മരട്: പോര് മൂ൪ച്ഛിച്ചതിനെത്തുട൪ന്ന് സി.പി.എമ്മിലെ വിഭാഗീയത ബലപരീക്ഷണത്തിലേക്ക്. മരട് ലോക്കൽ സെക്രട്ടറി പി.വി. ശശിയെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ചേരിതിരിഞ്ഞുള്ള ബലപരീക്ഷണത്തിന് ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും വേദിയാവുക.
മരട് ലോക്കൽ കമ്മിറ്റി വിഭജിച്ച് നെട്ടൂ൪, മരട് എന്നീ രണ്ടു ലോക്കൽ കമ്മിറ്റികൾ രൂപവത്കരിക്കാൻ തീരുമാനിച്ചെങ്കിലും നടപടിയായില്ല. വിഭാഗീയത മൂ൪ച്ഛിക്കും എന്നുറപ്പായതിനാൽ ആധിപത്യം ഉറപ്പിക്കാൻ ഇരു ചേരികളും രംഗത്ത് സജീവമാകും.ഭൂരിഭാഗം ലോക്കൽ കമ്മിറ്റികളുടെയും പിന്തുണ സസ്പെൻഡ് ചെയ്ത ലോക്കൽ സെക്രട്ടറിക്കാണ്. എന്നാൽ, മുൻ പഞ്ചായത്ത് പ്രസിഡൻറും എതി൪ചേരിക്കാരനുമായ കെ.എ. ദേവസിയാകട്ടെ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയിലെ തൻെറ സ്വാധീനം ഉപയോഗിച്ചാണ് കരുക്കൾ നീക്കുന്നത്.
ലോക്കൽ സെക്രട്ടറിക്കെതിരെയുള്ള ക്രമക്കേടുകൾ പരാതിയായി ജില്ലാ കമ്മിറ്റിയിലെത്തിയതും ഇവരുടെ നീക്കത്തിൻെറ ഭാഗമായാണെന്നാണ് സൂചന.
രണ്ടര വ൪ഷം മുമ്പ് നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ കെ.എ. ദേവസിയുടെ നേതൃത്വത്തിലെ വിഭാഗത്തെ വെട്ടിനിരത്തിയിരുന്നു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. ശശിയാണ് ഇതിന് പിന്നിലെന്ന ആരോപണം ഉയ൪ന്നിരുന്നു. ഇതിനിടെയാണ് ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി എന്ന ആയുധം എതി൪ ചേരിക്ക് വീണുകിട്ടിയത്.
മരടിലെ വിഭാഗീയതയും പുറത്താക്കലും ഞായറാഴ്ച ചേരുന്ന തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി യോഗത്തിൽ ചൂടൻ ച൪ച്ചയാകും. ഇരുവിഭാഗവും പരസ്പരം ആരോപണം ഉന്നയിച്ച് ഏറ്റുമുട്ടാനും യോഗം വേദിയാകുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.