തൃപ്പൂണിത്തുറ: സംഗീത-നൃത്ത-വാദ്യ കലകളുടെ നവരാത്രികൾ പിന്നിട്ട് വിജയദശമി പൂജയെടുപ്പിനും വിദ്യാരംഭത്തിനും നാടെങ്ങുമുള്ള ക്ഷേത്ര സന്നിധികൾ ഒരുങ്ങി. ക്ഷേത്രങ്ങളിലും കലാപഠന കേന്ദ്രങ്ങളിലും തൊഴിൽ സ്ഥാപനങ്ങളിലുമെല്ലാം പൂജവെപ്പ് വെള്ളി, ശനി ദിവസങ്ങളിലായി പൂ൪ത്തിയാക്കിയിരുന്നു. പൂജവെപ്പ് നടത്തിയ എല്ലാ ക്ഷേത്ര സന്നിധികളിലുമടക്കം ഞായറാഴ്ച മഹാനവമി ആഘോഷിച്ചു.
പ്രമുഖ ക്ഷേത്രമായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മഹാനവമി ആഘോഷത്തിൻെറ ഭാഗമായി രാവിലെ ഏഴുമുതൽ ഒട്ടേറെ സംഗീതജ്ഞ൪ പങ്കെടുത്ത് പഞ്ചരത്ന കീ൪ത്തനാലാപനം നടന്നു. തുട൪ന്ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ മൂന്ന് ആനപ്പുറത്തുള്ള ശീവേലി, വൈകുന്നേരം നൃത്തപരിപാടി, കുറത്തിയാട്ടം, ഓട്ടന്തുള്ളൽ, സിനിമ- സീരിയൽ താരം ശ്രീലത നമ്പൂതിരിയുടെ സംഗീതസദസ്സ്, രാത്രി ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി. വിജയദശമിയായ തിങ്കളാഴ്ച രാവിലെ പന്തീരടി പൂജക്ക് ശേഷം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി സരസ്വതീപൂജ നടത്തും. തുട൪ന്ന് കിഴക്കെ നടപ്പുരയിൽ കുരുന്നുകൾ പിഞ്ചുനാവിൽ സ്വ൪ണമോതിരം കൊണ്ട് ഗുരുമുഖത്തുനിന്ന് ആദ്യാക്ഷരത്തിൻെറ തിരുമധുരമായി ‘ഹരിശ്രീ’ കുറിക്കും. ഉരുളിയിൽ നിറച്ച ഉണക്കലരിയിൽ പിഞ്ചുവിരൽ കൊണ്ട് അക്ഷരപ്പൂക്കൾ നിറക്കും.
എഴുത്തിനിരുത്തുന്ന കുട്ടികൾക്ക് പഞ്ചാമൃതം, സാരസ്വതാരിഷ്ടം, ലഘുഭക്ഷണം എന്നിവ ക്ഷേത്രത്തിൽ നൽകും.
രാവിലെ 8.30ഓടെ ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് കീഴ്ശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ 15ഓളം വൈദിക ബ്രാഹ്മണ൪ പങ്കെടുക്കും. വിദ്യാരംഭത്തിനുണ്ടാകുന്ന ജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്.
നവരാത്രി പരിപാടികൾക്ക് സമാപനം കുറിച്ച് നൃത്തപരിപാടികൾ, ഓട്ടന്തുള്ളൽ, സംഗീത കച്ചേരി, അക്ഷര ശ്ളോക സദസ്സ് എന്നിവയും ഉണ്ടാകും. തൃപ്പൂണിത്തുറ ശ്രീ വെങ്കിടേശ്വര മന്ദിരത്തിൽ മഹാനവമിയോടനുബന്ധിച്ച് ഉഡുപ്പി ശങ്കരനാരായണൻ, വേണുശങ്ക൪ എന്നിവരുടെ സംഗീത പരിപാടി നടന്നു. തിങ്കളാഴ്ച രാവിലെ 8.30ന് വിദ്യാരംഭം നടക്കും.
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിൽ വൈകുന്നേരം പഞ്ചരത്ന കീ൪ത്തനാലാപനം, വിശേഷാൽ പൂജ എന്നിവ ഉണ്ടായി. തിങ്കളാഴ്ച രാവിലെ പൂജയെടുപ്പിന് ശേഷം വിദ്യാരംഭം സംഗീത പരിപാടി എന്നിവ നടത്തും.
തേവരക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൻകുളങ്ങര കണ്ണൻ തൃക്കോവിൽ, കുരീക്കാട് അഗസ്ത്യാശ്രമം, തെക്കുംഭാഗം തറമേക്കാവ് ക്ഷേത്രം, പുതിയകാവ് ഭഗവതി ക്ഷേത്രം, കുരീക്കാട് ശ്രീകൃഷ്ണ ക്ഷേത്രം, തൃപ്പൂണിത്തുറ ആദംപിള്ളിക്കാവ്, പള്ളിപ്പറമ്പ് കാവ്, തൃപ്പൂണിത്തുറ കേരള കലാലയം, എരൂ൪ ഗുരുവരാശ്രമം തുടങ്ങി 22ഓളം ക്ഷേത്ര സന്നിധികളിൽ പൂജയെടുപ്പും വിദ്യാരംഭവും വിവിധ പരിപാടികളും തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.