അരൂ൪: നാടിനെ നടുക്കിയ അരൂരിലെ ട്രെയിൻ ദുരന്തത്തിന് തിങ്കളാഴ്ച ഒരാണ്ട്. 2012 സെപ്റ്റംബ൪ 23നായിരുന്നു രണ്ട് വയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേ൪ മരിക്കാനിടയായ അപകടമുണ്ടായത്. അരൂ൪ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തെ വില്ലേജ് റോഡിലൂടെ ഹൈവേയിലേക്ക് വരികയായിരുന്ന ഇൻഡിക്ക കാറിൽ ഹാപ്പാ-തിരുനെൽവേലി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
ആളില്ലാ ലെവൽക്രോസിലൂടെ കടന്നുവന്ന കാറിലെ മുഴുവൻ യാത്രികരും തൽക്ഷണം മരിച്ചു. ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും തക൪ന്ന കാറുമെല്ലാം നടുക്കുന്ന ഓ൪മകളായി ഇന്നും നാട്ടുകാരുടെ മനസ്സിലുണ്ട്. അരൂ൪ കളത്തിൽ സോമൻെറ മകൻ സുമേഷ് (28), അരൂ൪ നെയ്ത്തുപുരക്കൽ വിൻസെൻറിൻെറ ഏകമകൻ നെൽഫിൻ (രണ്ട്), പൂച്ചാക്കൽ കല്ലിങ്കൽ ചെല്ലപ്പൻ (50), വൈപ്പിൻ എളങ്കുന്നപ്പുഴ അമ്മപ്പറമ്പിൽ കാ൪ത്തികേയൻ (65), പെരുമ്പളം കൊച്ചുപറമ്പിൽ നാരായണൻ (56) എന്നിവരാണ് മരിച്ചത്. ഉടമയായ സുമേഷാണ് കാ൪ ഓടിച്ചത്.
സുമേഷിൻെറ ജ്യേഷ്ഠൻ ജിനീഷിൻെറ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചെല്ലപ്പൻ, കാ൪ത്തികേയൻ, നാരായണൻ എന്നിവ൪. ഊണുകഴിഞ്ഞ് ഇവരെ ബസ് സ്റ്റോപ്പിൽ ഇറക്കാനായി കാറിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. സുമേഷിൻെറ അയൽവാസിയായ രണ്ടുവയസ്സുകാരൻ നെൽഫിൻ കാറിൽ ഓടിക്കയറിയപ്പോൾ ആരും തടഞ്ഞില്ല.
ദുരത്തിൻെറ ഉത്തരവാദിത്തം റെയിൽവേക്കാണെന്ന് ആരോപിച്ച് നാട്ടുകാ൪ പിന്നീടുവന്ന ട്രെയിനുകൾ തടഞ്ഞു. കല്ലേറുമുണ്ടായി. തുട൪ന്നുണ്ടായ സംഘ൪ഷത്തിൽ പൊലീസുകാ൪ ഉൾപ്പെടെ നിരവധിപേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. ഗേറ്റ് നി൪മിക്കാനുള്ള സാധനസാമഗ്രികൾ കിടന്ന് തുരുമ്പെടുക്കുന്ന ലെവൽക്രോസിലായിരുന്നു അപകടം. വടക്കുനിന്ന് ട്രെയിനുകൾ വന്നാൽ കാണാൻ കഴിയാത്തവിധം കാടുകയറുന്നത് വെട്ടിമാറ്റാനും റെയിൽവേ തയാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ തൊട്ടടുത്ത ദിവസം തന്നെ കാവൽക്കാരനും ഗേറ്റും എത്തി. സമീപത്തെ കളത്തിൽ റോഡിലും കാവൽക്കാരനെ നിയമിച്ചു.
ദുരന്തത്തിന് ഒരുവയസ്സ് തികയുമ്പോഴും റെയിൽവേ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകിയിട്ടില്ല. മരണം സംഭവിച്ച വീടുകളിലെ ഒരാൾക്ക് വീതം റെയിൽവേയിൽ ജോലി നൽകണമെന്ന് ലീഗൽ സ൪വീസ് അതോറിറ്റി ഉത്തരവിട്ടിരുന്നു.
പക്ഷേ, നടപടിയില്ല. റെയിൽവേയാണ് കുറ്റക്കാ൪ എന്നുകണ്ട് ഇൻഷുറൻസ് കമ്പനി നൽകാനിരിക്കുന്ന നഷ്ടപരിഹാരം പകുതിയായി കുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ദുരിതങ്ങളിൽ കഴിയുന്ന കുടുംബങ്ങൾ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരങ്ങൾക്കായി കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.