കേരളീയ നവോത്ഥാനത്തിൻെറ നായകസ്ഥാനത്ത് അഗ്രഗണ്യൻ ശ്രീനാരായണനാണ് എന്ന കാര്യം അംഗീകരിച്ചുകൊണ്ട് തന്നെ ഒപ്പം പറയേണ്ട പേരാണ് ചട്ടമ്പിസ്വാമികളുടേത്. ചട്ടമ്പിസ്വാമികൾ ജനിച്ചിട്ട് ഈയാഴ്ച 160 സംവത്സരങ്ങൾ പൂ൪ത്തിയായി. ഗ്രിഗോറിയൻ കലണ്ട൪ അനുസരിച്ച് ആഗസ്റ്റ് 25; കൊല്ലവ൪ഷ കണക്കിൽ ചിങ്ങം പതിനൊന്ന്; നക്ഷത്രം നോക്കിയാൽ ഭരണി.
ചട്ടമ്പിസ്വാമികൾ ശ്രീനാരായണന് ഗുരു ആയിരുന്നോ, രണ്ടുപേരും തൈക്കാട്ടയ്യാവിൻെറ സമശീ൪ഷരായ ശിഷ്യരായിരുന്നോ എന്ന് തുടങ്ങിയ വിവാദ വിഷയങ്ങളിലേക്ക് കടക്കാതെതന്നെ സ്വാമികളും ഗുരുദേവനും പരസ്പരം ബഹുമാനിച്ചിരുന്നു എന്ന് ഉറപ്പിക്കാൻ കഴിയും. പന്മനയിലേക്കുള്ള അന്ത്യയാത്രയിൽ പ്രാക്കുളത്തുള്ള തോട്ടുവയൽ വീട്ടിലാണ് സ്വാമികൾ കുറച്ച് ദിവസം വിശ്രമിച്ചത്. സ്വാമികളുടെ രോഗവിവരം നാടാകെ പരന്നു കഴിഞ്ഞിരുന്നു. ശ്രീനാരായണഗുരു വിവരം അറിഞ്ഞ് കാണാനത്തെി. രണ്ടാമത്തെ നിലയിലുള്ള ഒരു മുറിയിൽ ഒരു സോഫയിൽ കിടക്കുകയായിരുന്നു ചട്ടമ്പിസ്വാമികൾ. ശ്രീനാരായണനെ ആ സോഫയിൽ പിടിച്ചിരുത്തി എന്ന് ദൃക്സാക്ഷിയായ കൊറ്റിനാട്ട് നാരായണപിള്ള എഴുതിയിട്ടുണ്ട്. അന്നാണ് വിശ്രുതമായ ആ ഫോട്ടോ എടുത്തത്. ശ്രീനാരായണൻ, തീ൪ഥപാദപരമഹംസൻ എന്നിവ൪ക്ക് നടുവിൽ ചട്ടമ്പി സ്വാമികൾ. കൂടെ പറയട്ടെ, ചട്ടമ്പിസ്വാമികളുടെ ഫോട്ടോ രണ്ടേ രണ്ട് പ്രാവശ്യമാണ് എടുത്തിട്ടുള്ളത്. ഒന്ന് ഷഷ്ട്യബ്ദപൂ൪ത്തിവേളയിൽ, മറ്റേത് ഇപ്പറഞ്ഞതും.
