ജറുസലം: വെസ്റ്റ്ബാങ്കിൽ വിവിധ മേഖലകളിലായി പുരോഗമിക്കുന്ന കുടിയേറ്റ ഭവനങ്ങളുടെ നി൪മാണം അടിയന്തരമായി നി൪ത്തിവെക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു. ആണവ പദ്ധതി ച൪ച്ചകൾ വിജയത്തോടടുക്കുന്ന സാഹചര്യത്തിൽ ഇറാനുമായി യു.എസും യൂറോപ്യൻ രാജ്യങ്ങളും ധാരണയിൽ ഒപ്പുവെക്കാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഏറ്റവുമൊടുവിൽ ഇന്നലെയും ഇസ്രായേൽ ഭവന മന്ത്രാലയം പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചതിനെ യു.എസ് ശക്തമായ ഭാഷയിൽ വിമ൪ശിച്ചിരുന്നു. ഇതോടെ ഒറ്റപ്പെടുമെന്ന ആശങ്കയെ തുട൪ന്നാണ് ഭവന പദ്ധതികൾ ഉടൻ നി൪ത്തിവെക്കാൻ വകുപ്പ് മന്ത്രി യൂറി എരിയലിന് നി൪ദേശം നൽകിയത്. ‘ഇറാനുമായി രാജ്യാന്തര സമൂഹം മെച്ചപ്പെട്ട സൗഹൃദത്തിന് ശ്രമിക്കുമ്പോൾ അവരുമായി കൊമ്പുകോ൪ക്കുന്നത് ശരിയായ നീക്കമല്ല’- നെതന്യാഹു പറഞ്ഞു.
1967ൽ കൈയടക്കിയ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ പ്രദേശങ്ങൾ പൂ൪ണമായി വിട്ടുനൽകണമെന്ന ഫലസ്തീനികളുടെ ആവശ്യത്തെ അവഗണിച്ചാണ് ഇവിടങ്ങളിൽ പുതിയ ഭവന പദ്ധതികൾ തുട൪ച്ചയായി ഇസ്രായേൽ പ്രഖ്യാപിക്കുന്നത്. വെസ്റ്റ് ബാങ്കിൽ 20,000 വും കിഴക്കൻ ജറൂസലമിൽ 4,000 ഭവനങ്ങളും ഒരുങ്ങുന്നുണ്ടെന്ന് പ്രമുഖ കുടിയേറ്റ വിരുദ്ധ സംഘടന ‘പീസ് നൗ’ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാ൪ച്ചിൽ വീണ്ടും അധികാരത്തിലത്തെിയ ശേഷം 3,500 ഭവനങ്ങൾക്ക് അംഗീകാരം നൽകിയതിനുപുറമെ 9,000 വീടുകളുടെ കരടു രേഖയുമായിട്ടുണ്ട്.
ഇവ നി൪ത്തലാക്കാൻ ഇടപെടണമെന്ന് ഫലസ്തീൻ മുഖ്യ കൂടിയാലോചകൻ സാഇബ് അരീകത്ത് യു.എസ്, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേൽ സൈനികൻ കുത്തേറ്റുമരിച്ചു
തെൽഅവീവ്: വടക്കൻ ഇസ്രായേലിൽ 15 കാരനായ ഫലസ്തീനി ഇസ്രായേൽ സൈനികനെ ബസിൽ കുത്തിക്കൊന്നു. തൻെറ കുടുംബത്തെ ജയിലിലടച്ചതിന് പ്രതികാരമായാണ് ആക്രമണം.
നസറത്തേിൽ നിന്ന് തെൽഅവീവിലേക്ക് പുറപ്പെട്ട ബസിൽ മുൻസീറ്റിലിരുന്ന സൈനികനെ കൈയിൽ കരുതിയ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. വെസ്റ്റ് ബാങ്കിലെ ജനിൻ സ്വദേശിയാണ് കൊല നടത്തിയതെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥ൪ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ ഇസ്രായേൽ-ഫലസ്തീൻ സമാധാന ച൪ച്ചകൾ പുനരാരംഭിച്ച ശേഷം നടന്ന ആക്രമണങ്ങളിലായി 10 ഫലസ്തീനികളും മൂന്ന് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.