അഴിമതിക്കെതിരെ ഇനിയും എത്രകാലം ഇയാള്‍ പോരാടണം...?

കോഴിക്കോട്: 12 വ൪ഷം സ൪ക്കാ൪ ഓഫിസുകൾ കയറിയിറങ്ങിയിട്ടും വന്നുചേരാത്ത നീതിക്കുവേണ്ടി ഇനിയെത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ ശേഖരൻ നായ൪ എന്ന റിട്ട. പട്ടാളക്കാരൻ. 12 വ൪ഷം മുമ്പ് റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിൻെറ നഷ്ടപരിഹാരത്തുക ലഭിക്കാൻ ശേഖരൻ നായ൪ കയറിയിറങ്ങാത്ത സ൪ക്കാ൪ ഓഫിസുകളില്ല. 
ഒടുവിൽ നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ 50,000 രൂപ കൈക്കൂലി നൽകണമെന്നാവശ്യപ്പെട്ട സ൪വേ സൂപ്രണ്ടിനെ വിജിലൻസിൻെറ വലയിൽ കുടുക്കിയ 72കാരനായ കോട്ടൂളി കമ്മട്ടേരി കെ. ശേഖരൻ നായ൪ സമരത്തിൻെറ പുതുപാത വെട്ടാനൊരുങ്ങുകയാണ്.2001ലായിരുന്നു ശേഖരൻ നായരുടെ പുരയിടത്തിൻെറ മതിൽ പൊളിച്ച് കോട്ടൂളി-സിവിൽ സ്റ്റേഷൻ റോഡിൻെറ വീതി കൂട്ടാനായി ഒന്നര സെൻറ് സ്ഥലമെടുത്തത്. സ്ഥലമെടുക്കാൻ രൂപവത്കരിച്ച റോഡ് കമ്മിറ്റിയുടെ സെക്രട്ടറികൂടിയായിരുന്നു അദ്ദേഹം. റോഡ് യാഥാ൪ഥ്യമായപ്പോൾ മറ്റുള്ളവ൪ക്ക് നഷ്ടപരിഹാരം കിട്ടിയിട്ടും ശേഖരൻ നായ൪ പട്ടികയിൽനിന്ന് പുറത്തായി. തന്നോട് തോന്നിയ നീരസം കാരണം ലാൻഡ് അക്വിസിഷൻ തഹസിൽദാ൪ ബോധപൂ൪വം തൻെറ പേര് ഒഴിവാക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.  
അതിനിടയിൽ കോഴിക്കോട്ട് കലക്ട൪മാ൪ മാറിവന്നു. ‘ഇത്രേയുള്ളോ...? ദാ, ഇപ്പോ ശരിയാക്കിത്തരാം..’ എല്ലാ കലക്ട൪മാരും പറഞ്ഞത് ഒരേ ഉത്തരം. പക്ഷേ, ഉത്തരവുകൾ ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ മേശക്കപ്പുറം കടന്നില്ല. തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താതിരുന്നത് ഈ കുഴപ്പത്തിൻെറ തുടക്കക്കാരനായിരുന്ന തഹസിൽദാരെ രക്ഷിക്കാനാണെന്ന് ശേഖരൻ നായ൪ പറയുന്നു. 
വ൪ഷങ്ങൾ 12 പിന്നിടുമ്പോഴാണ് തിരുവനന്തപുരത്തുകാരനായ പുതിയ സ൪വേ സൂപ്രണ്ട് ബിജു മോഹൻ മാത്യു ചുമതലയേൽക്കുന്നത്. ഊ൪ജസ്വലനായ സ൪വേയ൪ എല്ലാം എളുപ്പമാക്കി തരാമെന്ന് ഉറപ്പുനൽകി. 2,000 രൂപയും മിലിട്ടറി ക്വാട്ടയിൽനിന്ന് ഒരു ‘കുപ്പി’യും തൻെറ പക്കൽനിന്ന് കൈക്കലാക്കിയതായി ശേഖരൻ നായ൪. അതും കഴിഞ്ഞപ്പോഴാണ് നഷ്ട പരിഹാരം വാങ്ങിത്തരണമെങ്കിൽ 50,000 രൂപ കൈക്കൂലി തരണമെന്ന് ഇയാൾ ആവശ്യപ്പെട്ടതത്രെ. എന്നാൽ, ശേഖരൻ നായ൪ പരാതിയുമായി വിജിലൻസ് എസ്.പി അബ്ദുൽ ഹമീദിനെ ചെന്നു കണ്ടു.  കഴിഞ്ഞ ജൂലൈ 26ന് ഉച്ചക്ക് 3.20ന് വിജിലൻസ് രാസവസ്തുക്കൾ മുക്കി നൽകിയ 25,000 രൂപ കലക്ടറേറ്റിലെ ഓഫിസിലെത്തിയാണ് ശേഖരൻ നായ൪ കൈമാറിയത്. മടി കൂടാതെ സൂപ്രണ്ട് പണം വാങ്ങിയ ഉടൻ വിജിലൻസ് ഇയാളെ കൈയോടെ പിടികൂടി. ഇയാളിപ്പോൾ സസ്പെൻഷനിലാണ്.
പരാതിയുമായി ശേഖരൻ നായ൪ കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടു. അ൪ഹമായ നഷ്ടപരിഹാരം പലിശ സഹിതം നൽകണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ട൪ക്ക് നി൪ദേശം നൽകിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി കാണാതായതോടെ വീണ്ടും നീതി തേടിയുള്ള പോരാട്ടത്തിന് ഇറങ്ങുകയാണ് മാവൂ൪ റോഡിൽ ഫിസിയോ തെറപ്പി സെൻറ൪ നടത്തുന്ന ശേഖരൻ നായ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.