മദ്യക്കമ്പനിയുടെ ജഴ്സി അണിഞ്ഞില്ല; ഓസീസ് താരത്തിനെതിരെ വംശീയ അധിക്ഷേപം

സിഡ്നി: മദ്യക്കമ്പനിയുടെ പരസ്യം പതിച്ച ജഴ്സി ധരിക്കാൻ വിസമ്മതിച്ച ആസ്ട്രേലിയയുടെ പാക് വംശജനായ ക്രിക്കറ്ററെ സോഷ്യൽ മീഡിയ തൂക്കിലേറ്റിയപ്പോൾ രക്ഷകരായി ക്രിക്കറ്റ് ആസ്ട്രേലിയ രംഗത്ത്. അടുത്തിടെ ആസ്ട്രേലിയൻ പൗരത്വം നേടി ദേശീയ ടീമിൽ അരങ്ങേറ്റംകുറിച്ച ഫവാദ് അഹ്മദാണ് കങ്കാരു നാട്ടിലെ പതുതാരം. ഇംഗ്ളണ്ടിനെതിരായ ട്വൻറി20 പരമ്പരയിൽ അരങ്ങേറ്റംകുറിച്ച ഫവാദ്  മതവിശ്വാസത്തിൻെറ പേരിൽ ജഴ്സിയിൽനിന്ന് മദ്യക്കമ്പനിയുടെ പരസ്യം നീക്കംചെയ്യാനാവശ്യപ്പെട്ടപ്പോൾ ക്രിക്കറ്റ് ആസ്ട്രേലിയ സമ്മതിച്ചെങ്കിലും വംശീയ വിദ്വേഷം മൂത്ത ആരാധക൪ക്ക് രസിച്ചില്ല. ഇതോടെയാണ് സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിൽ താരത്തിനെതിരെ വംശീയാധിക്ഷേപം ചൊരിഞ്ഞുകൊണ്ട് ആരാധക൪ ആഞ്ഞടിച്ചത്. ഫവാദിൻെറ മതവും വിശ്വാസവും നാടും ചോദ്യം ചെയ്ത ആരാധക ‘ഭ്രാന്ത്’ അതിരുകടന്നപ്പോൾ ബാറ്റും പാഡുമണിഞ്ഞ് പ്രതിരോധം തീ൪ക്കാൻ ക്രീസിലിറങ്ങിയത് ക്രിക്കറ്റ് ആസ്ട്രേലിയ തലവൻ ജെയിംസ് സത൪ലൻഡ് തന്നെ.
‘ക്രിക്കറ്റിനെ നയിക്കുന്നത് മതവും  അന്ധവിശ്വാസങ്ങളുമല്ല, പണവും ആരാധകരുമാണ്. രാജ്യത്തെ സംസ്കാരം ഉൾക്കൊള്ളാൻ കഴിയാത്തവ൪ പുറത്തുപോകണം’-സോഷ്യൽ മീഡിയയിൽ ഫവാദിനെതിരെ വന്ന ഒരു പ്രതികരണം ഇങ്ങനെയായിരുന്നു. ചില അഭിപ്രായങ്ങൾ  മുൻ ആസ്ട്രേലിയൻ കളിക്കാരൻ ഡീൻ ജോൺസിൻെറതായും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഹീനമായ  അധിക്ഷേപം നേരിടേണ്ടി വന്ന ഫവാദിന് പൂ൪ണ പിന്തുണ നൽകിയ ജെയിംസ് സത൪ലൻഡ്  സംഭവം തീ൪ത്തും നി൪ഭാഗ്യകരമായിപ്പോയെന്നും ക്രിക്കറ്റ് ആസ്ട്രേലിയ ഒരുവിധ വംശീയ വിവേചനവും ആരോടും കാണിക്കില്ലെന്നും വ്യക്തമാക്കി. ഫവാദിൻെറ കരിയറിന് എല്ലാവിധ പിന്തുണയും ക്രിക്കറ്റ് ആസ്ട്രേലിയ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.