രഘുറാം കമ്മിറ്റി റിപ്പോര്‍ട്ട് ആസൂത്രണ കമീഷന്‍ തള്ളി

ന്യൂദൽഹി: കേന്ദ്ര ഫണ്ട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിന് പുതിയ മാനദണ്ഡം നി൪ദേശിക്കുന്ന രഘുറാം രാജൻ കമ്മിറ്റി റിപ്പോ൪ട്ട്  കേന്ദ്ര ആസൂത്രണ കമീഷൻ തള്ളി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതി൪പ്പ് അംഗീകരിച്ചാണ് തീരുമാനം. രഘുറാം കമ്മിറ്റി  റിപ്പോ൪ട്ട് പ്രായോഗികമല്ളെന്ന് ആസൂത്രണ കമീഷൻ വിലയിരുത്തിയതായി ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ്ലുവാലിയ പറഞ്ഞു.
ഇതുസംബന്ധിച്ച് പഠിക്കാൻ  കമീഷൻ അംഗങ്ങളായ മിഹി൪ ഷാ, അഭിജിത്ത് സെൻ എന്നിവരടങ്ങുന്ന പുതിയ സമിതിയെ നിയോഗിച്ചു. ഇവ൪ നൽകുന്ന റിപ്പോ൪ട്ട്  രഘുറാം കമ്മിറ്റി റിപ്പോ൪ട്ടുമായി താരതമ്യം ചെയ്ത് കേന്ദ്ര ഫണ്ട് വിതരണത്തിനുള്ള പുതിയ മാനദണ്ഡം രൂപവത്കരിക്കും. അത് ദേശീയ വികസന സമിതിയുടെ മുമ്പാകെ ച൪ച്ചക്ക്  വെക്കുകയും ചെയ്യും.
 സംസ്ഥാനങ്ങൾക്ക് അവ൪ കൈവരിച്ച വികസന നിലവാരത്തിൻെറ അടിസ്ഥാനത്തിൽ കേന്ദ്ര ഫണ്ട് നൽകണമെന്നായിരുന്നു രഘുറാം കമ്മിറ്റിയുടെ പ്രധാന ശിപാ൪ശ. വികസനത്തിൽ പിന്നാക്കംനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന നൽകാനും കമ്മിറ്റി നി൪ദേശിച്ചു. ഇതനുസരിച്ച് സംസ്ഥാനങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി. ഏറ്റവും കൂടുതൽ വികസനം കൈവരിച്ച പട്ടികയിലാണ് കേരളം, ഗോവ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ.  രഘുറാം കമ്മിറ്റി ശിപാ൪ശ നടപ്പാക്കിയാൽ തങ്ങൾക്കുള്ള വിഹിതം കുറയുമെന്ന് ചൂണ്ടിക്കാട്ടി കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രംഗത്തുവന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കത്തെഴുതി.
  രഘുറാം കമ്മിറ്റി റിപ്പോ൪ട്ട് 2014 മുതൽ നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ധനമന്ത്രി പി. ചിദംബരം സംസ്ഥാനങ്ങളുടെ എതി൪പ്പിനെ തുട൪ന്ന് റിപ്പോ൪ട്ട് പഠിക്കാൻ ആസൂത്രണ കമീഷന് കൈമാറുകയായിരുന്നു. ആസൂത്രണ കമീഷൻ ഈ വിഷയത്തിൽ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി. ശക്തമായ എതി൪പ്പാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അറിയിച്ചത്.   
മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് സംസ്ഥാനങ്ങളുടെ സമ്മതത്തോടെയല്ലാതെ സാധ്യമല്ളെന്ന വാദം ആസൂത്രണ കമീഷൻ അംഗീകരിച്ചു.
ഇതേതുട൪ന്നാണ്  പുതിയ പഠനസമിതിയെ നിയോഗിച്ചത്. രഘുറാം റിപ്പോ൪ട്ടിനെക്കുറിച്ച് സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പരാതികളാണ് പുതിയ സമിതി മുഖ്യമായും പരിശോധിക്കുക.  
 നിലവിൽ റിസ൪വ് ബാങ്ക് ഗവ൪ണറായ രഘുറാം രാജൻ നേരത്തേ, പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കവെയാണ് കേന്ദ്ര ഫണ്ട് വിതരണം സംബന്ധിച്ച് പുതിയ നി൪ദേശം തയാറാക്കി സമ൪പ്പിച്ചത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.