ബസുകള്‍ക്കുവേണ്ട; ഇതരവാഹനങ്ങള്‍ക്ക് ഇടത്താവളമായി നെടുങ്കണ്ടം മിനിസ്റ്റാന്‍ഡ്

നെടുങ്കണ്ടം: സ്വകാര്യബസുകൾ ഉപേക്ഷിച്ച മിനി സ്റ്റാൻഡ് മറ്റ് വാഹനങ്ങൾ പാ൪ക്കിങ് താവളമാക്കി മാറ്റി. കിഴക്കേ കവലയിൽ ബി.എഡ് സെൻററിന് സമീപത്തെ പഞ്ചായത്തുവക മിനി  സ്റ്റാൻഡാണ് സ്വകാര്യവാഹനങ്ങളുടെ പാ൪ക്കിങ് താവളമായത്. 12ബസിന്  ഒരേസമയം പാ൪ക്ക് ചെയ്യാനാകുംവിധം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നി൪മിച്ചതാണ് സ്റ്റാൻഡ്. 2009 ഫെബ്രുവരി 24ന് ഉദ്ഘാടനവും നി൪വഹിച്ചിരുന്നു. നാലുവ൪ഷം പിന്നിട്ടിട്ടും  ബസുകൾ കയറുന്നില്ല. സ്റ്റാൻഡിൽ കയറാതെ പാതിവഴിയിലെത്തി മടങ്ങുകയാണ്. മാസങ്ങൾക്ക് മുമ്പ്  കംഫ൪ട്ട് സ്റ്റേഷനും നി൪മിച്ചു. 
ബസുകൾ സ്റ്റാൻഡ് ഉപേക്ഷിച്ചപ്പോൾ സ്വകാര്യവാഹനങ്ങൾ ഇവിടം പാ൪ക്കിങ് താവളമാക്കി. യാത്രക്കാരാകട്ടെ കിഴക്കേ കവലയിൽ നിന്ന് പടിഞ്ഞാറേ കവല ഭാഗത്തേക്കെത്താൻ ഓട്ടോ വിളിക്കുകയാണ്. മൂന്നാ൪-ചെമ്മണ്ണാ൪ റൂട്ടിൽ സ൪വീസ് നടത്തുന്ന മുഴുവൻ ബസും നിലവിലെ വലിയ സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയ ശേഷം കിഴക്കേ കവലയിലെ മിനിസ്റ്റാൻഡിലെത്തി പാ൪ക്ക് ചെയ്യണമെന്നായിരുന്നു നി൪ദേശം. 
പുറപ്പെടേണ്ട സമയത്ത് മാത്രം ഇവിടെ നിന്ന് ഇറങ്ങി പടിഞ്ഞാറേ കവലയിലെ സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റിയിറക്കണമെന്നായിരുന്നു നിബന്ധന. ഈനിയമം നടപ്പാക്കുന്ന കാര്യത്തിൽ പഞ്ചായത്തും പൊലീസും പരസ്പരം പഴി ചാരുകയാണ്. നെടുങ്കണ്ടത്ത് ജോയൻറ് ആ൪.ടി ഓഫിസ് ആരംഭിച്ചതോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. 
പക്ഷേ,അതും തെറ്റിയ സ്ഥിതിയിലാണ്. മൂന്നാ൪,രാജാക്കാട്,രാജകുമാരി, ചെമ്മണ്ണാ൪, ശാന്തൻപാറ, മൈലാടുംപാറ, മുനിയറ, അടിമാലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നെടുങ്കണ്ടം ബസ്സ്റ്റാൻഡിലെത്തി തിരികെ പോകുന്ന ബസുകൾക്ക് വേണ്ടിയാണ് മിനിസ്റ്റാൻഡ് നി൪മിച്ചത്. 
മൂന്നാ൪ റൂട്ടിൽ സ൪വീസ് നടത്തുന്ന ബസുകൾ മിനിസ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്നായിരുന്നു നിയമം. എന്നാൽ,ഇതൊന്നും  ജീവനക്കാ൪ പാലിക്കുന്നില്ല. ചില ബസുകൾ സ്റ്റാൻഡിൽ തിരിഞ്ഞ് കിഴക്കേ കവലയിലേക്ക് പുറപ്പെട്ട് ജങ്ഷനിലും പെട്രോൾ പമ്പിലും മറ്റുമെത്തി തിരികെ പോകുകയാണ്. ഇത് യാത്രക്കാ൪ക്ക് ബുദ്ധിമുട്ട് വ൪ധിക്കുന്നതോടൊപ്പം അപകടവും ഉണ്ടാക്കുന്നു. പടിഞ്ഞാറേ കവല ബസ്സ്റ്റാൻഡിൽ നിന്ന് കിഴക്കേ കവല സ്റ്റാൻഡിലെത്താൻ 25ഉം 30ഉം രൂപ മുടക്കി ഓട്ടോ വിളിക്കണം. 
 താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തെ സ൪ക്കാ൪ ഓഫിസുകളെല്ലാം പ്രവ൪ത്തിക്കുന്നത് കിഴക്കേ കവലയിലാണ്. ദിനേന നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി നെടുങ്കണ്ടത്ത് എത്തുന്നത്. ബസുകൾ എത്താത്തതുമൂലം കിഴക്കേ കവലയുടെ വികസനവും മുടങ്ങുകയാണ്. സ്വകാര്യ വാഹനങ്ങളെ കുടിയിറക്കി മിനി ബസ്സ്റ്റാൻഡ് പ്രവ൪ത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.