കുടിവെള്ളവും കായലും സായിപ്പിന് തീറെഴുതാനുള്ളതല്ല -ടി.എന്‍.പ്രതാപന്‍

പൂച്ചാക്കൽ: കുടിവെള്ളവും കായലും സായിപ്പിന് തീറെഴുതിവെക്കാനുള്ളതല്ലെന്ന് ടി.എൻ. പ്രതാപൻ എം.എൽ.എ. കുടിവെള്ളം കിട്ടാക്കനിയായ ഇക്കാലത്ത് ടൂറിസത്തിൻെറ പേരിൽ സായിപ്പിനെ കുളിപ്പിക്കാൻ കുടിവെള്ളം നൽകുന്നതും നിയമലംഘനത്തിലൂടെ കായലുകളിൽ സായിപ്പുമാ൪ക്ക് താമസിക്കാൻ അനധികൃത റിസോ൪ട്ട് നി൪മിക്കുന്നതും ജനവിരുദ്ധ നടപടിയാണ്. പെരുമ്പളം ദ്വീപിൽ വേമ്പനാട്ടുകായൽ-കുടിവെള്ള സംരക്ഷണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായലിനെ തക൪ത്ത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കി റിസോ൪ട്ടുകൾ നി൪മിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ ഹൈകോടതിയും സുപ്രീംകോടതിയും നിലപാട് എടുത്തിട്ടും റിസോ൪ട്ട് ഉടമകളെ സംരക്ഷിക്കാൻ രംഗത്തുവന്ന എം.എൽ.എമാരുടെ നടപടി ശരിയായില്ല. ചില എം.എൽ.എമാ൪ തെറ്റ് തിരുത്താൻ തയാറായത് സ്വാഗതാ൪ഹമാണ്.
നെടിയതുരുത്തിൽ കാപ്പിക്കോ നടത്തുന്ന അനധികൃത നി൪മാണം പൊളിച്ചുനീക്കുക, പെരുമ്പളം ദ്വീപ് വാസികളുടെ കുടിവെള്ളം സംരക്ഷിക്കുക, മുഴുവൻ പ്രദേശങ്ങളിലും പൈപ്പുലൈൻ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു കൺവെൻഷൻ. 
ജനങ്ങളുടെ വോട്ട് വാങ്ങി ജനപ്രതിനിധികളായവ൪ ജനതാൽപര്യം സംരക്ഷിക്കാതെ സമ്പന്ന പക്ഷത്തേക്ക് പോകുന്നത് ലാഭംനോക്കിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം നേതാവ് എം.എം. ലോറൻസ് പറഞ്ഞു. അഞ്ചേക്ക൪ സ്ഥലത്തിൻെറ രേഖയിൽനിന്ന് വ്യാജ പ്രമാണമുണ്ടാക്കി 11.5 ഏക്ക൪ സ്ഥലമാക്കി മാറ്റി. ഉദ്യോഗസ്ഥ൪ക്ക് കൈക്കൂലി നൽകി നിയമവിരുദ്ധമായി 21 ഏക്കറാക്കി തുരുത്തിനെ മാറ്റിയെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോ൪ജ് ആരോപിച്ചു. കായലിലെ എല്ലാ നിയമലംഘന നി൪മാണങ്ങളും പൊളിച്ചുനീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവ് നടപ്പാക്കണം.
പി.എം. സുഗതൻ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ കായൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.കെ. പ്രസാദ്, ജയൻ കാളിപ്പറമ്പ്, യു.കെ. ഗോപാലൻ, ജി.കെ. പിള്ള, ഡോ. സി.എം. ജോയി, അഡ്വ. ടി.ബി. മിനി, പി.കെ. വേണുഗോപാലൻ, കെ.കെ. കുഞ്ഞാപ്പു, പുരുഷൻ ഏലൂ൪, എം. രാമചന്ദ്രൻ, എൻ.എം. മുഹമ്മദാലി, ഗിരീഷ് ഗോപിനാഥ്, എസ്. ബാലകൃഷ്ണൻ, അബു കൊച്ചുവെളി, എ.വി. പരമേശ്വരൻ, പി.എൻ. ബാബു, കെ.കെ. ബാലകൃഷ്ണൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.