നാലാംമൈലില്‍ ഭൂമി താഴ്ന്ന് ഗര്‍ത്തം രൂപപ്പെട്ടു

കട്ടപ്പന: ചിന്നാ൪ നാലാംമൈലിൽ ഭൂമി 30 അടി താഴ്ന്ന് ഗ൪ത്തം രൂപപ്പെട്ടു. നാലുദിവസം മുമ്പ് ഇവിടെ ഭൂമിക്കടിയിൽനിന്ന് കലങ്ങിയ വെള്ളം മുഴക്കത്തോടെ പുറത്തേക്ക് ഒഴുകിയിരുന്നു.
കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ ചിന്നാ൪ നാലാംമൈലിലാണ് തുട൪ച്ചയായി ഭൗമ പ്രതിഭാസം. ഇവിടുത്തെ ലക്ഷംവീട് കോളനി അങ്കണവാടിക്ക് മുകൾഭാഗത്ത് താമസിക്കുന്ന കൈലാമഠത്തിൽ കെ.ആ൪. രാജപ്പൻെറ പുരയിടത്തിലാണ് ഭൂമി താഴ്ന്ന് ഗ൪ത്തം രൂപം കൊണ്ടത്.
15 അടി വ്യാസത്തിൽ 30 അടി താഴ്ചയിലേക്കാണ് ഭൂമി താഴ്ന്ന് ഗ൪ത്തം രൂപപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഭൂമി താഴ്ന്നുണ്ടായ ഗ൪ത്തത്തിൻെറ നാല് വശങ്ങളിൽനിന്ന് നേരിയ തോതിൽ മണ്ണിടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത് സമീപവാസികളിൽ ആശങ്ക പരത്തിയിരിക്കുകയാണ്. ഗ൪ത്തത്തിന് മുകൾ ഭാഗത്തായി വലിയ ഒരു പാറയുണ്ട്.
മണ്ണിടിച്ചിൽ തുട൪ന്നാൽ പാറ ഇളകി ഉരുണ്ട് വൻ അപകടം ഉണ്ടാകാനിടയുണ്ട്. 40 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഭൂമി താഴ്ന്ന സ്ഥലത്തിന് 125 അടി താഴെയായി കഴിഞ്ഞ ദിവസം ഭൂമിക്കടിയിൽ നിന്ന് വൻ ജലപ്രവാഹം ഉണ്ടായിരുന്നു. മുഴക്കത്തോടെ വെള്ളം കലങ്ങി അതിശക്തിയായി ദ്വാരത്തിലൂടെ പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു.
ഈ പ്രതിഭാസം ഇപ്പോഴും തുട൪ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഭൂമി താഴ്ന്നത്.
 ഭൂമിയുടെ ഉള്ളിൽ മ൪ദം കൂടിയതിനെ തുട൪ന്ന് ചളിയും വെള്ളവും പുറത്തേക്ക് ഒഴുകി ഉള്ളിൽ പൊള്ളയായ ഭാഗം രൂപപ്പെട്ടതുമൂലം മണ്ണ് താഴേക്ക് ഇരുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ജില്ലാ ജിയോളജിസ്റ്റ് പി.വി. ജ്യോതിസ്കുമാ൪ പറഞ്ഞു.
ഭൗമ പാളികൾക്ക് ചലനമുണ്ടാകുന്നത് മൂലവും ഇങ്ങനെ സംഭവിക്കാം. വിദഗ്ധ പഠനത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.
അപകട സാധ്യത കണക്കിലെടുത്ത് അങ്കണവാടിക്ക് അവധി നൽകുകയും നാലുകുടുംബങ്ങളെ മാറ്റി പാ൪പ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുട൪ന്ന് നിരവധി പേ൪ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അപകടമുണ്ടാകാതിരിക്കാൻ നാട്ടുകാ൪ ഇവിടെ വേലികെട്ടി തിരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.