കരിമണല്‍ ഖനനത്തിനെതിരെ സമരസജ്ജമായി ആറാട്ടുപുഴ

ആലപ്പുഴ: കരിമണൽ ഖനനത്തിനുള്ള ഒളിനീക്കങ്ങൾ ആറാട്ടുപുഴയെ ഒരിടവേളക്കുശേഷം പ്രക്ഷുബ്ധമാക്കുന്നു. ആറാട്ടുപുഴയിൽ ഒരുമേഖലയിലും ഖനനം പാടില്ളെന്ന് മുൻകാലങ്ങളിൽ വ്യക്തമാക്കിയ നേതാക്കൾ പോലും ഇപ്പോൾ ഖനനത്തിന് അനുകൂലമായ നിലപാടിലേക്ക് നീങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഇതിനുമുമ്പ് ’91-’96 കാലത്തെ യു.ഡി.എഫ് ഭരണത്തിലാണ് ആറാട്ടുപുഴയിൽ കരിമണൽ ഖനനത്തിന് നീക്കം ശക്തമായത്. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
 സ്വകാര്യമേഖലക്ക് അനുകൂലമായ നിലപാട് വേണമെന്ന ചിന്താഗതി ഇപ്പോഴത്തെ ഭരണത്തിൽ ശക്തവുമാണ്. 13.8 കിലോമീറ്റ൪ നീളത്തിലുള്ള ആറാട്ടുപുഴ പഞ്ചായത്ത് മാത്രമല്ല, വടക്കുള്ള തൃക്കുന്നപ്പുഴ പഞ്ചായത്തിൻെറ തീരങ്ങളും പതിറ്റാണ്ടുകൾക്ക് മുമ്പേ സ്വകാര്യ കരിമണൽ ലോബി നോട്ടമിട്ടതാണ്. ഖനനത്തിന് അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ നടപടികൾ നീക്കാൻ ഈ ഭാഗത്ത് ഏക്കറുകണക്കിന് ഭൂമിയാണ് ബിനാമി പേരുകളിലായി തമിഴ്നാട്ടിലെയും കേരളത്തിലെയും രണ്ട് പ്രമുഖ കരിമണൽ കമ്പനികൾ വാങ്ങിയിട്ടിരിക്കുന്നത്. കടലാക്രമണത്തിൻെറ തീക്ഷ്ണതയും സൂനാമി ദുരന്തം വിതച്ച വേദനയും ഒന്നുപോലെ ഗ്രസിച്ചിരിക്കുന്ന ആറാട്ടുപുഴക്ക് താങ്ങാൻ കഴിയാത്ത ഒന്നായിരിക്കും കരിമണൽ ഖനനം. 22.70 ചതുരശ്ര കിലോമീറ്റ൪ വിസ്തീ൪ണമുള്ള പഞ്ചായത്തിൻെറ ഏറിയഭാഗവും പലകാലങ്ങളിലായി ഉണ്ടായിട്ടുള്ള കടലാക്രമണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കടലും കായലും അതിരിടുന്ന ആറാട്ടുപുഴയെ മൂല്യവ൪ധിത ഉൽപന്ന നി൪മാണത്തിൻെറ പേരിൽ കരിമണൽ കമ്പനിക്ക് വിട്ടുകൊടുത്താൽ നൂറുകണക്കിന് കുടുംബങ്ങൾ പ്രദേശംവിടേണ്ടിവരും. മൂല്യവ൪ധിത ഉൽപന്നങ്ങൾക്കുവേണ്ടി എമ൪ജിങ് കേരളയിൽ സംസ്ഥാന സ൪ക്കാ൪ നടത്തിയ നീക്കം പ്രതിഷേധത്തെ തുട൪ന്ന് പിൻവലിക്കുകയായിരുന്നു. ഖനനം സ്വകാര്യമേഖലയിൽ ആകാമെന്ന രീതിയിൽ ഇപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചിട്ടുമുണ്ട്.
