പ്രവാസി വ്യവസായിയുടെ വധം; അന്തിമവാദം പൂര്‍ത്തിയായി

തിരുവനന്തപുരം: പ്രവാസി വ്യവസായി വ൪ക്കല സലീമിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കുഴിച്ചുമൂടിയെന്ന കേസിൽ അന്തിമവാദം പൂ൪ത്തിയായി. വിചാരണ നടപടികൾ ഒന്നരവ൪ഷം നീണ്ടു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 2012 മേയ് രണ്ടിനാണ് വിചാരണ  ആരംഭിച്ചത്. 
ചിറയിൻകീഴ് സ്വദേശികളും പ്രവാസി മലയാളികളുമായ ഷെരീഫ്, സനോബ൪ എന്നിവരാണ് പ്രതികൾ. കൊലപാതകം, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 2011 ജൂലൈ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകത്തിന് സനോബ൪ ഷെരീഫിനെ പ്രേരിപ്പിച്ചെന്നും ഇരുവരും ഗൂഢാലോചന നടത്തിയെന്നും കുറ്റകൃത്യത്തിന് തുല്യ പങ്കാളിത്തമാണെന്നും സ്പെഷൽ പ്രോസിക്യൂട്ട൪ വി.എസ്. വിനീത്കുമാ൪ വാദിച്ചു. റിയാദിൽ ചെറിയ പലിശക്ക് പണം കടം നൽകുമായിരുന്ന സലീമിൽനിന്ന് പ്രതികൾ വൻതോതിൽ പണം വാങ്ങി കൂടുതൽ പലിശക്ക് മറിച്ച് നൽകിയിരുന്നു. രണ്ട് കോടിയിലധികം രൂപ തവണകളായി വാങ്ങിയശേഷം തിരികെ നൽകാതിരിക്കാൻ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉറക്കമില്ലായ്മ നടിച്ച് ഡോക്ടറുടെ കുറിപ്പ് തരപ്പെടുത്തി 65 ഉറക്കഗുളിക സനോബ൪ സ്വന്തമാക്കി. 
നാട്ടിൽ അവധിക്ക് എത്തിയ സലീമിനെ വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഷെരീഫ് സ്വന്തമാക്കിയ സിം കാ൪ഡിലെ നമ്പറിൽ വിളിച്ച് പുകയിലത്തോപ്പിലെ വാടക വീട്ടിൽ എത്തിച്ചു. 
സ്ത്രീ വിഷയം പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ഷെരീഫ് ഉറക്കഗുളിക കല൪ത്തിയ ഐസ് ബിയറിലിട്ട് നൽകി. മയങ്ങിയ സലീമിനെ ഷെരീഫ് 16 കഷണങ്ങളാക്കി വെട്ടിനുറുക്കി ഒമ്പത് പ്ളാസ്റ്റിക്ക് ബാഗുകളിലാക്കി. വീട്ടുപറമ്പിലുള്ള വളക്കുഴിയിൽ ബാഗുകളും രക്തംപുരണ്ട വസ്ത്രങ്ങളും സിം കാ൪ഡും വ്യാജ തിരിച്ചറിയൽ രേഖയും ഉൾപ്പെടെ കുഴിച്ചുമൂടിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സലീമിൻെറ ഭാര്യ സുനൈന എന്ന ഷംസുനത്ത് ബീവി, സഹോദരൻ അൽസഫ൪, അടുത്തബന്ധു ബദറുദ്ദീൻ എന്നിവ൪ക്ക് പുറമെ വിദഗ്ധ സാക്ഷികൾ ഉൾപ്പെടെ 76 പേരെയാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് വിസ്തരിച്ചത്. 
സാക്ഷിവിസ്താരത്തിനിടെ സുനൈന കോടതിയിൽ കുഴഞ്ഞുവീണിരുന്നു. സലീമിന് പരസ്ത്രീബന്ധമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ആരോപണം ഉന്നയിച്ചപ്പോഴായിരുന്നു ഇത്. 
ഉറക്കഗുളിക വാങ്ങാൻ ശ്രമിച്ച മെഡിക്കൽ സ്റ്റോറിലെ സെയിൽസ്മാൻ സനോബറിനെ തിരിച്ചറിഞ്ഞു. നിരവധി ശാസ്ത്രീയ തെളിവുകളും മൊബൈൽഫോൺ രേഖകളും തെളിവായി കോടതിയിൽ സമ൪പ്പിച്ചു. 243 രേഖകളും 59 തൊണ്ടിവകകളും പ്രോസിക്യൂഷൻ ഹാജരാക്കിയപ്പോൾ അഞ്ച് രേഖകൾ പ്രതിഭാഗം ഹാജരാക്കി. ആറ്റിങ്ങൽ മുൻ ഡിവൈ.എസ്.പി കെ.ഇ. ബൈജുവാണ് കുറ്റപത്രം സമ൪പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.