തിരുവനന്തപുരം: സംഘടനാതത്ത്വങ്ങൾ താൻ ചിലപ്പോഴെല്ലാം ലംഘിച്ചിട്ടുണ്ടെന്ന് പി.ബി കമീഷന് മുന്നിൽ വി.എസ്. അച്യുതാനന്ദൻെറ സ്വയം വിമ൪ശം. എന്നാൽ കൃത്രിമവും വിഭാഗീയവുമായി സംഘടിപ്പിക്കപ്പെട്ട ഭൂരിപക്ഷത്തെ ഉപയോഗിച്ച് നേതൃത്വം തെറ്റായ നയങ്ങൾ തുട൪ച്ചയായി നടപ്പാക്കുന്ന ഘട്ടത്തിലാണ് സംഘടനാതത്ത്വം വിട്ട് കാര്യങ്ങൾ പുറത്ത് പറയേണ്ടിവരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.എം കേരള ഘടകത്തിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി കമീഷൻെറ സാന്നിധ്യത്തിൽ സെപ്റ്റംബ൪ 28ന് ചേ൪ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു വി.എസിൻെറ കുമ്പസാരം. തെറ്റുകൾ ഏറ്റു പറയുമ്പോഴും, തന്നെ അതിലേക്ക് തള്ളിവിട്ടത് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ സമീപനമായിരുന്നുവെന്നായിരുന്നു പ്രസംഗത്തിൻെറ കാതൽ. ‘സംഘടനാതത്ത്വം അനുസരിച്ച് ഇത് അച്ചടക്ക ലംഘനമാണ്. എന്നാൽ സംഘടന എന്നത് രാഷ്ട്രീയം നടപ്പാക്കാനുള്ള വേദി മാത്രമാണ്. അതിൻെറ രാഷ്ട്രീയം നഷ്ടപ്പെടുത്തി തെറ്റുകൾ നടപ്പാക്കുകയും അത് അടിക്കടി ആവ൪ത്തിക്കുകയും ചെയ്യുമ്പോൾ തിരുത്താൻ കഴിയുന്നില്ല. വിഭാഗീയമായി സംഘടിപ്പിക്കപ്പെട്ട ഭൂരിപക്ഷം ഉപയോഗിച്ച് തെറ്റായ നയങ്ങൾ നേതൃത്വം നടപ്പാക്കുകയാണ്. അത്തരം ഘട്ടത്തിൽ സംഘടനാതത്ത്വം വിട്ട് പുറത്ത് പറയേണ്ടിവരും. സംഘടനാപരമായി അത് തെറ്റാണെന്ന് അംഗീകരിക്കുന്നു. പക്ഷേ, വേറെ എന്താണ് മാ൪ഗം. വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ കാലാകാലങ്ങളിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ സമയത്ത് ഇടപെടുന്നതിൽ കേന്ദ്ര നേതൃത്വം വീഴ്ച വരുത്തി വി.എസ് തുറന്നടിച്ചു.
മുൻകാലങ്ങളിൽ അച്ചടക്കനടപടിയുടെയോ സമ്മ൪ദങ്ങളുടെയോ ഭാഗമായി മാത്രമാണ് വി.എസ് ഏറ്റു പറച്ചിൽ നടത്തിയിരുന്നത്. എന്നാൽ നി൪ണായകമായ പി.ബി കമീഷന് മുമ്പാകെ സ്വമേധയാ നടത്തിയ സ്വയം വിമ൪ശത്തിൻെറ മുനകൾ തങ്ങൾക്ക് നേരെയാണ് നീങ്ങുന്നതെന്നാണ് ഒൗദ്യോഗികപക്ഷത്തിൻെറ വിലയിരുത്തൽ. പി.ബി കമീഷന് തലവേദനയാകുന്നതും വി.എസിൻെറ ഇരുതല മൂ൪ച്ചയുള്ള ഏറ്റുപറച്ചിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.