തൃശൂ൪: മേയ൪ പദവി രാജിവെക്കാതെ പിടിച്ചുനിൽക്കുന്ന ഐ.പി. പോളിൻെറ ശക്തി കെ.പി.സി.സി പ്രസിഡൻറാണെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് ബോധ്യമായി. കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുമായി ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹ്മാൻകുട്ടി നടത്തിയ ച൪ച്ചയിലാണ് ഇക്കാര്യം വ്യക്തമായത്. രമേശ് ചെന്നിത്തല ആവശ്യപ്പെടാതെ മേയ൪ പദവി രാജിവെക്കില്ലെന്ന് ഐ.പി. പോൾ പറയുന്നതിൽ വസ്തുതയുണ്ടെന്നും ഡി.സി.സി നേതൃത്വത്തിന് ബോധ്യമായി. പദവി ഒഴിയാതിരിക്കാൻ ഐ.പി. പോൾ വിടുവായത്തം പുലമ്പുകയാണെന്നായിരുന്നു ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെയും കൗൺസില൪മാരുടെയും ധാരണ.
മേയ൪ പദവി മാറ്റം സംബന്ധിച്ച് പലയിടത്തുമുണ്ടായ ത൪ക്കങ്ങളാണ് പ്രശ്നമായതെന്ന് ചെന്നിത്തല ഡി.സി.സി പ്രസിഡൻറ് അബ്ദുറഹ്മാൻകുട്ടിയോട് പറഞ്ഞു. തൃക്കാക്കരയാണ് അതിൽ മുഴച്ചു നിൽക്കുന്നത്. തൃക്കാക്കര മുനിസിപ്പൽ ചെയ൪മാൻ പി.ഐ. മുഹമ്മദാലിയോട് രാജി വെക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രേഡ് നോട്ടീസ് അയച്ചിട്ടുണ്ട്. അത് ലഭിച്ചിട്ടും രാജിവെച്ചില്ലെങ്കിൽ മുഹമ്മദാലിയെ പാ൪ട്ടിയിൽ നിന്ന് പുറത്താക്കും.
തൃക്കാക്കര പ്രശ്നം തീ൪ന്നാലുടൻ പോളിനോട് രാജിവെക്കാൻ ആവശ്യപ്പെടും- ചെന്നിത്തല ഡി.സി.സി പ്രസിഡൻറിനോട് പറഞ്ഞു. ഇത് പക്ഷേ, അധികം നീളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാൽ, കൃത്യമായ തീയതി കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞില്ല. ഒരിക്കൽ ഐ.പി. പോൾ രാജിവെക്കുമെന്ന ആശ്വാസത്തോടെയാണ് ഡി.സി.സി പ്രസിഡൻറ് തൃശൂരിലേക്ക് മടക്കവണ്ടി കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.