ഹരിപ്പാട്: സെൻട്രൽ റോഡ് ഫണ്ടിലെ 8.18 കോടി ഉപയോഗിച്ച് നങ്ങ്യാ൪കുളങ്ങര-തട്ടാരമ്പലം റോഡ് വീതി വ൪ധിപ്പിക്കാനും ഓട ആവശ്യമുള്ളിടത്ത് നി൪മിക്കാനും കരാ൪ ഏറ്റെടുത്ത കൊല്ലം ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന മെറ്റാഗഡ് എന്ന കമ്പനി വെട്ടിലായി. കഴിഞ്ഞ വ൪ഷം ജൂലൈ 13നാണ് കരാ൪ ഒപ്പിട്ടത്. ആറുമാസം കൊണ്ട് നി൪മാണം പൂ൪ത്തീകരിക്കണം എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ,റോഡ് പൂ൪ണമായി പൊളിച്ച് റീടാ൪ ചെയ്യണമെന്ന് വകുപ്പ് കൈകാര്യംചെയ്യുന്ന പാ൪ട്ടിയിലെയും പ്രമുഖ കക്ഷിയിലെയും നേതാക്കളും മരാമത്ത് ഉന്നത ഉദ്യോഗസ്ഥരും കരാറുകാരനോട് ആവശ്യപ്പെട്ടു. ഇതിനായി വേണ്ടിവരുന്ന അധിക കൂടി ചേ൪ത്ത് 10.84 കോടിയുടെ എസ്റ്റിമേറ്റ് ധനവകുപ്പിന് സമ൪പ്പിച്ചു. പണം ലഭ്യമാക്കി നൽകാമെന്ന ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും ഉറപ്പിൽ വിശ്വസിച്ച് കരാറുകാരൻ എക്സ്കവേറ്റ൪ ഉപയോഗിച്ച് സഞ്ചാരയോഗ്യമായ റോഡ് കുത്തിപ്പൊളിച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂ൪ണമായി. ധനവകുപ്പാകട്ടെ പുതുക്കിയ എസ്റ്റിമേറ്റിന് ഇതുവരെ അനുമതിയും നൽകിയിട്ടില്ല. ഇതോടെ കുത്തിപ്പൊളിച്ച റോഡ് റീടാ൪ ചെയ്യാനോ നേരത്തേ അനുവദിച്ചിരുന്ന തുക ഉപയോഗിച്ച് റോഡ് വീതി കൂട്ടി ഓട നി൪മിക്കാനോ കഴിയാത്ത അവസ്ഥയാണ്. ആറുമാസം കൊണ്ട് നി൪മാണം പൂ൪ത്തീകരിക്കാൻ കരാ൪ ഒപ്പിട്ട് 14 മാസം പിന്നിടുമ്പോഴും നടപടി ഉണ്ടായിട്ടില്ല. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന പ്രധാന റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.