കൊല്ലം: വേഗപ്പൂട്ടിൽ 60 കി.മീ പരിധി ക്രമീകരിച്ച സ്വകാര്യബസ് 70 കി.മീറ്ററിലധികം വേഗത്തിൽ ഓടിച്ചതിൻെറ പശ്ചാത്തലത്തിൽ ട്രാൻസ്പോ൪ട്ട് കമീഷണ൪ ഋഷിരാജ് സിങ് നഗരത്തിൽ മിന്നൽ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ ഏഴോടെ പള്ളിമുക്കിലാണ് കമീഷണ൪ പരിശോധന ആരംഭിച്ചത്. തുട൪ന്ന് നാല് ബസുകൾ പരിശോധിച്ചു. സ്പീഡ് ഗവേണ൪ ഘടിപ്പിച്ചിട്ടുണ്ടോ, അവയിൽ മുദ്രണമുണ്ടോ, മുദ്ര ചെയ്ത വാഹനങ്ങളുടെ വേഗം, വാഹനത്തിൻെറ ക്ഷമത എന്നിവയാണ് നിരീക്ഷിച്ചത്. ആണ്ടാമുക്കം ബസ് സ്റ്റാൻഡിലും നാല് ബസുകളിൽ പരിശോധന നടത്തി. പരിശോധയിൽ ക്രമക്കേട് കണ്ടെത്തിയിട്ടില്ല. ജില്ലയിലെ മുദ്രണ നടപടികളും കമീഷണ൪ വിലയിരുത്തി. സീൽ ചെയ്ത വാഹനങ്ങളിൽ പരിശോധന ക൪ശനമാക്കും.
60 കി.മീ പരിധിയിൽ വേഗപ്പൂട്ട് ക്രമീകരിച്ച് മുദ്ര ചെയ്ത സ്വകാര്യബസ് 70 കി.മീറ്ററിൽ അധികം വേഗത്തിൽ ഓടിയ സംഭവം ഗൗരവത്തോടെയാണ് അധികൃത൪ കാണുന്നത്. കൂടുതൽ ബസുകളിൽ ഇത്തരത്തിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നറിയാനാണ് പരിശോധന ക൪ശനമാക്കുന്നത്. ഇത്തരം കൃത്രിമം തടയുന്നതിന് മോട്ടോ൪ വാഹന വകുപ്പിലെ സാങ്കേതിക വിദഗ്ധരുടെ യോഗം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേ൪ന്നിരുന്നു.
വിവിധ കമ്പനികൾ വേഗപ്പൂട്ടുകളിൽ വ്യത്യസ്ത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം കൃത്രിമം നടന്ന ബസിൽ സോഫ്റ്റ് വെയ൪ ക്രമീകരണത്തിനുള്ള പോ൪ട്ട് വഴി വേഗപരിധി മാറ്റിയെന്നാണ് പ്രാഥമിക നിഗമനം. വേഗപ്പൂട്ടുകളിലെ ഇത്തരം പോ൪ട്ടുകൾ കൂടി സീൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. സ്പീഡ് ഗവേണറിൻെറ പ്രവ൪ത്തനങ്ങളിൽ സാങ്കേതിക പരിജ്ഞാനമുള്ളവരുടേയോ സ്പീഡ് ഗവേണ൪ കമ്പനിയുടെയോ സഹായമില്ലാതെ ഇത്തരത്തിൽ വേഗപരിധി ഉയ൪ത്തനാവില്ലെന്നാണ് കരുതുന്നത്. കമ്പനികളാണ് ഇത്തരം കൃത്രിമങ്ങൾക്ക് കൂട്ടുനിൽക്കുന്നതെങ്കിൽ അവ൪ക്കെതിരെ നടപടിസ്വീകരിക്കും . കൃത്രിമം നടത്തിയതിനെ തുട൪ന്ന് കൊല്ലം-ഭരണിക്കാവ് റൂട്ടിൽ ഓടുന്ന സ്വകാര്യബസിൻെറ ഫിറ്റ്നസ് അധികൃത൪ ബുധനാഴ്ച റദ്ദാക്കിയിരുന്നു.
യന്ത്രം കേടായതാവാമെന്നാണ് ജീവനക്കാരുടെ വിശദീകരണം. കഴിഞ്ഞ രണ്ടിന് ആശ്രമത്ത് നടന്ന പരിശോധനയിൽ ഹാജരാക്കി മുദ്രചെയ്ത ബസാണ് കൃത്രിമം നടത്തി 70 കി.മീറ്ററിന് മുകളിൽ പാഞ്ഞത്. ഈ ബസ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.
മുദ്രണ നടപടികൾക്കൊപ്പം പൊതുപരിശോധനകളും ഇനിയുള്ള ദിവസങ്ങളിൽ സജീവമാക്കാനാണ് മോട്ടോ൪ വാഹനവകുപ്പിൻെറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.