അരൂ൪: എഴുപുന്ന പഞ്ചായത്തിലെ 140 ഏക്കറിൽ പൊക്കാളി നെൽകൃഷി നടത്തുന്ന പുത്തൻകരി പാടം മാതൃകാ കൃഷിഭൂമിയായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് കലക്ട൪ എൻ. പത്മകുമാ൪ അറിയിച്ചു. പൊക്കാളി സംരക്ഷണ സമരസമിതിയുടെ ആഭിമുഖ്യത്തിൽ പുത്തൻകരി പാടത്ത് നടത്തുന്ന ഞാറ്റുവേല ഉൾപ്പെടെയുള്ള കാ൪ഷിക പ്രവ൪ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത വ൪ഷം ജനങ്ങൾ മുൻകൈയെടുത്ത് എഴുപുന്ന പഞ്ചായത്തിലെ 350 ഏക്കറിൽ പൊക്കാളി നെൽകൃഷി ഫലപ്രദമായി നടത്താൻ വേണ്ട ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഉറപ്പാക്കും. അതിന് മുന്നോടിയായി ഓണാവധി ആരംഭിക്കുന്നതിന് മുമ്പുതന്നെ ബന്ധപ്പെട്ട വകുപ്പുകളുടെയും ക൪ഷകരുടെയും യോഗം വിളിച്ചുകൂട്ടും. പൊക്കാളി നെൽകൃഷിക്ക് സ൪ക്കാ൪ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തികാനുകൂല്യങ്ങൾ സമിതിക്ക് കാലവിളംബം കൂടാതെ ലഭിക്കാൻ നടപടിയെടുക്കും. പട്ടണക്കാട് ബ്ളോക്കിലെ പൊക്കാളി പാടങ്ങളെ ഓരുവെള്ളത്തിൻെറ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കാനായി അന്ധകാരനഴി, പുല്ലുവേലി, പേനാടി റെഗുലേറ്ററുകളും അതിനോടനുബന്ധിച്ചുള്ള ബണ്ടുകളും സമയബന്ധിതമായി പ്രവ൪ത്തനക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് നടപടിയെടുക്കും.
തേവര സേക്രഡ് ഹാ൪ട്ട് കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കപ്പള്ളിയുടെ നേതൃത്വത്തിൽ നേച്ച൪ ക്ളബിലെ 55 കുട്ടികൾ ഞാറ്റുവേല പ്രവ൪ത്തനങ്ങളെ സഹായിച്ചു. വോയ്സ് ഓഫ് ചെല്ലാനം എന്ന സന്നദ്ധസംഘടനയുടെ പ്രവ൪ത്തകരും ചേ൪ത്തല സെൻറ് മൈക്കിൾസ് കോളജ് നേച്ച൪ ക്ളബിലെ കുട്ടികളും കൃഷിപ്രവ൪ത്തനങ്ങളിൽ അണിനിരന്നു.
പാടശേഖരത്തിന് സമീപം നടന്ന യോഗത്തിൽ പൊക്കാളി സംരക്ഷണ സമരസമിതി കൺവീന൪ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. വിൻസെൻറ൪ ഡയറക്ട൪ സിസ്റ്റ൪ ആലീസ് ലൂക്കോസ്, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, പി.എസ്. മൈക്കിൾ, കെ.എൽ. ബെന്നി, കെ.ആ൪.തോമസ്, കെ.കെ. വിക്രമൻ, കെ.ആ൪. ജോണി, വ൪ഗീസ്കുട്ടി മുണ്ടുപറമ്പിൽ, എൻ.കെ. ശശികുമാ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.