ഹൈസ്കൂളിന് അനുമതി; തിരുനെല്ലിക്കാര്‍ക്ക് പ്രതീക്ഷ

മാനന്തവാടി: കേന്ദ്ര സ൪ക്കാ൪ രാഷ്ട്രീയ മാധ്യമക് ശിക്ഷാ അഭിയാൻ പദ്ധതിയിലുൾപ്പെടുത്തി തിരുനെല്ലിയിൽ ഹൈസ്കൂൾ സ്ഥാപിക്കാൻ അനുമതി നൽകിയതോടെ പ്രദേശത്തെ ജനങ്ങളുടെ വ൪ഷങ്ങളായുള്ള ദുരിതങ്ങൾക്ക് അറുതിയാകുന്നു. ഗ്രാമപഞ്ചായത്ത് സ്ഥലവും കെട്ടിട സൗകര്യവും നൽകിയാൽ ഈ വ൪ഷംതന്നെ ക്ളാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻെറ ആലോചന. 
സ്ഥലം ലഭ്യമായില്ലെങ്കിൽ അടുത്ത അധ്യയനവ൪ഷം ക്ളാസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃത൪. നിലവിൽ തിരുനെല്ലിയിൽ ഗവ. ആശ്രമം ഹൈസ്കൂൾ പ്രവ൪ത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്തെ വിദ്യാ൪ഥികൾക്ക് കാര്യമായി ഉപകാരപ്പെടുന്നില്ല. തിരുനെല്ലി പ്രദേശത്തെ വിദ്യാ൪ഥികൾ 22 കി.മീ. സഞ്ചരിച്ച് കാട്ടിക്കുളം ഗവ. ഹൈസ്കൂളിലെത്തിയാണ് പഠിക്കുന്നത്. യാത്രാസൗകര്യം കുറവായതിനാൽ രാത്രിയിലാണ് കുട്ടികൾ വീടുകളിലെത്തിയിരുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ കുട്ടികൾ സ്കൂളിൽനിന്ന് തിരിച്ചെത്തുന്നതുവരെ മാതാപിതാക്കൾ ആശങ്കയിലാണ്.  
2011-12ൽ തോൽപെട്ടിയിൽ ഹൈസ്കൂൾ അനുവദിച്ചിരുന്നെങ്കിലും തിരുനെല്ലിക്കാ൪ക്ക് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. അപ്പപ്പാറ വഴി സ്കൂൾ സമയത്ത് തോൽപെട്ടിയിലേക്ക് ബസ് ഇല്ലാത്തതിനാൽ വിദ്യാ൪ഥികൾ തിരുനെല്ലിയിൽനിന്നും തെറ്റ്റോഡിൽ വാഹനമിറങ്ങി തോൽപെട്ടിയിലേക്ക് ബസ് മാറിക്കയറി പോകേണ്ടിവന്നിരുന്നു. ഇതിനാൽ ഏകദേശം 20 കി.മീ. ദൂരം സഞ്ചരിക്കേണ്ടിവരുന്നുണ്ട്. എൽ.പി സ്കൂൾ പഠനം കഴിയുന്നതോടെ യു.പി, ഹൈസ്കൂൾ പഠനത്തിനായി കാട്ടിക്കുളത്തും മാനന്തവാടിയിലെയും സ്കൂളുകളെയാണ് ഇവിടത്തുകാ൪ ആശ്രയിച്ചിരുന്നത്. ഇതിനാൽ എൽ.പി സ്കൂളിനുശേഷം പഠനം നി൪ത്തിയിരുന്ന നിരവധി പേ൪ തിരുനെല്ലിയിലുണ്ട്. പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗത്തിൽപെട്ട കുട്ടികളാണ് ഭൂരിഭാഗവും. 
അരിവാൾ രോഗികൾ ഏറ്റവുമധികമുള്ള പഞ്ചായത്താണ് തിരുനെല്ലി. ഇവിടെ കുട്ടികളിൽ പോലും അരിവാൾ രോഗികളുണ്ട്. ഇവ൪ക്ക് ദീ൪ഘദൂരം യാത്ര ചെയ്ത് പഠനം നടത്താൻ വൻപ്രയാസമുണ്ട്. പുതിയ സ്കൂൾ യാഥാ൪ഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.