ചട്ടമ്പിസ്വാമികൾ ഒരു അതുല്യ പ്രതിഭയായിരുന്നു. അദ്ദേഹത്തിൻെറ ബാല്യത്തിൽ നായന്മാ൪ക്ക് വേദം പഠിക്കാൻ ഒന്നും അനുവാദം ഉണ്ടായിരുന്നില്ല. ഒളിച്ചുനിന്ന് കേട്ടുപഠിച്ച ഏകലവ്യനാണ് സ്വാമികൾ. ഇതിൻെറ പ്രാധാന്യം അറിയണമെങ്കിൽ ശാങ്കരസ്മൃതി എന്നറിയപ്പെടുന്ന ‘ലഘുധ൪മപ്രവേശിക’യും കേണൽ മൺറോ ആധുനിക നീതിന്യായവ്യവസ്ഥ ഏ൪പ്പെടുത്തുന്നതിന് മുമ്പ് വ്യവഹാരവിഷയത്തിലെ പ്രാമാണിക ഗ്രന്ഥമായിരുന്നുവെന്ന് ഉള്ളൂ൪ വിവരിക്കുന്ന വ്യവഹാരമാലയും പരിശോധിച്ചാൽ മതി. ശൂദ്രന് ദാസ്യവൃത്തിയും നിരക്ഷരതയും ആയിരുന്നു ലഘുധ൪മ പ്രവേശിക വിധിച്ചതെങ്കിൽ വേദാധ്യയനം ചെയ്യുന്ന ബ്രാഹ്മണൻെറ അടുക്കലെങ്ങാനും നിന്ന് ആയതുകേട്ടുപോയാൽ ശൂദ്രൻെറ ചെവിയിൽ ഇത്തനാകവും അരക്കും ഈയവും ഉരുക്കി ഒഴിക്കണം എന്നാണ് വ്യവഹാരമാലയിൽ പറയുന്നത്. സ്നാതമശ്വം, ഗജംമത്തം, വൃഷഭം കാമമോഹിതം, ശൂദ്രം അക്ഷരസംയുക്തം ദൂരത$ പരിവ൪ജ്ജയേത് എന്നതായിരുന്നു നാട്ടുനടപ്പ്; അക്ഷരം പഠിച്ചെങ്കിൽ വേദം കേട്ടാലും തിരിയുകയില്ലല്ളോ എന്നതാവാം അതിൻെറ ന്യായം.
ആ കാലത്ത് ശൂദ്രൻ ദരിദ്രൻകൂടി ആയാൽ അവസ്ഥ ദാരുണമായിരിക്കുമെന്ന് പറയേണ്ടതില്ല. എന്നാൽ, പിൽക്കാലത്ത് ചട്ടമ്പി സ്വാമികൾ എന്ന് പ്രസിദ്ധനായ കുഞ്ഞൻപിള്ള പഠിക്കാൻ ഭാഗ്യം ഉണ്ടായവരുടെ ഓലകൾ കടം വാങ്ങി എഴുത്തും വായനയും പഠിച്ചു. പിന്നെയാണ് ഏകലവ്യഭാവം. അമ്മയുടെ ബന്ധുക്കൾ ജോലി ചെയ്തിരുന്ന കൊല്ലൂ൪ മഠത്തിലെ ഉണ്ണികൾ കുഞ്ഞൻ ഒളിഞ്ഞുനിന്ന് തങ്ങളുടെ പാഠങ്ങൾ പഠിക്കുന്ന വിവരം ഗുരുവിനെ അറിയിച്ചു. ഗുരു ആ വിജ്ഞാനദാഹിയോട് ദയ കാട്ടി. എന്തൊക്കെയാണ് ഈ ഏകലവ്യൻ അതുവരെ പഠിച്ചതെന്ന് പരിശോധിച്ചു. നേരിൽകേട്ട് പഠിച്ച ഉണ്ണികളേക്കാൾ മിടുക്കനാണ് കുഞ്ഞൻ എന്ന സത്യം ആ മഹാത്മാവിനെ ആക൪ഷിച്ചു. ഉണ്ണികളിൽ നിന്ന് പതിനാറടി ദൂരത്തിൽ-നായരും നമ്പൂരിയും തമ്മിൽ പാലിക്കേണ്ട ദൂരം- ഇരുന്ന് പഠിക്കാൻ കുഞ്ഞന് അനുവാദം കിട്ടി. ഉപരിപഠനത്തിന് പേട്ടയിൽ രാമൻ പിള്ളയാശാൻെറ അടുക്കലാണ് എത്തിയത്. അവിടെ വെച്ചാണ് കുഞ്ഞൻ ചട്ടമ്പിയായി അവരോധിക്കപ്പെട്ടത്. ചട്ടമ്പി സമം മോണിറ്റ൪ എന്നാണ് പറയാറ്. സത്യത്തിൽ ഇന്നത്തെ മോണിറ്ററേക്കാൾ പ്രതാപിയായിരുന്നു അന്നത്തെ ചട്ടമ്പി. ഗുരുവിൻെറ അസാന്നിധ്യത്തിൽ സതീ൪ഥ്യരെ വേണ്ടി വന്നാൽ ശിക്ഷിക്കാനും ചട്ടമ്പിക്ക് അധികാരമുണ്ടായിരുന്നു.
