കൽപറ്റ: സമ്പൂ൪ണ പലിശ സബ്സിഡി ഉറപ്പുവരുത്തി കുടുംബശ്രീ ക൪ഷക സംരംഭങ്ങൾ മുഖേന സംഘകൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതി തുടങ്ങി. നബാ൪ഡും കനറാ ബാങ്കും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് ഇതു നടപ്പാക്കുന്നത്.
1000 കൂട്ടുത്തരവാദിത്ത സംഘങ്ങൾ മുഖേനയാണ് ആദ്യഘട്ടത്തിൽ ബാങ്ക് വായ്പ നൽകി കൃഷി ഇറക്കുന്നത്. നബാ൪ഡിൻെറ മാനദണ്ഡമനുസരിച്ച് നിലവിലുള്ള കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളെ ഗ്രേഡ് ചെയ്തതിനുശേഷം ബാങ്ക് വായ്പ നൽകും. പദ്ധതിപ്രകാരം ഒരാൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കാൻ വ്യവസ്ഥയുണ്ട്. ഒരു വ൪ഷമാണ് കാലാവധി.
വായ്പക്ക് ഏഴ് ശതമാനം പലിശ ഈടാക്കും. അതിൽ അഞ്ച് ശതമാനം കുടുംബശ്രീ ജില്ലാ മിഷനും ഒരു ശതമാനം കൃത്യതയോടെ തിരിച്ചടക്കുന്നവ൪ക്ക് ബാങ്ക് ഇളവും അനുവദിക്കും. ബാക്കിവരുന്ന ഒരു ശതമാനത്തിന് ജില്ലാ മിഷൻ കൃഷി വ്യാപന പദ്ധതി പ്രകാരം പ്രത്യേകമായി നൽകുന്ന ഏരിയ ഇൻസെൻറീവും, നബാ൪ഡ് സംഘകൃഷിക്ക് നൽകുന്ന ഇൻസെൻറീവായ 2000 രൂപയും വായ്പാ പലിശ ഇനത്തിലുള്ള തിരിച്ചടവിന് ഉപയോഗിക്കാനാവും. ചുരുക്കത്തിൽ പദ്ധതിപ്രകാരം കുടുംബശ്രീ സംഘകൃഷിക്കാ൪ക്ക് പലിശരഹിത വായ്പയാവും.
ആദ്യഘട്ടത്തിൽ പടിഞ്ഞാറത്തറ, മാനന്തവാടി, പയ്യമ്പള്ളി കനറാ ബാങ്ക് ബ്രാഞ്ചുകൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. തുട൪ന്ന് ജില്ലയിലെ 26 സി.ഡി.എസുകൾക്ക് കീഴിലുള്ള സംഘകൃഷിക്കാ൪ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
കുടുംബശ്രീക്ക് നിലവിലുള്ള 3400 സംഘകൃഷി ഗ്രൂപ്പുകളെ ഗ്രേഡ് ചെയ്ത് 1000 സംഘങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. കൂടാതെ ജില്ലയിൽ 685 മാസ്റ്റ൪ ക൪ഷകരെയാണ് സഹായത്തിനായി ഉപയോഗിക്കുന്നത്. 12 ക൪ഷക സഹായ കേന്ദ്രങ്ങൾ ജില്ലയിൽ പുതുതായി ആരംഭിക്കും.
വളം, വിത്ത്, വിപണനം, പിന്തുണാ സംവിധാനം, യന്ത്രവത്കരണം, വൈദഗ്ധ്യ പരിശീലനം എന്നിവ കുടുംബശ്രീ മറ്റ് ഏജൻസികളുമായി സഹകരിച്ച് ഉറപ്പുവരുത്തും -ജില്ലാ കോഓഡിനേറ്റ൪ പി.പി. മുഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.