മൂവാറ്റുപുഴയാര്‍ തീരത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍

തലയോലപ്പറമ്പ്: കാലവ൪ഷം കലിതുള്ളുമ്പോൾ മൂവാറ്റുപുഴയാ൪ സമീപകാലത്തൊന്നും കാണാത്തവിധം കരകവിഞ്ഞൊഴുകി. തീരദേശവാസികളായ നൂറുകണക്കിന് കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയാണ്.
നിരവധി വീടുകളും വൃക്ഷങ്ങളും തക൪ന്നു. വള൪ത്തുമൃഗങ്ങളും കാ൪ഷിക വിളകളും ഒഴുക്കിൽപെട്ടു. മറവന്തുരുത്ത്, ചെമ്പ്, വെള്ളൂ൪, തലയോലപ്പറമ്പ് പഞ്ചായത്തുകളിലായി ആയിരത്തിലധികം വീടുകളിൽ വെള്ളം കയറി. വൃക്ഷങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി -ടെലിഫോൺ ബന്ധങ്ങളും റോഡുകളിൽ വെള്ളം കയറി ഗതാഗതവും തടസ്സപ്പെട്ടതോടെ ജനജീവിതം നിശ്ചലമായി. വടയാ൪ പുഞ്ചത്തറയിൽ ശിവദാസൻെറ വീട് ചൊവ്വാഴ്ച പുല൪ച്ചെ തക൪ന്നുവീണു. വെട്ടിക്കാട്ടുമുക്ക് ഗവ. തടി ഡിപ്പോയിലെ തടികൾ ഒഴുകിപ്പോയി. തലയോലപ്പറമ്പ് -വൈക്കം, തലയോലപ്പറമ്പ് -കോരിക്കൽ, പാലാം കടവ് -ടോൾ റോഡുകളിൽ വെള്ളം കയറി ഗതാഗതം നി൪ത്തിവെച്ചു. തലയോലപ്പറമ്പ്, മറവന്തുരുത്ത്, വെള്ളൂ൪, ചെമ്പ് പഞ്ചായത്തുകളിലെ കടത്തുവള്ളങ്ങളും യാത്രകൾ നി൪ത്തിവെച്ചു.
വെട്ടിക്കാട്ടുമുക്കിലെ വടകര കയ൪ സഹകരണ സംഘം,  മറവന്തുരുത്ത് ചുങ്കത്തെ കയ൪ സഹകരണ സംഘം, വടകര അങ്കണവാടി, ഇളംകാവ് ദേവീക്ഷേത്രം, അറുപതിൽ പോസ്റ്റോഫിസ്, ഇളംകാവ്, സെൻറ് ലൂയിസ്, ഇടവട്ടം എന്നിവിടങ്ങളിലെ എൽ.പി സ്കൂളുകൾ എന്നിവിടങ്ങളിൽ വെള്ളം കയറി. മറവന്തുരുത്തിലെ മണലേൽ, കുളങ്ങര കോളനികളിലെ മുഴുവൻ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കുന്ന മറവന്തുരുത്തിലെ രണ്ട് ഇരുട്ടുകുത്തി വള്ളങ്ങളുടെയും പരിശീലനത്തുഴച്ചിൽ തടസ്സപ്പെട്ടു. കുത്തിമറിഞ്ഞൊഴുകുന്ന മൂവാറ്റുപുഴയാറിലൂടെ വലിയ വൃക്ഷക്കമ്പുകളും കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങളും മറ്റും ഒഴുകുന്നതിനാൽ പുഴയിലൂടെ വള്ളത്തിനും ബോട്ടുകൾക്കും യാത്ര ചെയ്യാൻ കഴിയുന്നില്ല. മഴമൂലം തൊഴിലാളികളുടെ പണിയും മുടങ്ങിയതിനാൽ ഗ്രാമീണ മേഖലയിൽ ഒരുമാസമായി ദുരിതം താങ്ങാവുന്നതിനും അപ്പുറമായിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.