വാമനപുരത്ത് സി.പി.ഐയില്‍ കൂട്ട കൊഴിഞ്ഞുപോക്ക്

തിരുവനന്തപുരം: സി.പി.എം വിട്ടുവന്ന ‘പുത്തൻകൂറ്റുകാ൪ക്ക്’ സി.പി.ഐ-എ.ഐ.വൈ.എഫിൽ ലഭിക്കുന്ന അമിതപ്രധാന്യത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ എട്ട് പേ൪ പാ൪ട്ടി വിട്ടു. സി.പി.ഐ വാമനപുരം പാട്ടറ ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ കല്ലറ അഭിലാഷ്, യുവജന ജില്ലാ കമ്മിറ്റിയംഗം ദിവ്യ അഭിലാഷ്, എട്ട് ബ്രാഞ്ചംഗങ്ങൾ എന്നിവരാണ് സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേ൪ന്ന് പ്രവ൪ത്തിക്കാൻ തീരുമാനിച്ചത്. ജില്ലയിൽ ഇരുപാ൪ട്ടികളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ വാമനപുരത്ത് സി.പി.എമ്മിൽ നിന്ന് സി.പി.ഐയിലേക്ക് നടന്ന കൂടുമാറ്റത്തിൻെറ തുട൪ച്ചയാണ് പുതിയ സംഭവവികാസങ്ങൾ.
നാളുകൾക്ക് മുമ്പ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേ൪ന്ന ഏരിയാ കമ്മിറ്റിയംഗമായിരുന്ന റൈസും കൂട്ടരും വിഭാഗീയ പ്രവ൪ത്തനം നടത്തുന്നുവെന്ന ആക്ഷേപമാണ് ഇപ്പോൾ സി.പി.ഐയിലും എ.ഐ.വൈ.എഫിലും ഉയരുന്നത്. പാ൪ട്ടിക്ക് താരതമ്യേന ശക്തി കുറഞ്ഞ വാമനപുരത്ത് ഇരുന്നൂറോളം പ്രവ൪ത്തകരുമായി എത്തിയ റൈസിനെ മണ്ഡലം കമ്മിറ്റിയിൽ എടുത്താണ് സി.പി.ഐ ജില്ലാ നേതൃത്വം സി.പി.എം മേധാവിത്വത്തെ വെല്ലുവിളിച്ചത്. റൈസിനെതിരെ കടുത്ത ശാരീരിക ആക്രമണം ഉൾപ്പെടെ ഉണ്ടായപ്പോഴും സകല പിന്തുണയും നൽകിയ ജില്ലാ നേതൃത്വം മണ്ഡലം സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തിയത് കൂടാതെ വാമനപുരം മണ്ഡലത്തിലെ എ.ഐ.വൈ.എഫിൻെറ ചുമതലയും നൽകി. മാത്രമല്ല അദ്ദേഹത്തിനൊപ്പം വന്ന ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ക്കും എ.ഐ.വൈ.എഫിൽ പ്രധാന ചുമതലകൾ സി.പി.ഐ ജില്ലാ നേതൃത്വം നൽകിയിരുന്നു. എന്നാൽ, വ൪ഷങ്ങളായി മണ്ഡലത്തിൽ സി.പി.ഐയിലും എ.ഐ.വൈ.എഫിലും പ്രവ൪ത്തിച്ച പ്രവ൪ത്തകരെ അവഗണിച്ചാണ് സി.പി.എമ്മിൽ  വിഭാഗീയ പ്രവ൪ത്തനം നടത്തി പുറത്തായവ൪ക്ക് അന൪ഹമായ സ്ഥാനമാനങ്ങൾ നൽകുന്നതെന്ന ആക്ഷേപം ഉയ൪ന്നിരുന്നു. ഡി.വൈ.എഫ്.ഐ വിട്ടു വന്ന അഡ്വ.  ആ൪.എസ്. ജയനെ എ.ഐ.വൈ.എഫ് ജില്ലാ ജോയൻറ് സെക്രട്ടറിയായി തെരഞ്ഞെടുത്തതും ഇതിൻെറ പ്രതിഫലനമാണെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. ജില്ലാ ജോയൻറ് സെക്രട്ടറിയായി പ്രവ൪ത്തിച്ചിരുന്ന എം.ജി. ധനുഷിനെ കാരണമില്ലാതെ മാറ്റിയതിന് പിന്നിൽ സി.പി.ഐ ജില്ലാ നേതൃത്വത്തിലെ ചിലരുടെ താൽപര്യമായിരുന്നുവെന്നും ആക്ഷേപമുണ്ട്. വ൪ഷങ്ങളായി സി.പി.ഐയിലും എ.ഐ.വൈ.എഫിലും പ്രവ൪ത്തിച്ചിരുന്നവരെ ഒഴിവാക്കി പുതുതായി വന്നവ൪ സംഘടന പിടിച്ചെടുക്കുന്നതടക്കം ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ളെന്നും പാ൪ട്ടി വിട്ടവ൪ പറയുന്നു. തുട൪ന്ന് പ്രവ൪ത്തിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചതെന്ന് പാ൪ട്ടി ബ്രാഞ്ചംഗങ്ങളായ ഷബിൻ, വി. ബൈജു, ഷിബു, ആ൪. അഖിലേഷ്, ഷംനാദ്, അജിത്, സീജ അഖിലേഷ്, അജിത എന്നിവ൪ പ്രസ്താവനയിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.