കോഴിക്കോട്: കെ.ടി. ജയകൃഷ്ണൻ വധക്കേസ് അട്ടിമറിക്കാൻ ബി.ജെ.പിയുടെ ഉന്നത നേതാവായ പി.കെ. കൃഷ്ണദാസ് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തൽ. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ, ബി.ജെ.പിയുടെ കണ്ണൂ൪ ജില്ലാ പ്രസിഡൻറും ദീ൪ഘകാലം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന ഒ.കെ.വാസുവാണ് വെളിപ്പെടുത്തൽ നടത്തിയത്.
ബി.ജെ.പിക്കും ആ൪.എസ്.എസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
വധക്കേസ് പുനരന്വേഷണമെന്ന ആവശ്യം സ൪ക്കാ൪ അംഗീകരിക്കാതിരുന്നപ്പോൾ ജയകൃഷ്ണൻെറ മാതാവ് സുപ്രീം കോടതിയിൽ ഹരജി കൊടുത്തിരുന്നു. രാംജത്മലാനി അടക്കമുള്ള പ്രമുഖ അഭിഭാഷക൪ കേസിൽ ബി.ജെ.പിക്കുവേണ്ടി വാദിക്കാൻ തയാറായി. എന്നാൽ, അന്ന് പി.കെ. കൃഷ്ണദാസ് ഇടപെട്ട് ഹരജി പിൻവലിപ്പിച്ചു. സി.പി.എമ്മുമായി എന്തെങ്കിലും നീക്കുപോക്കുകൾ നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും ആ കാര്യം വിശദീകരിക്കേണ്ടതും പി.കെ. കൃഷ്ണദാസാണ് -അദ്ദേഹം പറഞ്ഞു.
1991ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, പെരിങ്ങളം മണ്ഡലങ്ങളിൽ ബി.ജെ.പിയും മുസ്ലിംലീഗും വോട്ട് കച്ചവടം നടത്തിയെന്നും ഒ.കെ.വാസു പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡൻറ് പി.പി. മുകുന്ദൻ, പി.കെ. കൃഷ്ണദാസ് എന്നിവരും മുസ്ലിംലീഗ് സംസ്ഥാന നേതാക്കളും തമ്മിലുണ്ടായ ധാരണപ്രകാരമായിരുന്നു ഇത്. വോട്ട് കച്ചവടം അന്വേഷിക്കാൻ പാ൪ട്ടി നിയോഗിച്ച ഡോ. സേവ്യ൪ പോളിൻെറ അന്വേഷണ റിപ്പോ൪ട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, സേവ്യ൪ പോളിനെ നേതൃത്വം പാ൪ട്ടിയിൽനിന്ന് പുറത്താക്കി. പിന്നീടിങ്ങോട്ട് കേരളത്തിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള പല മണ്ഡലങ്ങളിലും ലീഗുമായി വോട്ടുകച്ചവടം നടന്നിട്ടുണ്ട്. ഇത്തരം വോട്ടുകച്ചവടം കാരണമാണ് കേരളത്തിൽ ബി.ജെ.പിക്ക് സ്വാധീനം കിട്ടാതായത്.
ബി.ജെ.പിയിൽ ഇപ്പോൾ വാഴുന്നത് കാമവും പണാധിപത്യവുമാണ്. അതുകൊണ്ടാണ്, ആരോപണവിധേയനായ കണ്ണൂ൪ ജില്ലാ പ്രസിഡൻറിനെതിരെ ഇതുവരെ നടപടിയെടുക്കാത്തത്. പി.ആ൪. കുറുപ്പിൻെറ വീടിനുനേരെ നടന്നതടക്കം ജില്ലയിലെ പല അക്രമ സംഭവങ്ങളും ആ൪.എസ്.എസ് നേരിട്ട് നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. ഒ.കെ.വാസുവിനെ അടുത്തിടെ ബി.ജെ.പിയിൽനിന്ന് പുറത്താക്കിയിരുന്നു. ‘പുറത്താക്കിയ നടപടി അംഗീകരിക്കുന്നില്ളെന്നും പുറത്താക്കാനുള്ള അവകാശം സംസ്ഥാന നേതൃത്വത്തിനില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.