ന്യൂദൽഹി: ഇന്ത്യൻ മരുന്ന് നി൪മാണ കമ്പനികളെ ബഹുരാഷ്ട്ര കമ്പനികൾ ഏറ്റെടുക്കുന്നതും ഈ മേഖലയിൽ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കൊണ്ടുവരുന്നതും വിലക്കണമെന്ന് പാ൪ലമെൻറിൻെറ സ്ഥിരം സമിതി ശിപാ൪ശ ചെയ്തു.
ഒൗഷധനി൪മാണ മേഖലയിൽ കൂടുതൽ എഫ്.ഡി.ഐ കൊണ്ടുവരാൻ സ൪ക്കാ൪ ശ്രമിക്കുന്നതിനിടയിലാണ് സഭാസമിതിയുടെ ശിപാ൪ശ. ജനറിക് മരുന്നുകൾ ഉൽപാദിപ്പിക്കുന്നവരെ ബഹുരാഷ്ട്ര കുത്തക കമ്പനികൾ വിഴുങ്ങുന്നതിൽ സഭാ സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ജനറിക് മരുന്നുകളുടെ ഉൽപാദനത്തിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. പ്രതിവ൪ഷം 42,000 കോടി രൂപയുടെ ജനറിക് മരുന്നുകളാണ് കയറ്റുമതി ചെയ്യുന്നത്. ഈ വിപണി കീഴടക്കാൻ ബഹുരാഷ്ട്ര കുത്തകകൾ മത്സരിക്കുകയാണ്.
2006-07 മുതൽ ഇതുവരെ വിദേശ സ്ഥാപനങ്ങൾ വലിയ വില നൽകി ഇന്ത്യയിലെ ഏഴു മരുന്ന് ഉൽപാദക കമ്പനികൾ വാങ്ങുകയുണ്ടായി. രോഗികൾ കൂടുതൽ വിലകൊടുത്ത് മരുന്നു വാങ്ങേണ്ടി വരുന്നതാണ് ഇതിൻെറ ഫലം. ഈ സാഹചര്യത്തിലാണ് ഒൗഷധനി൪മാണ മേഖലയിൽ പ്രത്യക്ഷ വിദേശ നിക്ഷേപം പൂ൪ണമായി വിലക്കണമെന്ന് സമിതി ശിപാ൪ശ ചെയ്തത്. എന്നാൽ, പുതിയ ഒൗഷധനി൪മാണങ്ങളിൽ പ്രത്യക്ഷ വിദേശ നിക്ഷേപം വരുന്നത് വിലക്കേണ്ടതില്ല.
രോഗികൾക്ക് മരുന്നുകുറിക്കുന്ന ഡോക്ട൪മാ൪ കുറഞ്ഞ ചെലവിൽ വാങ്ങാൻ കഴിയുന്ന വിധം മരുന്നിൻെറ പൊതുനാമം കുറിപ്പടിയിൽ എഴുതണമെന്ന് നിയമവ്യവസ്ഥ കൊണ്ടുവരണമെന്നും ശാന്തകുമാ൪ അധ്യക്ഷനായ സ്ഥിരംസമിതി ശിപാ൪ശ ചെയ്തു. കമ്പനികളുടെ ബ്രാൻഡ് നാമം എഴുതി, നി൪മാണക്കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കുന്ന രീതിയാണ് ഡോക്ട൪മാ൪ സ്വീകരിക്കുന്നത്.
യഥാ൪ഥ മരുന്നിൻെറ പേറ്റൻറ് കാലാവധി കഴിഞ്ഞാണ് പൊതുവായ രൂപത്തിൽ ജനറിക് മരുന്ന് വിപണിയിൽ വിൽക്കുക. ബ്രാൻഡ് ചെയ്യപ്പെട്ട മരുന്നുകൾക്കും ജനറിക് മരുന്നുകൾക്കും തമ്മിൽ വിലയിൽ വലിയ അന്തരമുണ്ടെന്ന് സഭാ സമിതി ചൂണ്ടിക്കാട്ടി. ചില മരുന്നുകളുടെ കാര്യത്തിൽ 80-85 ശതമാനം വരെയാണ് വിലവ൪ധന. സാധാരണക്കാ൪ക്ക് കുറഞ്ഞ വിലക്ക് മരുന്നു കിട്ടാൻ ജനറിക് നാമം കുറിപ്പടിയിൽ എഴുതുന്നത് സഹായകമാവുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.