പേട്ടയിൽ പഠിക്കുമ്പോൾ തന്നെ ഭക്തി മാ൪ഗത്തിലേക്കും ഏകാന്തധ്യാനങ്ങളിലേക്കും തിരിഞ്ഞു ചട്ടമ്പി സ്വാമികൾ. അതുകൊണ്ടു കൂടിയാകാം പേട്ടയിൽ ധാരാളമായിരുന്ന ഈഴവ കുടുംബങ്ങളിൽ പോവുന്നതും ആഹാരം കഴിക്കുന്നതും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കിയില്ല. ഡോ. പൽപുവിൻെറ സഹോദരൻ പരമേശ്വരൻ സ്വാമിയുടെ സുഹൃത്തായിരുന്നു. അവിടെനിന്ന് ഭക്ഷണം കഴിച്ചത് ഒരു പരാതിക്ക് ഇടനൽകി. രാമൻപിള്ളയാശാൻ ചട്ടമ്പിയെ വിസ്തരിച്ചു. ‘പരമേശ്വരൻെറ വീട്ടിൽ പോയി തൊട്ടുണ്ണാറുണ്ട്, അല്ളേ?’മറുപടിയിൽ ഒരു മറുചോദ്യവും ഉണ്ടായി. ‘ഉവ്വ്. ആശാൻെറ വീട്ടിൽ നിന്ന് കഴിക്കാമെങ്കിൽ പരമേശ്വരൻെറ വീട്ടിൽനിന്ന് ആകരുതോ?’ ഉൽപതിഷ്ണുവായിരുന്ന ആശാൻ പിന്നെ ഒന്നും ചോദിച്ചില്ലത്രെ. ‘തൊട്ട് തിന്ന് നടക്കുന്ന തെണ്ടി’ എന്നൊക്കെ സ്വജാതിക്കാ൪ പരിഹസിക്കാതിരുന്നില്ല. കുഞ്ഞൻ പിള്ളയുടെ മതവിശ്വാസത്തിൻെറ അന്ത൪ധാര മാനുഷികം ആയിരുന്നതിനാൽ അദ്ദേഹം പതറിയില്ല.
അമ്മയെ പോറ്റാൻ ബാധ്യസ്ഥനായ ഏകസന്താനമായിരുന്നു ചട്ടമ്പി സ്വാമികൾ. ആ യത്നത്തിൻെറ ഭാഗമായി സെക്രട്ടേറിയറ്റ് പണിയുന്ന കാലത്ത് കല്ലും മണ്ണും ചുമന്നു അദ്ദേഹം. പിൽക്കാലത്ത് പ്രശസ്തനായ ശേഷം സെക്രട്ടേറിയറ്റിനെ നോക്കി സ്വാമികൾ തന്നെ കൽപിച്ചു. ‘ഈ കച്ചേരിയുടെ പണിക്ക് ഞാനും കുറേ മണ്ണ് ചുമന്നിട്ടുള്ളവനാണ്.’ മാതൃസഹോദരീപുത്രനായ ജ്യേഷ്ഠൻ കൃഷ്ണപിള്ള ആധാരമെഴുത്തുകാരനായിരുന്നു. അടുത്തഘട്ടം അവിടെ.
നല്ല കൈപ്പട രജിസ്ട്രാറെ സന്തുഷ്ടനാക്കി. കുഞ്ഞന് ആധാരം കിട്ടാത്ത ദിവസം സ൪ക്കാറിൽനിന്ന് എട്ടുചക്രം കൊടുക്കാൻ അദ്ദേഹം ഉത്തരവിട്ടു. ആ തുക അന്ന് ആധാരം കിട്ടാത്ത മറ്റ് എഴുത്തുകാരുമായി പങ്കിടുമായിരുന്നു കുഞ്ഞൻ. കൃഷ്ണപിള്ള ആ ധാരാളിത്തത്തെ വിമ൪ശിച്ചപ്പോഴും മറുപടിയിൽ മറുചോദ്യം ഉണ്ടായിരുന്നു. ‘അവരുടെ പട്ടിണി നമ്മുടെ പട്ടിണി പോലെ തന്നെ അല്ളേ, അണ്ണാ?’
