പാലക്കാട്: തട്ടിപ്പുകാ൪ക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി രാപ്പകൽ സമരം ആരംഭിച്ചു. കലക്ടറേറ്റിന് മുന്നിൽ പന്തൽകെട്ടി നടത്തുന്ന അനിശ്ചിതകാല സമരം സി.പി.ഐ ദേശീയ നി൪വാഹക സമിതിയംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
സോളാ൪ തട്ടിപ്പിൻെറ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ ഉമ്മൻചാണ്ടിക്ക് കഴിയില്ളെന്നും നാണംകെട്ട് മുഖ്യമന്ത്രിക്കസേരയിൽനിന്ന് ഇറങ്ങേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ രണ്ടാഴ്ച കൂടി കിട്ടിയാൽ സംഭവങ്ങളെല്ലാം കീഴ്മേൽ മറിച്ച് വാദിയെ പ്രതിയാക്കാനാണ് ഉമ്മൻചാണ്ടിയുടെ ശ്രമം. പൊലീസിനെ വെച്ച് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് രണ്ടു വ൪ഷമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. എന്തോ ചീഞ്ഞു നാറുന്നെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. ദിവസം കഴിയുന്തോറും കൂടുതൽ നാറും. പണം നഷ്ടപ്പെട്ട ശ്രീധരൻ നായരുടെ പരാതിയിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. അതേ, ശ്രീധരൻനായ൪ തന്നെ മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ സത്യവാങ്മൂലത്തിൻെറ പേരിൽ ഉമ്മൻചാണ്ടിയെ ചോദ്യം ചെയ്യാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
സ൪വത്ര നാറി ചവിട്ടിപ്പുറത്താക്കുന്ന അവസ്ഥയുണ്ടാക്കുന്നതിന് പകരം അൽപമെങ്കിലും മാനം അവശേഷിച്ചിട്ടുണ്ടെങ്കിൽ ഇറങ്ങിപ്പോകുകയും കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയുമാണ് ഉമ്മൻചാണ്ടി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എൻ. കണ്ടമുത്തൻ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ടി. കൃഷ്ണൻ, എൽ.ഡി.എഫ് ജില്ലാ കൺവീന൪ വി. ചാമുണ്ണി, ബാബു തോമസ്, അഡ്വ. ശ്രീധരൻ, നൈസ് മാത്യു, ടി.എം. ചന്ദ്രൻ, ശിവപ്രകാശ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.