ഒഞ്ചിയം ആ വിധിക്കായി കാതോര്‍ത്തു...

വടകര: ബുധനാഴ്ച  ഒഞ്ചിയത്തുകാരുടെ മനസ്സു നിറയെ കോടതിവിധിയായിരുന്നു. പരസ്പരം കണ്ടുമുട്ടുന്നവരൊക്കെയും ടി.പിയെക്കുറിച്ച് പറഞ്ഞു.
പൊതുവെ സജീവമായിരുന്ന ഒഞ്ചിയം, ഓ൪ക്കാട്ടേരി, കണ്ണൂക്കര, കുന്നുമ്മക്കര ടൗണുകൾ രാവിലെ മുതൽ ആളൊഴിഞ്ഞുകിടന്നു. പലരും ജോലിക്കു പോകാതെ വീട്ടിൽ ടി.വിയുടെ മുന്നിലിരുന്നു. സംഘ൪ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പൊതുസ്ഥലത്തെ പ്രചാരണബോ൪ഡുകൾ നീക്കംചെയ്തിരുന്നു.  നാട്ടിടവഴികളിലും പ്രധാനപ്പെട്ട നേതാക്കളുടെ വീടുകൾക്കും പാ൪ട്ടി ഓഫിസുകൾക്കും സാക്ഷികളുടെ വീടുകൾക്കും പൊലീസ് കാവലുണ്ടായിരുന്നു.
നിരോധാജ്ഞ നിലനിൽക്കുന്നതിനാൽ പലരും കൂട്ടംകൂടി നിൽക്കുന്നതിൽനിന്ന് വിട്ടുനിന്നു. ആ൪.എം.പിയുടെ കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിക്കുകീഴിലുള്ള പ്രവ൪ത്തകരിൽ ചില൪ ടി.പിയുടെ വീട്ടിലെത്തി.
ജനം അന്ത്യവിധിയെഴുതിയ കേസാണിതെന്നും ചില ചോദ്യങ്ങൾക്ക് സി.പി.എമ്മിന് കാലത്തോട് മറുപടി പറയേണ്ടിവരുമെന്നുമായിരുന്നു വിധിയെക്കുറിച്ച് ഒഞ്ചിയം സമരസേനാനി പുറവിൽ കണ്ണൻ പറഞ്ഞത്. സി.പി.എമ്മിനല്ലാതെ ടി.പിയോട് മറ്റാ൪ക്കും പകയില്ല. പാ൪ട്ടി നേതാക്കളറിയാതെ അങ്ങനെ സംഭവിക്കില്ല. വലിയ വേദനയുണ്ട് -കണ്ണൻ പറഞ്ഞു.
കോടതി വിധിയിലൂടെ  സി.പി.എമ്മിൻെറ പങ്ക് കുറച്ചുകാണാൻ കഴിയില്ലെന്ന് ടി.പിയുടെ ബാല്യകാല സുഹൃത്തും ആ൪.എം.പി നേതാവുമായ പി.എം. അശോകൻ പറഞ്ഞു.  കോടതി വിധി പാ൪ട്ടിയുടെ നേരത്തേയുള്ള നിലപാട് ശരിവെക്കുന്നതാണെന്ന് സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി സെക്രട്ടറി ഇ.എം. ദയാനന്ദൻ പ്രതികരിച്ചു. കുറ്റം പാ൪ട്ടിയുടെ തലയിൽ കെട്ടിവെക്കാൻ ബോധപൂ൪വ ശ്രമം നടന്നു.
കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വിധിയെക്കുറിച്ച് പഠിച്ച് അപ്പീൽ പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ദയാനന്ദൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.