കോഴിക്കോട്: പൊലീസ് നടപടിയില്ലാത്തതിനാൽ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷ്ടാക്കളുടെ ശല്യം തുടരുന്നു. പരാതിപ്പെട്ടിട്ടും പൊലീസിൻെറ ശക്തമായ നടപടിയില്ലാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്നാണ് ആക്ഷേപം. നേരത്തേ മോഷണം നടന്ന ചോയിണ്ണി മാസ്റ്റ൪ റോഡിലെ കെ.ഐ. വരുൺദാസിൻെറ വീടിന് സമീപം ബുധനാഴ്ച രാത്രിയും മോഷ്ടാവെന്ന് സംശയിക്കുന്നയാൾ എത്തി. എട്ടുമണിയോടെ നീല ജീൻസും കറുപ്പ് ടീഷ൪ട്ടും ധരിച്ചയാളെയാണ് കണ്ടതെന്ന് നാട്ടുകാ൪ പറയുന്നു. കഴിഞ്ഞ ദിവസം വരുൺദാസിൻെറ വീട്ടിൽനിന്ന് നാലുപവൻ സ്വ൪ണാഭരണവും പതിനായിരം രൂപയുമാണ് മോഷ്ടിച്ചത്. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ചൂൽ കൊണ്ട് ബാഗ് പുറത്തെടുത്താണ് മോഷണം നടത്തിയത്. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ ഫിംഗ൪പ്രിൻറ് അധികൃതരും പൊലീസും സ്ഥലം സന്ദ൪ശിച്ചതല്ലാതെ തുട൪ നടപടി ഉണ്ടായില്ല. ഫിംഗ൪പ്രിൻറ് വിദഗ്ധൻ സുരേഷിൻെറ നേതൃത്വത്തിലാണ് സംഘം എത്തിയത്. എസ്.ഐ വിവേകാനന്ദൻെറ നേതൃത്വത്തിൽ എത്തിയ പൊലീസ്സംഘം മോഷ്ടാവ് ഉപയോഗിച്ച വസ്തുക്കൾ കൊണ്ടുപോയി. എന്നാൽ, ഇതിനിടയിലും മോഷ്ടാക്കൾ സ്ഥലത്ത് സൈ്വരവിഹാരം നടത്തുന്നത് ഭയം ജനിപ്പിച്ചിട്ടുണ്ട്.
വെള്ളയിൽ സ്റ്റേഷൻ പരിസരത്താണ് മോഷ്ടാക്കൾ തമ്പടിക്കുന്നതെന്ന് നാട്ടുകാ൪ പറയുന്നു. ഇവിടത്തെ രണ്ടാം പ്ളാറ്റ്ഫോം കാടുമൂടിക്കിടക്കുന്നതാണ് പ്രധാന പ്രശ്നം. അഞ്ചാം ഗേറ്റിന് സമീപം മേൽപാലത്തിന് സമീപം ട്രോളികളും മറ്റും സൂക്ഷിക്കാൻ തയറാക്കിയ സ്ഥലം സാമൂഹികവിരുദ്ധ൪ ദുരുപയോഗപ്പെടുത്തുകയാണ്. റിമാൻഡ് കഴിഞ്ഞ് ഇറങ്ങിയവ൪ അടക്കം ഇവിടെ എത്തുന്നുണ്ടെന്നാണ് ആക്ഷേപം. വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ ഇവിടെ ഇരുട്ടാണ്.
മയക്കുമരുന്ന് വിൽപനക്കാരും കേന്ദ്രമാക്കുന്നുണ്ട്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് സ്റ്റേഷൻ പരിസരത്ത് മോഷണശല്യമുണ്ടായത്. പലപ്പോഴും പരാതിപ്പെട്ടാലും പൊലീസ് എത്തുന്നില്ലെന്ന് നാട്ടുകാ൪ പറയുന്നു. എന്നാൽ, ആവശ്യമായ വാഹനമില്ലെന്നാണ് ഇത് സംബന്ധമായി പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.