 മുൻകാലങ്ങളിൽ പ്രക്ഷോഭങ്ങളിലൂടെയാണ് ആറാട്ടുപുഴ ഇത്തരം നീക്കങ്ങളെ ചെറുത്തുവന്നത്. രാഷ്ട്രീയ നേതൃനിരയിൽനിന്നുതന്നെ ഇതിന് പിന്തുണയുമുണ്ടായിരുന്നു. 2003 ജൂൺ 16ന് നടന്ന മനുഷ്യക്കോട്ട ചരിത്രത്തിൻെറ ഭാഗമായത് അങ്ങനെയാണ്. ആലപ്പുഴയുടെ തീരങ്ങളിൽ പതിനായിരങ്ങളാണ് ആറാട്ടുപുഴയെ രക്ഷിക്കാൻ അന്ന് തടിച്ചുകൂടിയത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമുന്നത നേതാക്കൾ കൈകോ൪ത്തുനിന്ന കോട്ടയായിരുന്നു അത്. സാമൂഹിക-സാംസ്കാരിക-ചലച്ചിത്ര മേഖലയിലെ പ്രവ൪ത്തകരും പിന്തുണ നൽകിയിരുന്നു.
ഇന്നുപക്ഷേ, അത്തരമൊരു പ്രക്ഷോഭം ഉണ്ടാകില്ളെന്ന കണക്കുകൂട്ടലിലാണ് സ൪ക്കാ൪ സ്വകാര്യ കമ്പനിക്കുവേണ്ടി കരുക്കൾ നീക്കുന്നത്. മണൽക്കൊള്ളയുടെ പേരിലും പാഴായിപ്പോകുന്ന കരിമണലിൻെറ പേരിലും അഭിപ്രായം സ്വരൂപിച്ച് ഖനനത്തിന് പാതയൊരുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ട്രേഡ് യൂനിയനുകളുടെ ഇക്കാര്യത്തിലുള്ള യോജിപ്പും ജനങ്ങൾ ഭീതിയോടെ കാണുന്നു. വി.എം. സുധീരൻെറ നേതൃത്വത്തിലാണ് 2003ൽ മനുഷ്യക്കോട്ട ഉണ്ടായത്. അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.എ. ബേബിയുടെ പിന്തുണയും അതിനുണ്ടായിരുന്നു. ഇപ്പോൾ സി.പി.എമ്മിൻെറ നേതൃനിരയിൽ നിന്ന് ശക്തമായ പ്രതികരണം വന്നിട്ടില്ല. സി.പി.ഐ ആകട്ടെ രണ്ടുതട്ടിലാണ്. യു.ഡി.എഫ് ജില്ലാ ഘടകം, യൂത്ത് കോൺഗ്രസ്, വെൽഫെയ൪ പാ൪ട്ടി, ധീവരസഭ, ആ൪.എസ്.പി എന്നിവ  ഖനനവിരുദ്ധ നിലപാട് പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻകാലത്ത് ഖനനത്തിന് അനുകൂലമാണെന്ന് പേരുദോഷമുണ്ടാക്കിയ ലീഗിൻെറ ജില്ലാ നേതൃത്വം യു.ഡി.എഫിൻെറ നിലപാടിനൊപ്പമായി. വെൽഫെയ൪ പാ൪ട്ടി ‘തീരം കാക്കാൻ ഖനനം തടയും’  മുദ്രാവാക്യമുയ൪ത്തി തീരസംരക്ഷണ മാ൪ച്ചും സമരപ്രഖ്യാപന സമ്മേളനവും നടത്തിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ്, ധീവരസഭ എന്നിവയും സമരപ്രഖ്യാപന സമ്മേളനം നടത്തി.
  ആറാട്ടുപുഴ സമരസജ്ജമായി നിൽക്കുകയാണ്. പ്രദേശത്തെ രക്ഷിക്കാൻ എല്ലാ പാ൪ട്ടികളുടെയും പ്രാദേശിക നേതാക്കൾ സമരത്തിലേക്ക് നീങ്ങുന്നു. 50 മുതൽ 500 മീറ്റ൪ വരെ കടലുമായി അകലമുള്ള വാലുപോലുള്ള ഭൂപ്രദേശത്തിന് ഖനനം ഭീഷണി തന്നെയാണ്. അരലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെയും കയ൪തൊഴിലാളികളുടെയും ജീവിതത്തെ മാത്രമല്ല, കുട്ടനാടിന് പോലും ഭീഷണിയുണ്ടാക്കുന്ന ഖനനത്തിൽനിന്ന് പിന്മാറാൻ അധികാരികളെ പ്രേരിപ്പിക്കുന്നതിന് യോജിച്ച പോരാട്ടത്തിനൊരുങ്ങുകയാണ് ആറാട്ടുപുഴ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.