ഹജൂ൪ കച്ചേരിയിൽ മാധവറാവു കുഞ്ഞനെ നിയമിച്ചതുൾപ്പെടെയുള്ള കഥകൾ വിസ്തരിക്കാതെ വിടുന്നു. എന്നാൽ, മനുഷ്യസ്നേഹിയെങ്കിലും ‘ശഠേ ശാഠ്യമാചരേൽ’ എന്ന സ്വഭാവവും ഉണ്ടായിരുന്നതിനാൽ കച്ചേരിയിലെ പണിപോയ കഥ പറയാതെ വയ്യ. ഒരു ദിവസത്തെ അവധി ചോദിച്ചപ്പോൾ ത്രിവിക്രമൻ തമ്പി എന്ന മേലധികാരി ‘നാളെ ഞാൻ നോക്കുമ്പോൾ താൻ സ്ഥാനത്തുണ്ടാവണം’ എന്നായിരുന്നു മറുപടി പറഞ്ഞത്. കുഞ്ഞൻപിള്ള അന്ന് ഇറങ്ങി. മുഖത്തടിച്ചത് പോലെ പറഞ്ഞതോ? ‘ഇനി ഞാൻ എപ്പോൾ അവിടെ ഇരിക്കുമോ അപ്പോൾ നോക്കിയാൽ കാണാം’ എന്നും!
ജന്തുസ്നേഹത്തിൽ ചട്ടമ്പി സ്വാമികൾ ഫ്രാൻസിസ് അസീസിയെ പോലെ ആയിരുന്നു. സ൪പ്പത്തെ ശാസിക്കാനും ഭ്രാന്തൻ നായയെ വരുതിക്ക് നി൪ത്താനും അഹങ്കാരിയായ സ൪ക്കാറുദ്യോഗസ്ഥൻെറ വീട്ടിൽ പട്ടികളെ തൻെറ കൂട്ടുകാരായി വിശേഷിപ്പിച്ച് വിഖ്യാതമായ പട്ടിസദ്യക്ക് വഴിയൊരുക്കാനും സ്വാമികൾക്ക് കഴിഞ്ഞിരുന്നു. അന്ന് ആ ഉദ്യോഗസ്ഥന് നായ്ക്കളെ പരിചയപ്പെടുത്തിയതിൽ തെളിഞ്ഞ ധ൪മബോധവും എടുത്തു പറയണം. ‘ഇവരൊക്കെ കഴിഞ്ഞ ജന്മത്തിൽ തന്നെപ്പോലെ ഉയ൪ന്ന ഉദ്യോഗസ്ഥരായിരുന്നു. ക്രൂരതയും കൈക്കൂലിയും ഹേതുവായി പട്ടികളായി ജനിച്ചതാണ്’!
സ്വാമിയുടെ ക്രിസ്തുമതഛേദനവും വേദാധികാരനിരൂപണകൃതികളും സവിശേഷ ശ്രദ്ധ ആക൪ഷിക്കുന്നു. ആദ്യത്തേത് അക്കാലത്തെ മിഷനറിമാ൪ക്കുള്ള മറുപടിയാണ്. ‘ക്രിസ്തുമതസാരം’ സ്വാമികൾ ഗ്രഹിച്ചതിലുള്ള ചില പോരായ്മകൾ ‘ചേദന’ത്തെ ബാധിച്ചിട്ടുണ്ടെങ്കിലും പൊതുവെ ആധുനികക്രൈസ്തവ വേദ ശാസ്ത്രജ്ഞരിൽ ഗണ്യമായ ഒരു വിഭാഗത്തിന് പരാതി ഉണ്ടാകാൻ ഇടയില്ലാത്ത രചനയാണ് അത്. രചിക്കപ്പെട്ട സാഹചര്യത്തിൽനിന്ന് നോക്കിയാൽ ആ കൃതി മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ വിഭാഗത്തിൽ ഭൃഗുരാമകഥയും നമ്പൂതിരിമാരുടെ അവകാശവാദങ്ങളും വിമ൪ശ വിധേയമാക്കുമ്പോഴും യുക്തിബദ്ധങ്ങളായ ഇതേ സരണിയാണ് സ്വാമികൾ പിന്തുടരുന്നത്. വൈക്കം സത്യഗ്രഹം നടക്കുമ്പോൾ വൈക്കത്ത് ഉയ൪ന്ന ആവശ്യം വഴിനടക്കാൻ അനുവദിക്കണമെന്നതായിരുന്നു. സ്വാമികൾ അന്നേ പറഞ്ഞു, ക്ഷേത്ര വഴിയെ നടന്നാൽ പോരാ, ക്ഷേത്രത്തിൽ കയറാനും അനുവാദം ഉണ്ടാകണം. പിന്നെയും ഒരു ദശാബ്ദം കഴിയേണ്ടി വന്നു അത് സംഭവിക്കാൻ. എങ്ങനെ നോക്കിയാലും യുഗപ്രഭാവൻ എന്നേ സ്വാമികളെ വിവരിക്കാനാവൂ എന്ന് പറയാതെ വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.