കാസ൪കോട്: ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന എച്ച്.ഐ.വി എയ്ഡ്സ് ബാധിത൪ക്കുള്ള പോഷകാഹാര വിതരണ പദ്ധതിയിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നി൪ദേശിച്ച അളവിൽ ഭക്ഷ്യധാന്യം നൽകുന്നതിന് പ്രത്യേകാനുമതി നൽകണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം സ൪ക്കാറിനോട് ആവശ്യപ്പെട്ടു.
പദ്ധതി രൂപവത്കരണ ഉത്തരവിൽ സ൪ക്കാ൪ ഒരാൾക്ക് 250 രൂപ നിരക്കിൽ പോഷകാഹാര വിതരണം ചെയ്യണമെന്ന് നിഷ്ക൪ഷിച്ചിട്ടുണ്ട്. എന്നാൽ, ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നി൪ദേശപ്രകാരം പ്രതിമാസം പ്രായപൂ൪ത്തിയായവ൪ക്ക് 15 കിലോഗ്രാം അരി, 1.5 കിലോഗ്രാം വീതം ചെറുപയ൪, കടല എന്നിവയും കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങൾ ഈ അളവിൻെറ നേ൪പകുതിയുമാണ് വിതരണം ചെയ്യുന്നത്. നടപ്പ് വ൪ഷത്തെ പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
ജില്ലയിൽ മൂന്ന് വിതരണ കേന്ദ്രങ്ങളിലൂടെ കഴിഞ്ഞ മാ൪ച്ചിലാണ് അവസാനമായി പോഷകാഹാരം വിതരണം ചെയ്തത്. ജൂലൈയിൽ ഒരു ഗഡു വിതരണം ചെയ്യേണ്ടതായിരുന്നു. ദേശീയതലത്തിൽ ഏറെ പ്രശംസിക്കപ്പെട്ട പദ്ധതി ഇത്തരത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് നടപ്പാക്കിയത്. എച്ച്.ഐ.വി ബാധിതരായ 309 പേ൪ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇതിൽ 175 പേ൪ സ്ത്രീകളും എട്ടു കുട്ടികളും ഉൾപ്പെടുന്നു. ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താറില്ല.
ഈ പദ്ധതി കാര്യക്ഷമമായി തുടരുന്നതിന് സ൪ക്കാറിൻെറ പ്രത്യേകാനുമതി ലഭിക്കുന്നതിന് ഇടപെടലുകൾ നടത്തിവരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.