ഉദ്ഘാടനവേദിക്ക് പഴുതടച്ച സുരക്ഷ; പുറത്തെ സംഘര്‍ഷം തടയാനായില്ല

മഞ്ചേരി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി മഞ്ചേരിയിൽ പഴുതടച്ച സുരക്ഷയൊരുക്കിയ പൊലീസിന് എൽ.ഡി.എഫ് -യു.ഡി.എഫ് ഏറ്റുമുട്ടൽ തടയാനായില്ല. ഇരുപക്ഷവും മുഖാമുഖം പോ൪വിളി നടത്തുമ്പോൾ കച്ചേരിപ്പടിയിൽ നൂറോളം പൊലീസ് മാത്രമാണുണ്ടായിരുന്നത്.
 രണ്ടായിരത്തോളം എൽ.ഡി.എഫ് പ്രവ൪ത്തകരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ  സംഘടിച്ചത്. ഉച്ചക്ക് ഒന്നരയോടെ എൽ.ഡി.എഫ് പ്രവ൪ത്തക൪ കച്ചേരിപ്പടി ബൈപാസ് ജങ്ഷനിൽ കേന്ദ്രീകരിച്ചിട്ടും കൂടുതൽ പൊലീസിനെ ഇവിടേക്ക് വിന്യസിച്ചില്ല. പ്രതിഷേധകേന്ദ്രമായ കോടതി പരിസരത്ത് പൊലീസിന് നേതൃത്വം നൽകാൻ ഡിവൈ.എസ്.പിമാ൪ പോലുമുണ്ടായിരുന്നില്ല. കച്ചേരിപ്പടി ബൈപാസ് ജങ്ഷനിൽ ഉച്ചക്ക് രണ്ടരയോടെ പ്രതിഷേധക്കാ൪ യു.ഡി.എഫ് പ്രവ൪ത്തകരുമായി ഉണ്ടായ സംഘ൪ഷമാണ് കൂടുതൽ അക്രമങ്ങൾക്ക് വിത്തുപാകിയത്.
 സംഭവത്തിൽ യു.ഡി.എഫ് പ്രവ൪ത്തക൪ക്ക് മ൪ദ്ദനമേറ്റിരുന്നു. ഇതിന് തിരിച്ചടിയെന്നോണമായി തുട൪ന്നുണ്ടായ അക്രമങ്ങൾ. ആദ്യസംഭവത്തിൽ പൊലീസ് അക്രമികളെ തടയാതെ നോക്കിനിന്നെന്നായിരുന്നു യു.ഡി.എഫ് പ്രവ൪ത്തകരുടെ ആരോപണം. മണിക്കൂറുകളോളം സംയമനം പാലിച്ച പൊലീസ് പിടിവിട്ടപ്പോഴാണ് ലാത്തിയടിയിലേക്കും ഗ്രനേഡ് പ്രയോഗത്തിലേക്കും തിരിഞ്ഞത്. 
വടിയും കല്ലുമായി ഏറ്റുമുട്ടലിലേക്ക് തിരിഞ്ഞ ഇരുപക്ഷത്തെയും പലവട്ടം ലാത്തിവീശിയും വിരട്ടിയുമാണ് പൊലീസ് നിയന്ത്രിച്ചത്. ഈ സമയത്തും ഉയ൪ന്ന പൊലീസ് ഉദ്യോഗസ്ഥ൪ സംഭവസ്ഥത്ത് എത്തിയില്ല. 
അതേസമയം, ഉദ്ഘാടനവേദിയിലും പരിസരത്തും പൊലീസ് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്. ഇന്ത്യൻ റിസ൪വ് ബറ്റാലിയൻെറ 30 കമാൻഡോകൾ വേദിയിലേക്കുള്ള വഴിയിൽ കാവൽനിന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് എച്ച്. മഞ്ജുനാഥ്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്.പി സഫിയുല്ല സെയ്ത് എന്നിവരുടെ നേതൃത്വത്തിൽ സായുധ പൊലീസ്, എം.എസ്.പി എന്നിവരടക്കം അഞ്ഞൂറോളം പൊലീസുകാ൪ യൂനിഫോമിലും മഫ്തിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. അംഗബലം കുറവായതിനാൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവ൪ ത്തകരുടെ ഇടയിൽപെട്ട പൊലീസിന് ഇരുപക്ഷത്തുനിന്നും കല്ളേറ് കൊണ്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.