വേങ്ങര: പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഹസീനാ ഫസലിനെ മാറ്റി പകരം സീനിയോറിറ്റിയുള്ള മറ്റൊരംഗത്തെ പ്രസിഡൻറാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് വാ൪ഡംഗങ്ങൾ പാ൪ട്ടി പഞ്ചായത്ത് കമ്മിറ്റിക്ക് നൽകിയ കത്ത് പരിഗണനക്കെടുത്തതായി സൂചന. ശനിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്തിലെ മുഴുവൻ വാ൪ഡംഗളെയും വേങ്ങര പഞ്ചായത്ത് കമ്മിറ്റി ഓഫിസിലേക്ക് വിളിപ്പിച്ച് അടച്ചിട്ട മുറിയിൽ ഓരോരുത്തരോടായി അഭിപ്രായമാരാഞ്ഞതായാണ് വിവരം.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രതിനിധി ഉൾപ്പെടെ മണ്ഡലം പ്രസിഡൻറ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നതസമിതിയാണ് അംഗങ്ങളെ ഓരോരുത്തരെയായി വിളിപ്പിച്ച് പ്രശ്നങ്ങൾ ആരാഞ്ഞത്. 13 മുസ്ലിം ലീഗ് അംഗങ്ങളും ഒരു റിബലും സ്വതന്ത്രനുമുൾപ്പെടെ 15 മുസ്ലിം ലീഗ് അംഗങ്ങളിൽ പ്രസിഡൻറ് കെ.പി. ഹസീനാ ഫസൽ ഒഴികെയുള്ള 14 പേരും പ്രസിഡൻറിനെ മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നൽകിയതായി നേരത്തെ ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. മുതി൪ന്ന വാ൪ഡംഗം ഖദീജാബിയെ പ്രസിഡൻറാക്കണമെന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്.
ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി ഉംറ ആവശ്യാ൪ഥം വിദേശത്തായതിനാൽ അദ്ദേഹം തിരികെ വന്നശേഷം തീരുമാനമുണ്ടാകുമെന്നും വാ൪ഡംഗങ്ങൾ പറഞ്ഞിരുന്നു. അതേസമയം, മുസ്ലിം ലീഗിൻെറ പഞ്ചായത്തംഗങ്ങളാരും ഇങ്ങനെ ഒരുമാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ലെന്നും പ്രസിഡൻറ് മാറ്റത്തെക്കുറിച്ചോ പകരം പ്രസിഡൻറിനെ കുറിച്ചോ പാ൪ട്ടിയിൽ ച൪ച്ച നടന്നിട്ടില്ലെന്നും അതുസംബന്ധമായി വന്ന പത്രവാ൪ത്തകൾ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടി ലീഗ് വേങ്ങര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സി.പി. മുഹമ്മദ് പത്ര പ്രസ്താവന നൽകിയിരുന്നു.
എന്നാൽ, ചില മുസ്ലിം ലീഗ് അംഗങ്ങൾ പ്രസിഡൻറ് കെ.പി. ഹസീനാ ഫസലിനെ മാറ്റി പകരം ഖദീജാബിയെ പ്രസിഡൻറാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഉംറ കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ലീഗ് വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. ിലവിലുള്ള പ്രസിഡൻറിനുപകരം 21ാം വാ൪ഡംഗം ഖദീജാബിയെ പ്രസിഡൻറാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും മുസ്ലിം ലീഗ് വാ൪ഡംഗങ്ങൾ എല്ലാവരും ഖദീജാബിയെ പിന്തുണക്കുന്നവരല്ലെന്നാണറിവ്. വാ൪ഡംഗങ്ങളുടെ നിലപാട് ശനിയാഴ്ച ചേ൪ന്ന രഹസ്യയോഗത്തിൽ തുറന്നു പറഞ്ഞതായാണ് വിവരം.
ഖദീജാബിയെ പിന്തുണക്കാത്തവ൪ മറ്റൊരു അംഗത്തെ ഉയ൪ത്തിക്കൊണ്ടുവരികയാണെങ്കിൽ കോൺഗ്രസിനുകൂടി സമ്മതനായ ഒരാളെയായിരിക്കും ഈ വിഭാഗം കണ്ടെത്തുക. അങ്ങനെയെങ്കിൽ വേങ്ങര പഞ്ചായത്ത് രാഷ്ട്രീയം കലങ്ങി മറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ലീഗ് നേതൃത്വത്തിൽപ്പെട്ടവ൪ തന്നെ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.