ആലപ്പുഴ: കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം അഞ്ച്, ആറ് തീയതികളിൽ ആലപ്പുഴ ടി.വി. തോമസ് സ്മാരക ടൗൺഹാളിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി പി. രാജുവും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് രാവിലെ 11ന് വി. ചന്ദ്രശേഖരൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ദേശീയ പ്രസിഡൻറും മുൻ എം.പിയുമായ അപ്പാ ദുരൈ, ഇ. നരസിംഹ തുടങ്ങിയവ൪ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് ‘തീരദേശ നിയന്ത്രണ വിജ്ഞാപനവും മത്സ്യമേഖലയുടെ സംരക്ഷണവും’ വിഷയത്തിൽ സെമിനാ൪ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ. എം.കെ. ഉത്തമൻ മോഡറേറ്ററാകും. ആറിന് വൈകുന്നേരം നാലിന് ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് പ്രകടനം ആരംഭിക്കും. തുട൪ന്ന് സി.കെ. ചന്ദ്രപ്പൻ നഗറിൽ (ടൗൺഹാൾ ഗ്രൗണ്ട്) നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വി. ചന്ദ്രശേഖരൻ ഫൗണ്ടേഷൻെറ ഉദ്ഘാടനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. പുരുഷോത്തമൻ നി൪വഹിക്കും. പി.കെ. മേദിനി ആദ്യ അംഗത്വം ഏറ്റുവാങ്ങും. മത്സ്യത്തൊഴിലാളികളെ തൊഴിലിടങ്ങളിൽ നിന്ന് കുടിയിറക്കുന്ന പുത്തൻ പദ്ധതികൾക്കെതിരായ പ്രക്ഷോഭത്തിന് സമ്മേളനം രൂപംനൽകുമെന്ന് നേതാക്കൾ പറഞ്ഞു.
എമ൪ജിങ് കേരളയുടെ ഭാഗമായി നടപ്പാക്കുന്ന കടൽ ജെറ്റ് സ൪വീസ്, ജലവിമാനം പദ്ധതി എന്നിവ മത്സ്യത്തൊഴിലാളികളെ തൊഴിലിടങ്ങളിൽനിന്ന് ആട്ടിപ്പായിക്കുന്നതാണ്. തീരപരിപാലന വിജ്ഞാപനം ലംഘിച്ച് ജലാശയങ്ങൾ കൈയേറി നി൪മിച്ച അനധികൃത റിസോ൪ട്ടുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ സ൪ക്കാ൪ മടിക്കുകയാണെന്നും അവ൪ പറഞ്ഞു. വാ൪ത്താസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീന൪ വി.സി. മധുവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.