വീണ്ടും കാളയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

തൃശൂ൪: വടക്കേ ബസ്സ്റ്റാൻഡിൽ കാളയുടെ ആക്രമണത്തിൽ രണ്ടുപേ൪ക്ക് പരിക്കേറ്റു. അമല മെഡിക്കൽ കോളജിലെ പി.ജി വിദ്യാ൪ഥിനിയും ചങ്ങനാശേരി വാഴൂ൪ സ്വദേശിനിയുമായ ഗീതു ഗംഗാധരൻ (26), തൃശൂ൪ എ.ആ൪ ക്യാമ്പിലെ പൊലീസുകാരനായ ദാസ് ഫെ൪ണാണ്ടസ് (25) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കാളയുടെ ആക്രണത്തെത്തുട൪ന്ന് ഗീതു റോഡിലേക്ക് തെറിച്ചുവീണു. ഒപ്പം ദാസിനുനേരെയും ആക്രമണമുണ്ടായി. പേരാമംഗലം  സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ടി.വി. അബ്്ദുൽ അസീസാണ് പരിക്കേറ്റ ഗീതുവിനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. ഗീതുവിൻെറ കൈയിലെ സഞ്ചിയിലുണ്ടായിരുന്ന കുപ്പികൾ റോഡിൽ ചിന്നിച്ചിതറി. രക്ഷാപ്രവ൪ത്തനത്തിനിടെ, ചില്ലുതട്ടി അബ്ദുൽ അസീസിനും പരിക്കേറ്റു. ഗീതുവിൻെറ ഇടതുകൈയുടെ എല്ലൊടിഞ്ഞിട്ടുണ്ട്. ദാസിന് തോളെല്ലിനാണ് പരിക്ക്.
ഇതിനുമുമ്പും കാളയുടെ ആക്രമണത്തിൽ നിരവധി പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. 
നഗരത്തിൽ അലഞ്ഞുതിരിയുന്ന കാളകൾ യാത്രക്കാ൪ക്ക് ഭീഷണിയാവുകയാണ്. ആഴ്ചകൾക്കുമുമ്പ്, വടക്കേ സ്റ്റാൻഡിൽ അലഞ്ഞുതിരിയുന്ന കാളകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ബസ് ഇടിച്ച് ഒരു കാളക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവയെ പിടിച്ചുകെട്ടാനോ സംരക്ഷിക്കാനോ കോ൪പറേഷൻ ശ്രദ്ധിക്കുന്നില്ല. ഈ കാളകളുടെ ഉടമാവകാശം സംബന്ധിച്ച് ത൪ക്കം നിലനിൽക്കുന്നതാണ് കാരണം. കഴിഞ്ഞ തൃശൂ൪ പൂരവുമായി ബന്ധപ്പെട്ട് ഇക്കാര്യം ച൪ച്ചയായിരുന്നു. ഇവയെല്ലാം വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നട തള്ളിയ കാളകളാണെന്ന നിലപാടാണ് കോ൪പറേഷൻ സ്വീകരിച്ചത്. എന്നാൽ, തങ്ങളുടേതല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ വാദിച്ചു. ഇതോടെ കോ൪പറേഷൻ നിഷ്ക്രിയത്വത്തിലേക്ക് മാറി. രാത്രി ബസ് സ്റ്റാൻഡുകളിലും പച്ചക്കറി മാ൪ക്കറ്റ് പരിസരത്തും മറ്റുമാണ് കാളകൾ തമ്പടിക്കുന്നത്. പകൽ അലഞ്ഞ് നടക്കുന്ന കാളകൾ വാഹനങ്ങൾ ഹോൺ മുഴക്കുമ്പോൾ പരിഭ്രമിച്ച് ഓടുകയും വഴിയാത്രക്കാ൪ക്ക് പരിക്കേൽക്കുകയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.