കോഴിക്കോട്: ഇടിയങ്ങര മത്സ്യമാ൪ക്കറ്റ് വൈകുന്നേരം റോഡരികിലേക്ക് മാറുന്നത് നാട്ടുകാ൪ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇടിയങ്ങര റോഡിലെ നഗരസഭാ മാ൪ക്കറ്റ് കെട്ടിടത്തിലെ മത്സ്യക്കച്ചവടമാണ് ¥ൈവകീട്ട് ഫ്രാൻസിസ് റോഡിലെ നടപ്പാതയിലേക്ക് മാറ്റുന്നത്.
ഫ്രാൻസിസ് റോഡുവഴി ബീച്ചിൽനിന്നും മറ്റും പോകുന്ന വാഹനയാത്രക്കാരുടെ കച്ചവടംകൂടി കിട്ടാനാണ് വൈകുന്നേരത്തെ സ്ഥലംമാറ്റം. രാവിലെ എട്ടിനും 12നുമിടയിലുള്ള കച്ചവടം മാ൪ക്കറ്റിൽ തന്നെ നടക്കുമ്പോൾ ഉച്ചക്ക് മൂന്നിനും രാത്രി 10നും ഇടയിലുള്ള മീൻവിൽപനയാണ് റോഡിലേക്കിറങ്ങുന്നത്. ഫ്രാൻസിസ് റോഡിന് തെക്കുഭാഗം മീൻകച്ചവടക്കാരടക്കമുള്ള തെരുവ് വാണിഭക്കാ൪ ഇറങ്ങുന്നതോടെ കാൽനടക്കാ൪ക്ക് നടപ്പാത അന്യമാകുന്നു. തെക്കുഭാഗം നടപ്പാത തക൪ന്നതിനാൽ അവിടെയും നടക്കാനാവില്ല. ഫ്രാൻസിസ് റോഡിൽ വൈകീട്ട് ഗതാഗതസ്തംഭനത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. തൊട്ടടുത്ത സ്കൂളുകളിലെ കുട്ടികളും പള്ളികളിൽ പ്രാ൪ഥനക്കെത്തുന്നവരും ഓഡിറ്റോറിയത്തിൽ ചടങ്ങുകൾക്കെത്തുന്നവരും കുരുക്കിൽ പെടുന്നു.
മഴ പെയ്താൽ ദുരിതം വ൪ധിക്കും. ഇടിയങ്ങര മാ൪ക്കറ്റിൽ ഇടിയങ്ങര റോഡിൽ ഇറച്ചിക്കച്ചവടക്കാ൪ക്ക് മതിയായ സൗകര്യമില്ലാത്തതും പ്രശ്നമാണ്. നഗരത്തിൽ നിയമപ്രകാരം പ്രവ൪ത്തിക്കുന്ന അറവുശാല സ്ഥാപിക്കാൻ നഗരസഭക്കായിട്ടില്ല. ഇറച്ചിക്കടകളിൽ തന്നെയാണ് ഭൂരിഭാഗം അറവും നടക്കുന്നത്. ഇടിയങ്ങര റോഡിൽ പല ഭാഗത്ത് ഇറച്ചിക്കടകളിലേക്കുള്ള കാലികളും വാഹനങ്ങളും നിറയുന്നതോടെ രാവിലെ ഇതുവഴിയുള്ള യാത്രയും ദുസ്സഹമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.