തൃക്കരിപ്പൂ൪: പ്രാരംഭ ദിശയിൽ അ൪ബുദ രോഗം നി൪ണയിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ തൃക്കരിപ്പൂ൪ സി.എച്ച് സെൻറ൪ ഈ മാസം 21ന് വൾവക്കാട്ട് പ്രവ൪ത്തനം തുടങ്ങുമെന്ന് ബന്ധപ്പെട്ടവ൪ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രത്തിൽ വൃക്ക രോഗികൾക്ക് ഹീമോ ഡയാലിസിസ് നടത്തുന്നതിന് അഞ്ചു മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിൽ 19 പേ൪ക്ക് ചുരുങ്ങിയ നിരക്കിൽ ഡയാലിസിസ് നടത്താൻ കേന്ദ്രത്തിൽ സൗകര്യമുണ്ടാവും.
തുടക്കത്തിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധരുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭ്യമാക്കും. അടിയന്തര ഘട്ടങ്ങളിൽ സഹകരിക്കുന്നതിന് സമീപ പ്രദേശത്തെ പ്രമുഖ ആശുപത്രികളുമായി ധാരണയുമുണ്ടാക്കിയിട്ടുണ്ട്. ഇതിനായി സി.എച്ച് സെൻററിൽ ആംബുലൻസും തയാറാക്കിയിട്ടുണ്ട്. ഡോ. ആസാദ് മൂപ്പൻെറ ഡി.എം ഫൗണ്ടേഷനാണ് കാൻസ൪ നി൪ണയ ഉപകരണങ്ങൾ നൽകിയത്.
രാജ്യത്തും വിദേശങ്ങളിലുമുള്ള വിവിധ കെ.എം.സി.സി കമ്മിറ്റികളുടെ സഹകരണവും ഉദാരമതികളുടെ സംഭാവനയുമാണ് നടത്തിപ്പ് ചെലവിനായി പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 13ന് വൈകീട്ട് ഏഴിന് നടക്കുന്ന കലാവിരുന്ന് മന്ത്രി എം.കെ.മുനീ൪ ഉദ്ഘാടനം ചെയ്യും. 14ന് ഉച്ചക്ക് തൃക്കരിപ്പൂ൪ ഗവ. വി.എച്ച്.എസിൽ കുടുംബശ്രീ സംഗമം നടക്കും. സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്യം. 16, 17, 18 തീയതികളിൽ വൈകീട്ട് ഏഴിന് വൾവക്കാട്ട് കാരുണ്യ പ്രഭാഷണം, 17ന് രാവിലെ തൃക്കരിപ്പൂ൪ കെ.എം.കെ ഹാളിൽ പ്രവാസി സംഗമം, 18ന് രാവിലെ സാന്ത്വന പരിചരണ വളൻറിയ൪ സംഗമം തുടങ്ങിയവ നടക്കും. 20ന് വൈകീട്ട് തൃക്കരിപ്പൂരിൽനിന്ന് വിളംബര ജാഥ നടത്തും. ഉദ്ഘാടന പരിപാടിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവ൪ പങ്കെടുക്കും.
വാ൪ത്താസമ്മേളനത്തിൽ എ.ജി.സി. ബഷീ൪, എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് ഹാജി, ഒ.ടി. അഹമദ് ഹാജി, വി.കെ. ബാവ, കെ.പി. ഇബ്രാഹിം കുട്ടി, ഷംസുദ്ദീൻ ആയിറ്റി, കെ.എം.കുഞ്ഞി എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.