കൊൽക്കത്ത: 2018ലെ ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഒരുക്കിയ ഐ ലീഗ് ടീം പൈലൻ ആരോസിന് അകാലചരമം. സ്പോൺസ൪മാരില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ ടീമിനെ ഗത്യന്തരമില്ലാതെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് എ.ഐ.എഫ്.എഫിൻെറ വിശദീകരണം.
ഇന്നലെ ചേ൪ന്ന അസോസിയേഷൻ യോഗത്തിലാണ് ആരോസിനെ ശരശയ്യയിലാക്കാൻ തീരുമാനമായത്. സ്പോൺസ൪മാരായിരുന്ന പൈലൻ ഗ്രൂപ്പ് സാമ്പത്തികസഹായം നൽകുന്നില്ലെന്നും ടീമിൻെറ അടിസ്ഥാന സൗകര്യങ്ങൾ ദയനീയമാണെന്നും വ്യക്തമാക്കിയ എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്, ടീമിനെ പിൻവലിക്കുകയല്ലാതെ ഒരു മാ൪ഗവുമില്ലായിരുന്നുവെന്നും പറഞ്ഞു. കരാ൪ പ്രകാരം ഇരുപതംഗ ടീമിലെ താരങ്ങൾക്കുള്ള ശമ്പളം തുട൪ന്നും നൽകും.
ടീമിലെ താരങ്ങൾക്ക് ഐ ലീഗിലെ മറ്റ് ടീമുകൾക്കായി കളിക്കാനാവുമെന്ന് സൂചിപ്പിച്ച അദ്ദേഹം മറ്റുള്ളവ൪ ഇന്ത്യയുടെ അണ്ട൪ 23 ടീമിൽ കളിക്കുമെന്നും വ്യക്തമാക്കി. സ്പോൺസ൪മാ൪ കൈയൊഴിഞ്ഞതോടെ കുറച്ചുദിവസങ്ങളായി ടീമംഗങ്ങൾക്ക് ഭക്ഷണം നൽകാൻ പോലും ബുദ്ധിമുട്ടുകയായിരുന്നുവെന്ന് അസോസിയേഷൻ അംഗങ്ങളിലൊരാൾ പറഞ്ഞു. പൈലൻ ആരോസിൻെറ അഭാവത്തിൽ 2013-14 ഐ ലീഗ് സീസണിലെ ടീമുകളുടെ എണ്ണം 14 ആയി ചുരുങ്ങി. 2018 ലോകകപ്പിന് ഇന്ത്യൻ ടീമിനെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തി വള൪ത്തിക്കൊണ്ടുവരാൻ 2010ലാണ് അസോസിയേഷൻ ഇന്ത്യൻ ആരോസ് എന്ന പേരിൽ ടീം രൂപവത്കരിച്ചത്. 2011ൽ പൈലൻ ഗ്രൂപ് സ്പോൺസ൪മാരായെത്തിയതോടെ ടീമിൻെറ പേര് പൈലൻ ആരോസ് എന്നാക്കി.
കഴിഞ്ഞ ലീഗിൽ 12ാം സ്ഥാനത്തായിരുന്ന ആരോസ് മൂന്നു സീസണിൽ ഐ ലീഗിൽ കളിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.