കുളമ്പുരോഗം: ജില്ലയിലെ കന്നുകാലി ചന്തകള്‍ അടച്ചിടാന്‍ ഉത്തരവ്

പാലക്കാട്: കുളമ്പുരോഗം വ്യാപകമായി പട൪ന്നുപിടിച്ച സാഹചര്യത്തിൽ ജില്ലയിലെ കന്നുകാലി ചന്തകൾ മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവ൪ത്തിക്കുന്നതല്ലെന്ന്  ജില്ലാ കലക്ട൪ കെ. രാമചന്ദ്രൻ  അറിയിച്ചു.  ചെക്പോസ്റ്റ് വഴി കന്നുകാലി കടത്ത് നിരോധിച്ചിട്ടുണ്ട്. കുളമ്പുരോഗത്തിനെതിരെ ബോധവത്കരണ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കാനും ജില്ലാ കലക്ടറുടെ ചേംബറിൽ ചേ൪ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. നഗരസഭ/ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.  ക്ഷീര മേഖലയിൽ പ്രവ൪ത്തിക്കുന്നവ൪  കന്നുകാലികളെ കൈകാര്യം ചെയ്യുമ്പോൾ രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കണം.  രോഗബാധ തടയാനായി തൊഴുത്തുകളിലും മറ്റും അലക്കുകാരം വിതറണം. കന്നുകാലികളെ പൊതുസ്ഥലങ്ങളിൽ മേയാൻ വിടരുത്.  
മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, ആ൪.ടി.ഒ, സെയിൽസ് ടാക്സ്, എക്സൈസ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും.  പാൽ, മാംസം എന്നിവ നല്ലവണ്ണം പാചകം ചെയ്ത് കഴിക്കുന്നതുകൊണ്ട് ദോഷമില്ല.  രോഗം ബാധിച്ച ഒരു കന്നുകാലിക്ക് 20,000 രൂപ വരെ നഷ്ടപരിഹാരം നൽകും.  ഇതിനുള്ള അപേക്ഷാഫോറം വെറ്ററിനറി ആശുപത്രികളിൽ ലഭിക്കും.  പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ മരുന്ന് എല്ലാ മൃഗാശുപത്രികളിലും നൽകിയിട്ടുണ്ടെന്ന് കലക്ട൪ അറിയിച്ചു.
മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ട൪  ഡോ. വേണുഗോപാലൻ നായ൪, ജില്ലാ മൃഗസംരക്ഷണ ഓഫിസ൪ ഡോ. ടി.ആ൪. ഗിരിജ, പാലക്കാട് ഡി.എഫ്.ഒ സൈനുൽ ആബിദീൻ, ഡെയറി ഡെവലപ്മെൻറ് ഡെപ്യൂട്ടി ഡയറക്ട൪ മിനി രവീന്ദ്രദാസ് എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.