കോട്ടയം: വ്യവസായ മേഖലക്ക് ഉണ൪വായി തുറന്ന നാട്ടകം തുറമുഖം നാലാംവ൪ഷത്തിലും അനാഥം. പദ്ധതിക്കായി വിനിയോഗിച്ച കോടികളും പാഴായി.
വ൪ഷങ്ങളായിട്ടും പുരോഗതിയുടെ പാതയിൽ എത്താത്ത തുറമുഖത്തിൽ ആറ് ജീവനക്കാരാണ് ജോലിക്കുള്ളത്. ‘പണിയെടുത്ത് മുഷിയുന്ന’ ഇവ൪ക്കെന്താണ് അകത്ത് ജോലിയെന്ന് തിരക്കിയാൽ വ്യക്തമായ മറുപടിയില്ല. ഇവരുടെ ജോലി അന്വേഷിച്ച് ആരെങ്കിലും എത്തിയാലും ഒരുപ്രയോജനവുമില്ല. മുഴുവൻ സമയവും അടച്ചിട്ടിരിക്കുന്ന പോ൪ട്ട്ഗേറ്റിന് മുന്നിൽ നിൽക്കുന്ന കാവൽക്കാരൻ അകത്തേക്ക് കടക്കാൻ സമ്മതിക്കില്ല. കോട്ടയത്തിൻെറ മേൽവിലാസം മാറ്റാൻ മുൻസ൪ക്കാ൪ കോടികൾ മുടക്കി പൂ൪ത്തിയാക്കിയ നാട്ടകം തുറമുഖത്തിൻെറ നേ൪ക്കാഴ്ചയാണിത്.
2009 ആഗസ്റ്റ് 17നാണ് അന്നത്തെ വ്യവസായമന്ത്രി എളമരം കരീം ഓണസമ്മാനമായി നാട്ടകം തുറമുഖം സമ്മാനിച്ചത്. 2013ലെ ഓണം എത്തിയിട്ടും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വ്യാവസായിക വള൪ച്ചക്ക് സഹായകമാകുന്ന ഒരു ഇടപെടലും ഇവിടെ ഉണ്ടായിട്ടില്ല.
കോടികൾ മുടക്കി ഏക്ക൪ കണക്കിന് പാടശേഖരങ്ങൾ ഏറ്റെടുത്ത് തുറമുഖ നി൪മാണം പൂ൪ത്തിയാക്കാൻ മുന്നിട്ടിറങ്ങിയത് മുൻ എം.എൽ.എ വി.എൻ. വാസവനായിരുന്നു.
ഉൾനാടൻ ജലമാ൪ഗത്തിലൂടെ ചരക്കുനീക്കം നടത്തുന്ന സംസ്ഥാനത്തെ ആദ്യതുറമുഖമെന്ന ഖ്യാതിയാണ് പദ്ധതി വിഭാവനം ചെയ്തത്. വേമ്പനാട്ടുകായലിൽ വൈക്കം, തണ്ണീ൪മുക്കം വഴി ചരക്ക് കണ്ടെയ്നറുകൾ ബാ൪ജുകളിൽ കൊച്ചി തുറമുഖത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം.
ഇതിലൂടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങളിലെ ചരക്കുകൾ റോഡ്മാ൪ഗം എത്തിക്കാനുള്ള ഭാരിച്ച ചെലവ് കുറയുമെന്നാണ് വ്യാപാരികളും പ്രതീക്ഷിച്ചിരുന്നത്. 85 കി.മീ. ദൈ൪ഘ്യമുള്ള ഉൾനാടൻ ജലഗതാഗത പാതയിലൂടെ മൂന്ന് ബാ൪ജിലായി തുറമുഖത്ത് എത്തുന്ന ചരക്കുകൾ കൊച്ചിയിൽ എത്തിക്കാനായിരുന്നു നീക്കം. എന്നാൽ, ബാ൪ജ് എത്തിക്കുന്നതിന് പ്രധാന തടസ്സമായത് ആഴമില്ലാത്ത ജലപാതകളായിരുന്നു.
ജലപാതയുടെ ആഴം വ൪ധിപ്പിക്കാതെ പദ്ധതിയിലൂടെ ഒരുടൺ ചരക്കുപോലും നാട്ടകം തുറമുഖത്തുനിന്ന് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കൊച്ചിയിലേക്ക് പോകുന്ന പ്രധാനജലപാതയിൽ തണ്ണീ൪മുക്കം ബണ്ടാണ് മറ്റൊരു തടസ്സം.
ഇതെല്ലാം മുൻകൂട്ടിയറിയാവുന്ന ഉദ്യോഗസ്ഥരടക്കമുള്ളവ൪ ചരക്ക് വന്നില്ലെങ്കിലും തുറമുഖം കോട്ടയത്ത് എത്തിയാൽ മതിയെന്ന നിലപാടാണ് അനാഥാവസ്ഥക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.ഉദ്ഘാടനശേഷം പൂ൪ണമായി നിലച്ച പദ്ധതിക്ക് ബാ൪ജ് കമീഷൻ ഉണ൪വായി മാറിയെങ്കിലും നടപടിക്രമങ്ങൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.