പുറത്തൂ൪:: പടിഞ്ഞാറെക്കരയെയും പൊന്നാനിയെയും ബന്ധിപ്പിച്ച് സ൪വീസ് നടത്തിയിരുന്ന ജങ്കാ൪ നി൪ത്തിവെച്ചതുമൂലമുള്ള യാത്രാ ക്ളേശത്തിന് പരിഹാരമായി പെരുന്നാൾ മുതൽ ജങ്കാ൪ സ൪വീസ് പുനരാരംഭിക്കും.
പൊന്നാനി നഗരസഭയുടെ ഉടമസ്ഥതയിൽ സ൪വീസ് നടത്തുന്ന കൊച്ചിൻ സ൪വീസിൻെറ ജങ്കാ൪ ആറുമാസം മുമ്പാണ് നഷ്ടത്തിൻെറ പേരിൽ നി൪ത്തിവെച്ചത്. ഇതുമൂലം പടിഞ്ഞാറക്കര, കൂട്ടായി നിവാസികൾ ദുരിതത്തിലായിരുന്നു. പുതിയ കരാറുകാ൪ ആരും ജങ്കാ൪ സ൪വീസ് നടത്താൻ തയാറാവാത്തതായിരുന്നു പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് കാരണമായത്. എന്നാൽ, ബദൽ മാ൪ഗം ഒരുക്കാൻ നഗരസഭക്ക് കഴിഞ്ഞില്ല. പടിഞ്ഞാറെക്കരയിലെയും പരിസരത്തേയും വിദ്യാ൪ഥികളടക്കമുള്ള നൂറ് കണക്കിന് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ കെ.ടി. ജലീൽ എം.എൽ.എക്ക് പരാതി നൽകിയിരുന്നു.
തുട൪ന്ന് എം.എൽ.എ കലക്ടറുമായി സംസാരിച്ചതിൻെറ അടിസ്ഥാനത്തിൽ എം.എൽഎമാരായ കെ.ടി. ജലീൽ, പി. ശ്രീരാമകൃഷ്ണൻ, തിരൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എം. അബ്ദുല്ലക്കുട്ടി എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മലപ്പുറത്ത് കലക്ടറുടെ ചേമ്പറിൽ വിളിച്ചുചേ൪ത്തിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച മുതൽ താൽക്കാലികമായി ബോട്ട് സ൪വീസ് ആരംഭിച്ചിരുന്നു. നഗരസഭയുമായി ജങ്കാ൪ സ൪വീസ് നടത്താൻ കരാറിലേ൪പ്പെട്ട കരാറുകാരനാണ് ജങ്കാ൪ ഓടിക്കുന്നതുവരെ ബോട്ട് സ൪വീസ് ആരംഭിച്ചത്. അറ്റകുറ്റപ്പണി കഴിയുന്ന മുറക്ക് ബലിപെരുന്നാളിന് മുമ്പ് അഴിമുഖത്ത് ജങ്കാ൪ സ൪വീസ് ആരംഭിക്കാൻ കഴിയുമെന്ന് കരാറുകാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
എം.എൽ.എയോ പുറത്തൂ൪ പഞ്ചായത്തോ പള്ളിക്കടവിൽ അഴിമുഖത്തിൻെറ എതി൪ഭാഗത്ത് ജെട്ടി നി൪മിക്കാൻ ഫണ്ട് അനുവദിക്കാൻ തയാറായാൽ ആ മാസം തന്നെ പൊന്നാനി -പടിഞ്ഞാറെക്കര -പുറത്തൂ൪ റൂട്ടിൽ ജങ്കാ൪ സ൪വീസ് ആരംഭിക്കാൻ കഴിയുമെന്നും കരാറുകാരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.