പാമ്പാടി: ചിങ്ങംകുഴിയിലെയും പരിസരങ്ങളിലുള്ളവരുടെയും ഉറക്കംകെടുത്തി കുരങ്ങുശല്യം വ്യാപകം. എവിടെനിന്നോ എത്തിയ ഒരുകൂട്ടം കുരങ്ങന്മാരാണ് ഈ പ്രദേശങ്ങളിൽ ശല്യമായിരിക്കുന്നത്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിക്രിയകളിലാണ് കുരങ്ങൻമാർ ഏർപ്പെട്ടിരിക്കുന്നത്. കുടിവെള്ള സംഭരണികൾ തുറക്കാൻ ശ്രമിക്കുക, ഫലവർഗങ്ങൾ നശിപ്പിക്കുക, റബർ ചിരട്ടകൾ നശിപ്പിക്കുക, അയയിൽ ഇട്ടിരിക്കുന്ന തുണികൾ നശിപ്പിക്കുക തുടങ്ങിയ ഇവരുടെ വിക്രിയകൾ മൂലം പൊതുജനം ബുദ്ധിമുട്ടിലായി. കുരങ്ങുകളെ ഓടിച്ചുവിടാൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഒരുഫലവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കുരങ്ങുകളകളെ അകറ്റിനിർത്താം എന്നപേരിൽ ഓൺലൈൻ വിപണിയിൽ ‘ചൂടപ്പം’ പോലെ വിറ്റഴിക്കുന്ന പല ഉൽപന്നങ്ങളും വാങ്ങി പരീക്ഷിച്ചിട്ടും ഒരുരക്ഷയുമില്ലെന്നും പണം പോയത് മാത്രം മിച്ചമെന്നും അവർ കൂട്ടിച്ചേർത്തു. ആദ്യകാലങ്ങളിൽ കുരങ്ങുകളെ പിടികൂടി കാടുകളിലേക്ക് അയക്കുന്ന രീതി ഉണ്ടായിരുന്നെങ്കിലും ഇവ വീണ്ടും തിരിച്ചുപോരുകയായിരുന്നത്രേ. മനുഷ്യരുമായി അടുത്തിടപഴകുന്ന രീതിയിലായതിനാൽ അവർ വ്യാപകമായി കാർഷികോൽപന്നങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയാണ്.
മരങ്ങളിലും ചെടികളിലുമുള്ള കാർഷികോൽപന്നങ്ങൾ പൂർണമായും നശിപ്പിക്കുന്ന ഇവ കുടിവെള്ളം ഉൾപ്പെടെ മലിനമാക്കുകയും നനച്ചിട്ടുള്ള വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കാട്ടുപന്നല, കുറുനരികൾ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണങ്ങളാൽ പാമ്പാടിക്ക് സമീപമുള്ള പ്രദേശങ്ങളിലെ കർഷകർ ഉൾപ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ചിങ്ങംകുഴിയിൽ കുരങ്ങുകളുടെ ‘വിളയാട്ടം’. മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ഉൾപ്പെടെ ഇവ ആക്രമിക്കുമോയെന്നും കുരങ്ങുകളിൽനിന്നും മാരകരോഗങ്ങളുണ്ടാകുമോ തുടങ്ങിയ ആശങ്കകളും പ്രദേശവാസികൾക്കുണ്ട്. വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.