മുംബൈ: രൂപയുടെ വിലയിടിവ് ഇന്ത്യൻ പ്രീമിയ൪ ലീഗ് ഫ്രാഞ്ചൈസികളുടെയും ഇന്ത്യൻതാരങ്ങളുടെയും നെഞ്ചിടിപ്പേറ്റുന്നു. ഐ.പി.എല്ലിൽ ഇന്ത്യൻ താരങ്ങൾക്ക് ഇന്ത്യൻ രൂപ നിരക്കിലും വിദേശ താരങ്ങൾക്ക് ഡോള൪ നിരക്കിലുമാണ് മൂന്ന് വ൪ഷത്തേക്കുള്ള കരാറിൽ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് ഇന്ത്യൻ താരങ്ങളെ കാര്യമായി ബാധിക്കും.
കരാ൪ ഉറപ്പിച്ച 2011ൽ ഒരു ഡോളറിന് 46 എന്നതായിരുന്നു രൂപയുടെ മൂല്യം. എന്നാൽ മെയ് മാസം തുടക്കത്തിൽ ഇത് 54ലേക്കും പിന്നീട് കൂപ്പുകുത്തി 65ലും എത്തി നിൽക്കുന്നു. ഇതുപ്രകാരം പ്രമുഖ ഇന്ത്യൻ താരങ്ങൾക്ക് പ്രതിഫലത്തുകയിൽ വൻ കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ, ഡോളറിൽ പ്രതിഫലം വാങ്ങുന്ന വിദേശതാരങ്ങൾക്കാണ് രൂപയുടെ തക൪ച്ച ആശ്വാസമാവുന്നത്. അവ൪ക്ക് കരാ൪ കാലാവധി തീരുംവരെ നിശ്ചിത പ്രതിഫലം ഡോളറിൽ തന്നെ കൈമാറണം. ഇത് ഫ്രാഞ്ചൈസികൾക്കാണ് ഇരുട്ടടിയാവുന്നത്.
ഐ.പി.എല്ലിലെ വിലയേറിയ താരങ്ങളായ ചെന്നൈ സൂപ്പ൪കിങ്സ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതംഗംഭീ൪ എന്നിവ൪ക്ക് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിഫലത്തുകയിൽ 40 ശതമാനത്തോളമാണ് കുറവ് വരിക. ഇതുവഴി കോടികളാണ് നഷ്ടം.
2011 താരലേലത്തിന് മുമ്പ് വന്ന ചട്ട പ്രകാരം മൂന്ന് വ൪ഷത്തേക്കാണ് താരങ്ങളും ഫ്രാഞ്ചൈസികളും തമ്മിലുള്ള കരാ൪. ഡോളറിന് 46 രൂപ കണക്കാക്കിയുള്ള ധാരണയിൽ നാല് ഘട്ടങ്ങളായാണ് പണം നൽകുന്നത്.
15 ശതമാനം സീസണിന്‍്റെ തുടക്കത്തിലും 50 ശതമാനം മെയ് ഒന്നിന് മുമ്പായും നൽകും. ചാമ്പ്യൻസ് ലീഗ് ട്വന്‍്റി20ക്ക് മുമ്പായി ബാക്കി തുകയിൽ 15 ശതമാനവും നവംബ൪ ഒന്നിന് മുമ്പായി അവസാന ഗഡുവായ 20 ശതമാനവും നൽകുമെന്നുമാണ് വ്യവസ്ഥ. ഈ രീതിയിൽ അവസാന 35 ശതമാനം പ്രതിഫലതുക ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുക രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ കാലയളവിലാണ്. 2011ലെ കരാറിൽ 24 ലക്ഷം ഡോള൪ വിലയിൽ (ഡോളറിന് 46 രൂപ) ഗംഭീറിന് ലഭിക്കേണ്ടത് 11.04 കോടി രൂപയാണെങ്കിൽ അന്ന് പത്തു ലക്ഷം ഡോള൪ പ്രതിഫലം നിശ്ചയിച്ചിട്ടുള്ള വിദേശതാരം ഗ്ളെൻ മാക്സ്വെല്ലിന് രുപയുടെ വിലത്തക൪ച്ചയിൽ (ഡോളറിന് 65 രൂപ) ഏതാണ്ട് 6.5 കോടിരൂപ പ്രതിഫലം ലഭിക്കും. ഗംഭീ൪ കൊൽക്കത്ത ടീമിന്‍്റെ ക്യാപ്റ്റനായിരുന്നുവെങ്കിൽ പകരക്കാരുടെ ബെഞ്ചിലിരുന്ന് ഐ.പി.എൽ പൂ൪ത്തിയാക്കിയ മാക്സ്വെല്ലിന് ഇടിവ് ലോട്ടറിയായി.
രൂപത്തക൪ച്ചയെ തുട൪ന്നുണ്ടായ നഷ്ടത്തോട് താരങ്ങൾ വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. ഏറെ നഷ്ടമുണ്ടായിട്ടുണ്ടെന്ന സമ്മതിച്ച പ്രമുഖ ഇന്ത്യൻ താരങ്ങളിലൊരാൾ ഇപ്പോൾ കിട്ടിയ തുകയിൽ സന്തോഷവാനാണെന്നും അറിയിച്ചു.
അടുത്ത ലേല സീസണിൽ ഈ കാര്യം ശക്തമായി ഉന്നയിക്കുമെന്നായിരുന്നു വള൪ന്നുവരുന്ന യുവതാരങ്ങളിലൊരാളുടെ ഏജന്‍്റിന്‍്റെ മറുപടി. രൂപയുടെ വിലത്തക൪ച്ച പരിഗണിക്കുമ്പോൾ ചെലവ് 15 ലക്ഷം രൂപയിലധികം വ൪ധിക്കുമെന്നാണ് പ്രമുഖ ഫ്രാഞ്ചൈസിയുടെ പ്രതിനിധി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.