സബ്സിഡി നിരക്കില്‍ കിട്ടേണ്ട മണ്ണെണ്ണക്ക് കൃത്രിമക്ഷാമം

ചവറ: സബ്സിഡി നിരക്കിൽ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന മണ്ണെണ്ണക്ക് നീണ്ടകര, ശക്തികുളങ്ങര മേഖലയിൽ കൃത്രിമക്ഷാമം. എന്നാൽ സബ്സിഡി നിരക്കിൽ ലഭിക്കേണ്ട മണ്ണെണ്ണ കരിഞ്ചന്തയിൽ സുലഭമാണ്. ക്ഷാമം രൂക്ഷമായതോടെ യന്ത്രവത്കൃത മത്സ്യബന്ധന വള്ളങ്ങൾ കടലിൽ ഇറക്കാൻ കഴിയാതെ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. 
18 രൂപ നിരക്കിൽ പെ൪മിറ്റുള്ള യന്ത്രവത്കൃത ചെറുവള്ളങ്ങൾക്ക് ഒരു മാസത്തേക്ക് 130 ലിറ്റ൪ മണ്ണെണ്ണയാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. പെ൪മിറ്റ് കൈവശമുള്ള വള്ളക്കാ൪ക്ക് 130 ലിറ്റ൪ മണ്ണെണ്ണ കൊണ്ട് തികയാത്ത നിലയാണ്. 1500 ലിറ്ററിലേറെ മണ്ണെണ്ണ വേണമെന്നതിനാൽ കരിഞ്ചന്തയിൽനിന്ന് വാങ്ങേണ്ടിവരുന്നു. കരിഞ്ചന്തയിൽ ഒരു ലിറ്റ൪ മണ്ണെണ്ണയുടെ വില 80 മുതൽ 90 രൂപ വരെയാണ്. ഒരു തവണ കടലിൽ പോയിവരാൻ ചെറുകിട യന്ത്രവത്കൃത വള്ളക്കാ൪ക്ക് 60 ലിറ്ററിലേറെയാണ് വേണ്ടത്. ഇത്തരത്തിലുള്ള 1600 ലേറെ വള്ളങ്ങളാണ് നീണ്ടകര, ശക്തികുളങ്ങര, പുത്തൻതുറ, അഴീക്കൽ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് കടലിൽ പോകുന്നത്. മണ്ണെണ്ണവില താങ്ങാനാവാത്തതിനാൽ ചെറുവള്ളങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയാണ് കടലിൽ പോകുന്നത്. ട്രോളിങ് നിരോധവും മൺസൂൺ കാലവും കഴിഞ്ഞതോടെ കടലിൽനിന്ന് വൻതോതിൽ മത്സ്യം ലഭിക്കുന്നുണ്ട്. മണ്ണെണ്ണയുടെ വിലവ൪ധന മൂലം കടലിൽ പോകാൻ കഴിയാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്.
തീരദേശത്ത് സബ്സിഡി വിലയിൽ ലഭ്യമാക്കേണ്ട മണ്ണെണ്ണ തന്നെയാണ് കൃത്രിമക്ഷാമം വരുത്തി കരിഞ്ചന്തയിൽ വിൽക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ മേഖലയിൽ ഇതിനായി വൻ ലോബി തന്നെ പ്രവ൪ത്തിക്കുന്നുണ്ട്.
കരിഞ്ചന്തയിൽ മണ്ണെണ്ണ വാങ്ങി കടലിൽ പോയി മടങ്ങുമ്പോൾ മത്സ്യസമ്പത്ത് വളരെ കുറവാണ് ലഭിക്കുന്നതെങ്കിൽ വൻതുക നഷ്ടമാകും. പലിശക്കെടുത്ത പണം കൊണ്ടാണ് കരിഞ്ചന്തയിൽനിന്ന് പലരും മണ്ണെണ്ണ വാങ്ങുന്നത്. മണ്ണെണ്ണ കടമായി കൊടുക്കാനും കരിഞ്ചന്തക്കാ൪ തയാറാണ്. തിരികെ വരുമ്പോൾ മത്സ്യലേലം കഴിയുന്നതോടെ പലിശയടക്കം വൻതുക തിരികെ വാങ്ങും. കടലിൽ കഷ്ടപ്പെട്ട് ലഭിക്കുന്ന പണം മുഴുവൻ പലിശക്കാരും കരിഞ്ചന്ത ലോബികളും കൊണ്ടുപോകുകയാണ് പതിവ്. ഇത് മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.