90 ശതമാനം ചോദ്യങ്ങളും ഒരു ഗൈഡില്‍നിന്ന്; പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യം

ആലപ്പുഴ: പി.എസ്.സി സെപ്റ്റംബ൪ 28ന് നടത്തിയ ജൂനിയ൪ കോഓപറേറ്റിവ് ഇൻസ്പെക്ട൪ പരീക്ഷ റദ്ദാക്കണമെന്ന് ഒരുവിഭാഗം ഉദ്യോഗാ൪ഥികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പി.എസ്.സി അധികൃത൪ക്ക് പരാതി നൽകിയതായും അവ൪ പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു കോളജ് അധ്യാപകൻ തയാറാക്കിയ ഗൈഡിൽനിന്നാണ് 90 ശതമാനം ചോദ്യങ്ങളും വന്നത്. സിലബസിൽ എട്ട് അധ്യായങ്ങളാണുണ്ടായിരുന്നതെങ്കിലും പരീക്ഷയിൽ ഗൈഡിലെ അഞ്ച് അധ്യായങ്ങളിൽനിന്നുള്ള ചോദ്യങ്ങളാണ് വന്നത്.
സിലബസിൽ ഉൾപ്പെട്ടിരുന്ന കോഓപറേറ്റിവ് ലോ, അക്കൗണ്ടിങ്, അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുണ്ടായില്ല. ഗൈഡിലെ തെറ്റായതും അവ്യക്തമായതുമായ ചോദ്യങ്ങൾ പരീക്ഷയിലും ആവ൪ത്തിച്ചതായി ഉദ്യോഗാ൪ഥികൾ ആരോപിച്ചു. പരീക്ഷക്ക് ഈ ഗൈഡിൽ നിന്നാകും ചോദ്യങ്ങൾ വരികയെന്ന്് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില കോച്ചിങ് സെൻററുകളിൽ പഠിച്ച ഉദ്യോഗാ൪ഥികളോട് നടത്തിപ്പുകാ൪ പറഞ്ഞതായി അറിയാൻ കഴിഞ്ഞതായും അവ൪ പറഞ്ഞു. പരീക്ഷക്ക് വന്ന ചോദ്യങ്ങളോടൊപ്പം മറ്റ് നൂറുചോദ്യങ്ങളും അടങ്ങിയ ബുക്ലെറ്റ് ചില സെൻററുകളിൽ നേരത്തെ വിതരണം ചെയ്തിരുന്നതായും ഇവിടങ്ങളിലെ ഉദ്യോഗാ൪ഥികളോട് പരീക്ഷക്ക് വരുന്ന ചോദ്യങ്ങളിൽ മൂന്ന് ചോദ്യങ്ങൾക്ക് തെറ്റായി ഉത്തരങ്ങൾ രേഖപ്പെടുത്തണമെന്ന് നി൪ദേശം നൽകിയിരുന്നതായി അറിയാൻ കഴിഞ്ഞെന്നും ഉദ്യോഗാ൪ഥികൾ പറഞ്ഞു. 2010ലാണ് കോഓപറേറ്റിവ് ഇൻസ്പെക്ട൪ പരീക്ഷക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ 28ന് നടന്ന പരീക്ഷ 42,524 പേരാണ് എഴുതിയത്. 300ലേറെ കോഓപറേറ്റീവ് ഇൻസ്പെക്ട൪മാരുടെ ഒഴിവാണ് സംസ്ഥാനത്തുള്ളത്. വാ൪ത്താസമ്മേളനത്തിൽ അ൪. രതീഷ്, പി. ബിജുകുമാ൪, ടി.പി. ജയിംസ്, താരിഫ് കബീ൪, ജെംസൺ തോമസ്, കെ. സമന്യ, എസ്. സീമ, വിമൽ എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.