംഖ്യ അടക്കുന്നില്ലെങ്കിൽ പ്രതി അഞ്ചു മാസം കൂടി തടവനുഭവിക്കണം. പിഴയടച്ചാൽ അത് ജോൺസണ് നൽകണമെന്ന് കോടതി വ്യക്തമാക്കി.  പ്രോസിക്യൂഷന് ഷിബുജോ൪ജ്, എസ്. ഭവ്യ എന്നിവ൪ ഹാജരായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.