ബ്രസൽസ്: കാൽപാദത്തിലൊളിപ്പിച്ച മിന്നൽപ്പിണറുമായി ലോകം കീഴടക്കിയ ഉസൈൻ ബോൾട്ട് 2016 റിയോ ഡെ ജനീറോ ഒളിമ്പിക്സോടെ ട്രാക്കിനോട് വിടപറയുന്നു. ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനെന്ന വിശേഷണവുമായി റെക്കോഡ് പുസ്തകങ്ങളിൽ ഇടംനേടിയ ജമൈക്കക്കാരൻ വിടവാങ്ങൽ ഒളിമ്പിക്സ് അവിസ്മരണീയമാവുമെന്ന് പ്രഖ്യാപിച്ചാണ് വിരമിക്കൽ അറിയിച്ചത്.
‘റിയോയിൽ കൂടുതൽ സ്വ൪ണമെഡൽ സ്വന്തമാക്കും. 200 മീറ്ററിൽ അടുത്ത വ൪ഷം പുതിയ ലോക റെക്കോഡ് ഇടണമെന്നാണ് ആഗ്രഹം’ -വിരമിക്കൽ പ്രഖ്യാപനത്തിനിടെ ബോൾട്ട് പറഞ്ഞു. ഒരുപക്ഷേ, കോമൺവെൽത്ത് ഗെയിംസിലും തൻെറ സുവ൪ണമുദ്ര പതിഞ്ഞേക്കാം. അടുത്ത ഒളിമ്പിക്സിൽ തൻേറതായ ഒരിടം കണ്ടെത്തുകയും തുട൪ന്ന് വിശ്രമത്തിൻെറ നാളുകളാണ് തനിക്ക് മുന്നിലെന്നും ബോൾട്ട് വ്യക്തമാക്കി.
കഴിഞ്ഞ മാസം മോസ്കോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വ൪ണമെഡൽ വാങ്ങിക്കൂട്ടിയ ട്രാക്കിലെ മിസൈൽ എട്ട് സ്വ൪ണവും രണ്ട് വെള്ളിയുമായി ലോകത്തിലെ ഏറ്റവും തിളക്കമേറിയ താരമായിരിക്കുകയാണ്. 2009 ബെ൪ലിൻ ലോകചാമ്പ്യൻഷിപ്പിൽ ബോൾട്ട് കുറിച്ച സമയമാണ് 100, 200 മീറ്ററുകളിലെ ലോകറെക്കോഡ്. 100 മീറ്ററിൽ 9.58 സെക്കൻഡും 200 മീറ്ററിൽ 19.19 സെക്കൻഡുമാണ് ബോൾട്ടിൻെറ പേരിലുള്ളത്. 2008 ലെ ബെയ്ജിങ് ഒളിമ്പിക്സിലും 2012ലെ ലണ്ടൻ ഒളിമ്പിക്സിലും 100, 200, 4x100 മീറ്റ൪ റിലേയിലും മെഡൽ വാരിക്കൂട്ടി.
മുഹമ്മദ് അലിയെയും പെലെയേയും പോലുള്ള മഹാരഥന്മാരെപ്പോലെ ഉന്നതങ്ങളിൽ എത്തണമെങ്കിൽ വിരമിക്കുന്നതുവരെയും കുതിപ്പ് തുടരണമെന്നാണ് ബോൾട്ടിൻെറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.