ബജറ്റില്‍ വയനാട് റെയില്‍വേ ഉള്‍പ്പെടുത്തണം - ചേംബര്‍ ഓഫ് കൊമേഴ്സ്

വൈത്തിരി: അടുത്ത റെയിൽവേ ബജറ്റിൽ നഞ്ചൻകോട്-സുൽത്താൻ ബത്തേരി റെയിൽപാത അനുവദിക്കണമെന്നും സുൽത്താൻ ബത്തേരി-നിലമ്പൂ൪, സുൽത്താൻ ബത്തേരി -കോഴിക്കോട് റെയിൽപാതകൾക്കായി വീണ്ടും സ൪വേ നടത്തണമെന്നും മൈസൂ൪ ചേംബ൪ ഓഫ് കോമേഴ്സ്, വയനാട് ചേംബ൪ ഓഫ് കോമേഴ്സ്, മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ്, നീലഗിരി-വയനാട് നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി എന്നീ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
മൂന്ന് സംസ്ഥാനങ്ങളിലായുള്ള വിശാലമായ പ്രദേശത്തിൻെറ വികസനത്തിന് ഈ പാത അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. മൈസൂരിൻെറയും മലബാറിൻെറയും വാണിജ്യം, ടൂറിസം, സാമൂഹിക വികസനം എന്നിവക്ക് പാത അനിവാര്യമാണെന്ന് മൈസൂ൪ ചേംബ൪ ഓഫ് കോമേഴ്സ് പ്രസിഡൻറ് സുധാക൪ എസ്. ഷെട്ടി ചൂണ്ടിക്കാട്ടി. റെയിൽപാതയുടെ ആദ്യഘട്ടമായ നഞ്ചൻകോട് -സുൽത്താൻ ബത്തേരി പാതക്കുവേണ്ടി മൈസൂ൪ ചേംബ൪ ഓഫ് കോമേഴ്സും ക൪ണാടകയിലെ വാണിജ്യ സമൂഹവും സജീവ ശ്രമങ്ങൾ നടത്തുകയാണ്. പാത അനുവദിക്കുന്നതിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. നഞ്ചൻകോട് മുതൽ ബത്തേരി വരെയുള്ള ആദ്യഘട്ടത്തിന് 642 കോടി രൂപ മാത്രമേ ചെലവ് വരൂ.
ഇതിൽ പകുതി കേരള-ക൪ണാടക സംസ്ഥാനങ്ങൾ ചേ൪ന്ന് നൽകിയാൽ പാത അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
തുക അനുവദിക്കാമെന്ന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും തത്ത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. അതിനാൽ തുട൪ നടപടികൾ ത്വരിതപ്പെടുത്തണം. ക൪ണാടകയിലെ ചേംബ൪ ഓഫ് കോമേഴ്സുകൾ സംയുക്തമായി കേന്ദ്ര റെയിൽവേ മന്ത്രിയെയും ക൪ണാടക മുഖ്യമന്ത്രിയെയും കണ്ട് പാതക്കായി സമ്മ൪ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
10 കിലോമീറ്റ൪ മാത്രം വനത്തിലൂടെ കടന്നുപോകുന്ന പാത മേൽപാലത്തിലൂടെ നി൪മിക്കാൻ കാര്യമായ അധികചെലവ് വരില്ല. റെയിൽപാത നിലവിൽ വന്നാൽ ഒരു പരിധിവരെ രാത്രിയാത്രാ നിരോധത്തിനും പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെയും ക൪ണാടകയിലെയും ചേംബ൪ ഓഫ് കോമേഴ്സുകളും  ആക്ഷൻ കമ്മിറ്റിയും സംയുക്തമായി റെയിൽപാതക്കുവേണ്ടി പ്രവ൪ത്തിക്കാൻ തീരുമാനിച്ചു. വയനാട് ചേംബ൪ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ജോണി പാറ്റാനി, മൈസൂ൪ ചേംബ൪ സെക്രട്ടറി എം.സി. ബൻസാലി, നീലഗിരി-വയനാട് നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി കൺവീന൪ അഡ്വ. ടി.എം. റഷീദ്, അഡ്വ. സാദിഖ് നീലിക്കണ്ടി, പ്രശാന്ത് രാജേഷ്, ഫാ. ടോണി കോഴിമണ്ണിൽ, അഡ്വ. പി. വേണുഗോപാൽ, ഡോ. രാജു, രവീന്ദ്രൻ, മോഹൻ ചന്ദ്രഗിരി എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.